മെസിയെ ആരു കൊണ്ടുപോകും?
മെസിയെ ആരു കൊണ്ടുപോകും?
Sunday, November 23, 2014 11:08 PM IST
പതിന്നാലു വര്‍ഷം മുമ്പ്, തന്റെ 13-ാം വയസില്‍ ബാഴ്സലോണയുടെ ഭാഗമായതാണ് ലയണല്‍ മെസിയെന്ന അര്‍ജന്റൈന്‍ താരം. അന്നുമുതല്‍ ഇന്നുവരെ ക്ളബ്ബിനൊപ്പം ഗോളടിച്ചും അവസരമൊരുക്കിയും മെസി ചേര്‍ന്നുനിന്നു. ഹോട്ടലിലെ ഒരു നാപ്കിന്‍ പേപ്പറില്‍ എഴുതിയ കരാറില്‍ത്തുടങ്ങി, തുടര്‍ച്ചയായ നാലു ബാലണ്‍ ഡിയോര്‍ പുരസ്കാരംവരെയെത്തി മെസിയെന്ന സൂപ്പര്‍ താരം.

എന്നാല്‍, ഈ വാരത്തിന്റെ തുടക്കത്തില്‍ മെസി ഒരു യാഥാര്‍ഥ്യം വെളിപ്പെടുത്തി. തന്റെ ഭാവി ബാഴ്സലോണയ്ക്കൊപ്പമാകില്ലെന്ന്. ഒരിക്കില്‍ ബാഴ്സവിട്ടു പോകേണ്ടിവരുമെന്ന ധ്വനി ആ വാക്കുകളിലുണ്ട്. അതൊരു പരമ സത്യമാണ്. കാരണം, ഒരു സൂപ്പര്‍ താരത്തിനും ജീവിതകാലം മുഴുവന്‍ ഒരേ ക്ളബ്ബില്‍ കളിക്കാനാകില്ല. മാഞ്ചസ്റര്‍ യുണൈറ്റഡിനുവേണ്ടി ജീവന്‍ ഉഴിഞ്ഞുവച്ച റയാന്‍ ഗിഗ്സിനെപ്പോലെയാകാന്‍ മെസിക്കാഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

27കാരനായ മെസിയുടെ ഇതുവരെയുള്ള ജീവിതത്തിന്റെ പകുതിയിലധികം കറ്റാലന്‍ മണ്ണിലായിരുന്നു. മൂല്യം ഇടിയുന്നതിനു മുമ്പോ, മൂല്യം ഇടിഞ്ഞുകഴിഞ്ഞോ ബാഴ്സയ്ക്ക് അപ്പുറമുള്ളൊരു ലോകം മെസിക്കുമുണ്ട്. അല്ലെങ്കില്‍ ഗിഗ്സിനെപോലെ പരിശീലകന്റെ കുപ്പായം അണിയേണ്ടിവരും. അതിനൊന്നും നിന്നുകൊടുക്കാന്‍ മെസി തയാറാകില്ലെന്നാണ് ആ മനസുതുറക്കല്‍ നല്കുന്ന സൂചന.

എന്നാല്‍, നിലവില്‍ മെസിയെപ്പോലൊരു താരത്തെ വാങ്ങാന്‍ കെല്‍പ്പുള്ള ക്ളബ്ബുകളുടെ എണ്ണം വിരലില്‍ എണ്ണിയാല്‍ തീരും. മെസിയെ വാങ്ങാന്‍ നിലവില്‍ 250 കോടി യൂറോ മുടക്കേണ്ടിവരുമെന്നാണ് സൂചന. ഗാരെത് ബെയ്ലിനായി റയല്‍ മാഡ്രിഡ് ടോട്ടനത്തിനു നല്കിയതിന്റെ ഒന്നര ഇരട്ടിവരും ഈ തുക. ചൈനീസ് സമ്പന്ന ക്ളബ്ബായ ഗ്വാങ്ഷൂ എവര്‍ഗ്രാന്‍ഡ് മെസിയെ വാങ്ങാന്‍ തയാറായെന്നാണു കേള്‍വി. എന്നാല്‍, മെസിക്ക് യൂറോപ്പിനുള്ളില്‍ കളിക്കാനാണ് താത്പര്യം. അതുകൊണ്ട് ചൈനീസ് വ്യാപാരം ദിവാസ്വപ്നം മാത്രം.

യൂറോപ്പില്‍ നിലവില്‍ മെസിയെ വാങ്ങാന്‍ പണവും സാധ്യതയുമുള്ളത് ഇംഗ്ളീഷ് ക്ളബ്ബുകളായ ചെല്‍സി, മാഞ്ചസ്റര്‍ സിറ്റി, മാഞ്ചസ്റര്‍ യുണൈറ്റഡ്, ഫ്രഞ്ച് ക്ളബ് പിഎസ്ജി, ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക്, സ്പാനിഷ് ക്ളബ് റയല്‍ മാഡ്രിഡ് എന്നിവയ്ക്കാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വേനല്‍ക്കാല കൂടുമാറ്റത്തില്‍ ബാഴ്സലോണയില്‍നിന്ന് സെസ് ഫാബ്രിഗസിനെ ചെല്‍സിയില്‍ എത്തിച്ചതാണ് ഹൊസെ മൌറീഞ്ഞോയെന്ന പറങ്കി പരിശീലകന്‍. ഫാബ്രിഗസുമായുള്ള അടുത്ത സൌഹൃദവും ചെല്‍സി മുതലാളി റൊമാന്‍ അബ്രാമോവിച്ചിന്റെ പണക്കിലുക്കവും മെസിയുടെ മനസുകീഴടക്കിയാല്‍ അര്‍ജന്റൈന്‍ താരം ലണ്ടനില്‍ എത്തും. സൌഹൃദ മത്സരത്തിന് അര്‍ജന്റീനയ്ക്കൊപ്പം മെസി ലണ്ടനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെയും ഫാബ്രിഗസിന്റെയും കാമുകിമാര്‍ രാത്രിവിരുന്ന് ഒന്നിച്ചാഘോഷിച്ചതും ഊഹാപോഹങ്ങള്‍ക്കു വളമേകുന്നു.


ന്യൂകാമ്പില്‍നിന്നു മെസി വിടാനൊരുങ്ങുന്നതിന്റെ ഒരു കാരണം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ ഫാബ്രിഗസ്, ഹൊസെ പിന്റോ എന്നിവരുടെ അഭാവമാണ്. മാഞ്ചസ്റര്‍ സിറ്റിയിലെത്തിയാല്‍ അര്‍ജന്റൈന്‍ താരങ്ങളായ സെര്‍ഹ്യോ അഗ്വെയ്റോ, പാബ്ളൊ സബെലാറ്റ, മാര്‍ട്ടിന്‍ ഡെമിഷെലിസ് എന്നിവരുള്ളതും മെസിയെ ചിന്തിപ്പിക്കുന്നു. ഒപ്പം പരിശീലകന്‍ മാനുവല്‍ പെല്ലെഗ്രിനിയുടെ സാന്നിധ്യവും.

ലൂയിസ് വാന്‍ ഗാലിന്റെ മാഞ്ചസ്റര്‍ യുണൈറ്റഡിന് മെസിയെപ്പോലൊരു താരത്തിന്റെ ആവശ്യമുണ്െടന്നാണ് വിലയിരുത്തല്‍. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും സൌഹൃദ മത്സരത്തിനിറങ്ങിയപ്പോള്‍ മെസിയേക്കാള്‍ ആരാധകര്‍ക്കു പ്രിയം ക്രിസ്റ്യാനോ റൊണാള്‍ഡോയോടായിരുന്നു. റൊണാള്‍ഡോ മുന്‍ യുണൈറ്റഡ് താരമായതും മെസി 2009ലും 2011ലും യുണൈറ്റഡിനെതിരേ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയതും അതിനു കാരണമാണ്. എന്നാല്‍, യുണൈറ്റഡിന്റെ നിലവിലെ സ്ഥിതിയില്‍നിന്നു മാറ്റമുണ്ടാക്കാന്‍ മെസിയെപോലൊരു സൂപ്പര്‍ താര സാന്നിധ്യത്തിനേ സാധിക്കൂ. അതാണ് മെസിയെ യുണൈറ്റഡിനൊപ്പം ചേര്‍ത്തു വായിക്കാന്‍ പ്രേരിപ്പിക്കുന്നതും.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ പിഎസ്ജി മെസിക്കായി വലവിരിച്ചിരുന്നു. എന്നാല്‍, മെസി ആ ഓഫര്‍ സ്നേഹപുരസ്സരം തള്ളി. ഇനിയൊരവസരം വന്നാല്‍ മെസി ചിലപ്പോള്‍ ഡേവിഡ് ലൂയിസ്, തിയാഗോ സില്‍വ, എസക്കിയേല്‍ ലാവേസി, സ്ളാട്ടന്‍ ഇബ്രാഹിമോവിച്ച് തുടങ്ങിയവരുടെ പിഎസ്ജിയിലേക്ക് കൂടുമാറാനുള്ള സാധ്യതയുണ്ട്.

ക്വാളിറ്റിയുള്ള കളിക്കാര്‍ക്ക് എന്നും തന്റെ ടീമില്‍ സ്ഥാനമുണ്െടന്നാണ് മെസിയെക്കുറിച്ച് ചോദിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോസ് ആന്‍സിലോട്ടി പറഞ്ഞത്.

എന്നാല്‍, ബാഴ്സലോണയുടെ ആജന്മശത്രുവായ റയലില്‍ മെസി പോകില്ലെന്നാണ് കറ്റാലന്‍സിന്റെ വിശ്വാസം. കാരണം, ബാഴ്സലോണ ഫുട്ബോള്‍ തട്ടുന്നതു പണത്തിനും പ്രതാപത്തിനുംവേണ്ടിയല്ല.

അവരുടെ കറ്റാലന്‍ സംസ്കാരത്തിനുംവേണ്ടിയാണ്. ആ സംസ്കാരത്തില്‍ 14 വര്‍ഷം ജീവിച്ച മെസി റയലിലേക്കു പോയാന്‍ ബാഴ്സലോണയില്‍ ലഹളയുണ്ടാകും. കാരണം പണ്ട് ലൂയിസ് ഫിഗോ ബാഴ്സയില്‍നിന്നു റയലിലേക്കു ചേക്കേറിയപ്പോള്‍ പന്നിയുടെ തല മൈതാനത്തുവച്ച ചരിത്രം കറ്റാലന്‍സിനുണ്െടന്നതുതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.