കുട്ടികളുടെ ദുരിതം ആരു കാണാന്‍?
Saturday, October 25, 2014 10:42 PM IST
സി.കെ. രാജേഷ്കുമാര്‍

കോട്ടയം: സ്കൂള്‍ കുട്ടികളുടെ മത്സരകാലം തുടങ്ങിക്കഴിഞ്ഞു. കലാ, കായിക മത്സരങ്ങളുടെ ദേശീയ, സംസ്ഥാന പോരാട്ടങ്ങള്‍ അരങ്ങു തകര്‍ക്കാനൊരുങ്ങുമ്പോള്‍ അവരെ കാത്തിരിക്കുന്നത് ദുരിതപര്‍വങ്ങള്‍. യാത്രാക്ളേശങ്ങളും നടത്തിപ്പിലെ പോരായ്മകളുമൊക്കെയായിരുന്നു ഇതുവരെ കായിക മേളകളില്‍ പങ്കെടുക്കാന്‍ പോകുന്നവരെ അലട്ടിയിരുന്നെങ്കില്‍ ഇത്തവണ സംസ്ഥാന സ്കൂള്‍ മീറ്റും ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റും അടുത്തടുത്തു വന്നതാണ് കുട്ടികളെ വലയ്ക്കാന്‍ പോകുന്നത്. 2014ലെ സംസ്ഥാന സ്കൂള്‍ മീറ്റ് തീരുമാനിക്കപ്പെട്ടിരിക്കുന്നത് നവംബര്‍ 20 മുതല്‍ 23 വരെയാണ്. തിരുവനന്തപുരമാണ് വേദി. അതിലേറെ പ്രാധാന്യമുള്ള ദേശീയ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് നവംബര്‍ 26 മുതല്‍ 30 വരെയും. വിജയവാഡ ആതിഥ്യമരുളുന്ന ദേശീയ ജൂണിയര്‍ അത്ലറ്റിക്സില്‍ പങ്കെടുക്കുന്നതില്‍ ഭൂരിഭാഗം അത്ലറ്റുകളും സംസ്ഥാന സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്നവരാണ്. കൊടിയ വെയിലത്തു മത്സരിച്ചു തളരുന്ന കുട്ടികള്‍ രണ്ടു ദിവസത്തിനുള്ളില്‍ വിജയവാഡയിലെത്തണം. എങ്കില്‍ മാത്രമേ ദേശീയ ജൂണിയര്‍ മീറ്റില്‍ പങ്കെടുക്കാനാകൂ. കുട്ടികളെ സംബന്ധിച്ച് ഇതു ശാരീരിക പ്രശ്നങ്ങളുണ്ടാക്കുമെന്നു തീര്‍ച്ച. അധികൃതര്‍ക്ക് ഇത് അറിയാന്‍ വയ്യാത്ത കാര്യമല്ല. എന്നിട്ടും ഇത്തരത്തില്‍ തീയതികള്‍ തീരുമാനിച്ചത് എന്തെന്നു വ്യക്തമല്ല. നേരത്തെ നവംബര്‍ 26 മുതല്‍ 29 വരെയായിരുന്നു സംസ്ഥാന സ്കൂള്‍ മീറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ അത് 23ലേക്കു മാറ്റുകയായിരുന്നു. ഇരുന്നൂറോളം അത്ലറ്റുകളാണ് കേരളത്തെ പ്രതിനിധീകരിച്ച് വിജയവാഡയിലെത്തേണ്ടത്. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ഇത്തവണയും കിരീടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയാണുള്ളത്. എന്നാല്‍, മികച്ച തയാറെടുപ്പുകളോടെ എത്തുന്ന ഹരിയാനയുടെയും തമിഴ്നാടിന്റെയും ഉത്തര്‍പ്രദേശിന്റെയുമൊക്കെ കുട്ടികള്‍ക്കു മുന്നില്‍ വിശ്രമമില്ലാത്ത നമ്മുടെ കുട്ടികള്‍ എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നത് ആശങ്കപ്പെടുത്തുന്നു.


സ്കൂള്‍ മീറ്റ് കഴിയുന്ന അന്നു പോയാല്‍ മാത്രമേ ഒരു ദിവസത്തെ തയാറെടുപ്പുകള്‍ക്കുശേഷം 26ന് മീറ്റില്‍ പങ്കെടുക്കാനാകൂ. ഇതു പ്രായോഗികമല്ലെന്നിരിക്കേ, പിറ്റേദിവസം കുട്ടികള്‍ വിജയവാഡയ്ക്കു പോവുകയും വിശ്രമമില്ലാതെ മീറ്റില്‍ പങ്കെടുക്കുകയും ചെയ്യണം. അത്ലറ്റുകള്‍ കുടുത്ത ശാരീരിക, മാനസിക സമ്മര്‍ദത്തിലാവണം മീറ്റിലിറങ്ങേണ്ടത് എന്നു സാരം. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനുള്ള അധികൃതരുടെ ശ്രമം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

സംസ്ഥാന സ്കൂള്‍ മീറ്റ് തീരുമാനിക്കപ്പെട്ടിരിക്കുന്ന നവംബര്‍ 20നു മുമ്പ് സബ്ജില്ലാ റവന്യൂ കായിക മേളകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍, ഇനിയും പല സബ്ജില്ലകളിലും കായിക മേളകള്‍ പൂര്‍ത്തിയായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് ഒരു കാരണം. സ്കൂള്‍ മീറ്റിലേക്ക് 25 ദിവസം മാത്രം അകലമുള്ളപ്പോള്‍ റവന്യൂ ജില്ലാ മത്സരങ്ങള്‍ എങ്ങും തുടങ്ങിയിട്ടില്ല. ഇതിലൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചുവേണം സ്കൂള്‍ മീറ്റിനും ദേശീയ അത്ലറ്റിക്സിനും യോഗ്യത സ്വന്തമാക്കാന്‍. ജൂണിയര്‍ അത്ലറ്റിക്സ് കഴിഞ്ഞ് ഉടനെതന്നെ ദേശീയ സ്കൂള്‍ മീറ്റ് റാഞ്ചിയില്‍വച്ചു നടക്കും. ഡിസംബര്‍ 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലാണ് മീറ്റ് നടത്താന്‍ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടുത്ത തണുപ്പിന്റെ മധ്യത്തിലേക്കാകും കുട്ടികള്‍ ദേശീയ മീറ്റിനായി എത്തേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.