ടെറി വാല്‍ഷ് പരിശീലകസ്ഥാനത്തു തുടരും
Thursday, October 23, 2014 10:43 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലകസ്ഥാനത്തു ഓസ്ട്രേലിയയില്‍ നിന്നുള്ള ടെറി വാല്‍ഷ് തുടരും. ഇന്നലെ ശമ്പളക്കാര്യവും മറ്റുമുയര്‍ത്തി അദ്ദേഹം രാജിക്കത്ത് സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണു നല്കിയിരുന്നു. ടെറി വാല്‍ഷുമായി ജിജി തോംസണ്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരം ഉണ്ടായത്. ശമ്പളവും മറ്റു ആനുകൂല്യവും വര്‍ധിപ്പിച്ചു പുതിയ കരാര്‍ ഉടന്‍ നടപ്പില്‍ വരുത്തുമെന്നു ജിജി തോംസണ്‍ അറിയിച്ചു. നിലവിലെ കരാര്‍ അടുത്തമാസം 19ന് അവസാനിക്കും.

ടെറി വാല്‍ഷ് പരിശീലകസ്ഥാനത്തു തുടരണമെന്നു മുന്‍കാല താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഹോക്കി നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ടെറിയുടെ സാന്നിധ്യം അത്യാവശ്യമാണെന്നാണ് ജിജി തോംസണ്‍ പ്രതികരിച്ചത്. 12 മാസത്തിനിടെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 16 വര്‍ഷത്തിനുശേഷം സ്വര്‍ണം നേടാന്‍ ടെറിയുടെ ശിക്ഷണത്തില്‍ ഇന്ത്യക്കായിരുന്നു. തൊട്ടുമുമ്പ് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടാനും ടീമിനായി. 2016 റിയോ ഒളിമ്പിക്സില്‍ മികച്ച ടീമിനെ അണിനിരത്തുന്നതിനാകും താന്‍ മുന്‍തൂക്കം നല്കുകയെന്നു ടെറി വാല്‍ഷ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.