ചെന്നൈയിനെ പൊട്ടിക്കാന്‍ ഡൈനാമോസ്
Saturday, October 25, 2014 10:48 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുല്യശക്തികളുടെ പോരാട്ടം ഇന്ന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍. ലീഗിലെ ആദ്യ ജയം തേടി ഡല്‍ഹി ഡൈനാമോസ് ജയത്തില്‍നിന്നു ജയത്തിലേക്കു കുതിക്കുന്ന ചെന്നൈയിന്‍ എഫ്സിക്കെതിരേ ഇറങ്ങും. രണ്ടു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇരുടീമുകളും തങ്ങളുടെ മൂന്നാമത്തെ മത്സരത്തില്‍ മുഴുവന്‍ പോയിന്റും നേടുക എന്ന ലക്ഷ്യവുമായിട്ടാരിക്കും കളത്തിലെത്തുക. രണ്ടു കളികളില്‍ രണ്ടു ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ചെന്നൈയിനെ പരാജയപ്പെടുത്താനായാല്‍ ഡൈനാമോസിന് ആദ്യ നാലില്‍ ഇടംപിടിക്കാനാകും. കഴിഞ്ഞ മത്സരങ്ങളില്‍ ഡൈനാമോസ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും രണ്ടു മത്സരങ്ങളിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റികോ ഡി കോല്‍ക്കത്തയെ സമനിലയില്‍ തളയ്ക്കാനായത് ഡല്‍ഹിയുടെ ആത്മവിശ്വസം കൂട്ടുന്നുണ്ട്. മികച്ച ഫോമിലുള്ള ചെന്നൈയിന്‍ ജയത്തില്‍നിന്നു ജയത്തിലേക്കു കുതിക്കുകയാണ്. രണ്ടു കളികളില്‍ മികവുറ്റ ജയം ചെന്നൈയിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

അലെസാന്‍ന്ദ്രോ ഡെല്‍ പിയറോ, മാര്‍ട്ടിന്‍ സ്കൂബോ, മാഡ്സ് ജുങ്കര്‍, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ഷൈലോ മലാസ്വതുലംഗ എന്നിവരുടെ മുന്നേറ്റത്തിലാണ് ഡൈനാമോസ് പ്രതീക്ഷവയ്ക്കുന്നത്. ഇതില്‍ സ്കൂബോയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. പ്രതിരോധത്തില്‍ വിം റേമീക്കേഴ്സും അന്‍വര്‍ അലിയും കോട്ടതീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റാലിയന്‍ ടീമിലെ സഹതാരമായിരുന്ന ഡെല്‍ പിയറോയുടെ മുന്നേറ്റത്തെ ചെരുക്കാന്‍ മാര്‍ക്കോ മറ്റെരാസി പരിശീലകന്റെ കുപ്പായം അഴിച്ചുവച്ച് കളത്തിലിറങ്ങാനും സാധ്യതയുണ്ട്.


ചെന്നൈയിന്‍ ആദ്യ സ്ഥാനങ്ങളില്‍നിന്ന് താഴേക്കിറങ്ങാതിരിക്കാനായി കരുത്തുറ്റ പ്രകടനം നടത്തും. ബെര്‍ണാഡ് മെന്‍ഡി, ഗുരുമാംഗി മോയിരംഗതം, മൈക്കില്‍ സില്‍വസ്റ്റര്‍ എന്നിവരുടെ ശക്തമായി പ്രതിരോധ ക്കോട്ട തകര്‍ക്കാന്‍ ഡൈനാമോസ് പാടുപെടും. ബെര്‍ണാഡ് കേരള ബ്ളാസ്റ്റേഴ്സിനെതിരെ ബൈസൈക്കിള്‍ കിക്കിലൂടെ വിജയ ഗോള്‍ കുറിക്കുകയും ചെയ്തിരുന്നു. മധ്യനിര ദ്വയം ബോജന്‍ ജോര്‍ഡിച്ചും ഡെന്‍സണ്‍ ദേവദാസും കളി ഒരുക്കാനും പ്രതിരോധ തീര്‍ക്കാനും പ്രാപ്തരാണ്. എലാനോയുടെ ഗോളടി മികവിലാണ് മറ്റെരാസി പ്രതീക്ഷകള്‍ വയ്ക്കുന്നത്. ഡൈനാമോസിന് ഭീഷണി ഉയര്‍ത്താന്‍ എലാനോയ്ക്കൊപ്പം ബല്‍വന്ത് സിംഗും ജോണ്‍ മെന്‍ഡോസയും ചേരും. മൂവരും കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണു കാഴ്ചവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.