ആത്മവിശ്വാസത്തോടെ കേരളം ദേശീയ ജൂണിയര്‍ മീറ്റിന്
Sunday, November 23, 2014 11:07 PM IST
സ്പോര്‍ട്സ് ലേഖകന്‍

കോട്ടയം: ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള കേരള ടീം നാളെ പുലര്‍ച്ചെ വിജയവാഡയിലേക്കു പുറപ്പെടും. 25 മുതല്‍ 30 വരെയാണ് രാജ്യത്തിന്റെ ഭാവിതാരങ്ങളെ കണ്െടത്തുന്ന ഏറ്റവും പ്രധാന മീറ്റായ ദേശീയ ജൂണിയര്‍ മീറ്റ് നടക്കുന്നത്. കേരളത്തിന്റെ 205 അംഗ ടീമാണ് നാളെ പുലര്‍ച്ചെ പുറപ്പെടുന്നത്. ഡോ. വി.സി. അലക്സാണ് ചീഫ് ഡി മിഷന്‍. അത്ലറ്റുകളുടെ റെയില്‍വേ ടിക്കറ്റുകള്‍ ഉറപ്പായിട്ടുണ്ട്. അണ്ടര്‍, 14, 16, 18, 20 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ മികച്ചതാക്കാന്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തയാറെടുത്തു കഴിഞ്ഞു. ജൂണിയര്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരള താരങ്ങളുടെ ക്യാമ്പ് ഇപ്പോള്‍ പാലക്കാട് നടക്കുന്നുണ്ട്. സ്കൂള്‍ മീറ്റിന് കുട്ടികള്‍ അമിത പ്രാധാന്യം നല്‍കി ജൂണിയര്‍ മീറ്റില്‍നിന്ന് വിട്ടുനില്‍ക്കുമോ എന്ന ആശങ്ക കേരള അത്ലറ്റിക് അസോസിയേഷന് ഉണ്ടായിരുന്നു.

അതുകൊണ്ടാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചതെന്നാണു സൂചന. 130 അത്ലറ്റുകള്‍ ഇന്നലെ വരെ ക്യാമ്പിലെത്തി. ഇന്ന് ബാക്കിയുള്ളവര്‍ കൂടി എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കായികാധ്യാപകരുടെ സമരം മൂലം സംസ്ഥാന സ്കൂള്‍ മീറ്റ് മാറ്റിവച്ചതില്‍ ആശ്വാസത്തിലാണ് ഭൂരിഭാഗം അത്ലറ്റുകളും. കാരണം, ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ വളരെ ആത്മവിശ്വാസത്തോടെയും ആശ്വാസത്തോടെയും പങ്കെടുക്കാം. എന്നാല്‍, ജൂണിയര്‍ മീറ്റില്‍നിന്ന് തിരിച്ചെത്തിയ ഉടനേ സംസ്ഥാന സ്കൂള്‍ മീറ്റിനായി കുട്ടികള്‍ക്കു തയാറാകേണ്ടിവരും.

നേരത്തേ പ്രഖ്യാപിച്ചിരുന്ന മത്സരക്രമപ്രകാരം സംസ്ഥാന സ്കൂള്‍ മീറ്റ് കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ വിജയവാഡയില്‍ നടക്കുന്ന ജൂണിയര്‍ മീറ്റില്‍ കേരളത്തിന്റെ അഭിമാന താരങ്ങള്‍ മത്സരിക്കാനിറങ്ങണമായിരുന്നു. 20നു തുടങ്ങി 23ന് അവസാനിക്കുന്ന മീറ്റ് കഴിഞ്ഞ് പിറ്റേദിവസം തന്നെ വിജയവാഡയ്ക്കു പോയാല്‍ മാത്രമേ കുട്ടികള്‍ക്കു ദേശീയ ജൂണിയര്‍ മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത് അത്ലറ്റുകളുടെ കായികക്ഷമതയെയും പ്രകടനമികവിനെയും പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. പല കുട്ടികളും തങ്ങളുടെ ദയനീയാവസ്ഥയില്‍ ദുഃഖിതരുമായിരുന്നു.


പ്രാധാന്യം ഏതിനെന്നു തിരിച്ചറിയുക

സംസ്ഥാന സ്കൂള്‍ മീറ്റും ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റും അടുത്തടുത്തു വരുന്നതിന്റെ പ്രശ്നങ്ങള്‍ എല്ലാ വര്‍ഷവും നമ്മുടെ അത്ലറ്റുകള്‍ അനുഭവിച്ചിരുന്നു. സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം കുട്ടികളും ജൂണിയര്‍ മീറ്റിലും പങ്കെടുക്കേണ്ടവരാണ്. ഈ ഘട്ടത്തില്‍ ഏതു മീറ്റിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന ചിന്ത പല കുട്ടികളെയും അലട്ടാറുണ്ട്. കായികാധ്യാപകരില്‍ പലരും സ്കൂള്‍ മീറ്റിനു പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടുതന്നെ കുട്ടികളും സ്കൂള്‍ മീറ്റിനു മുന്‍ഗണന കൊടുക്കും. ചാനലുകളുടെയും മറ്റും വെള്ളിവെളിച്ചത്തില്‍ മിന്നിത്തിളങ്ങാനും ഘോരഘോരം പ്രസംഗിക്കാനും അതീവതത്പരരാണല്ലോ നമ്മുടെ കായികാധ്യാപകരില്‍ നല്ലൊരു ശതമാനവും.

സ്കൂള്‍ മീറ്റിനു പ്രാധാന്യം നല്‍കേണ്ട എന്നല്ല, മറിച്ച് അതോടൊപ്പമോ അതില്‍ക്കൂടുതലോ പ്രാധാന്യം അത്ലറ്റുകള്‍ നല്‍കേണ്ടത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സിനു തന്നെയാണ്. ഭാവി ഇന്ത്യയെ കണ്െടത്തുന്ന ഉരകല്ലാണ് ജൂണിയര്‍ നാഷണല്‍സ്. ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് കയറിപ്പറ്റുന്നതിനുള്ള ആദ്യപടി എന്ന നിലയില്‍ ഇവിടത്തെ പ്രകടനം വളരെ നിര്‍ണായകമാണ്. മുന്‍ വര്‍ഷങ്ങളില്‍ പല പ്രധാനപ്പെട്ട സ്കൂളുകളിലെയും കുട്ടികളെ ജൂണിയര്‍ മീറ്റില്‍ പറഞ്ഞയയ്ക്കാതിരുന്ന അവസ്ഥയും നാം കണ്ടതാണ്. ജൂണിയര്‍ മീറ്റില്‍ പങ്കെടുക്കുന്നതിലൂടെ ഗ്രേസ് മാര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കു ലഭിക്കുന്നത്. മറിച്ച്, രാജ്യത്തെ വിവിധ കമ്പനികളില്‍ ജോലി ലഭിക്കാനുള്ള അവസരം കൂടിയാണ്്.

റെയില്‍വേ, ഒഎന്‍ജിസി, സര്‍വീസസ് അധികൃതര്‍ ഈ മീറ്റിനെ പുതിയ താരോദയങ്ങളെ കണ്െടത്തുന്നതിനുള്ള ഉപാധിയായാണ് കാണുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.