സ്മിത്തിനു സെഞ്ചുറി; ഓസീസിനു പരമ്പര
Saturday, November 22, 2014 11:37 PM IST
മെല്‍ബണ്‍: മധ്യനിര താരം സ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയ നേടി. അഞ്ചുമത്സര പരമ്പരയില്‍ ഓസീസ് ഇപ്പോള്‍ 3-1 നു മുന്നിലാണ്. സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ടുവിക്കറ്റിനു 267, ഓസ്ട്രേലിയ 49 ഓവറില്‍ ഏഴിനു 269.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത് നായകന്‍ എബി ഡിവില്യേഴ്സ് 88 പന്തില്‍ നേടിയ 92 റണ്‍സാണ്. ഡേവിഡ് മില്ലര്‍ 45 റണ്‍സെടുത്തു നായകനു മികച്ച പിന്തുണ നല്കി. ഡിവില്യേഴ്സ് പുറത്തായശേഷം അവസാന 10 ഓവറില്‍ വെറും 52 റണ്‍സ് മാത്രമാണ് നേടാനായത്. വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ക്കു തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും (22 ) ഡേവിഡ് വാര്‍ണറും(4) തുടക്കത്തിലെ കൂടാരം കയറിയതോടെ ഓസീസ് പരുങ്ങി. ഒരുഘട്ടത്തില്‍ അഞ്ചിനു 98 റണ്‍സ് എന്നനിലയില്‍ വലിയ തോല്‍വിയിലേക്കു നീങ്ങിയ കങ്കാരുക്കള്‍ക്കു സ്വപ്നതുല്യ വിജയം സമ്മാനിച്ചത് സ്മിത്ത്-മാത്യു വെയ്ഡ് കൂട്ടുകെട്ടാണ്. ഇരുവരും ആറാംവിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെയ്ഡ് 59 പന്തില്‍ 52 റണ്‍സെടുത്തു. അവസാനമത്സരം നാളെ സിഡ്നിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.