ലോകചാമ്പ്യന്‍ ഹാമില്‍ട്ടണ്‍
ലോകചാമ്പ്യന്‍ ഹാമില്‍ട്ടണ്‍
Monday, November 24, 2014 11:54 PM IST
അബുദാബി: അറേബ്യന്‍മണ്ണിലും വെന്നിക്കൊടി പാറിച്ചു ലൂയിസ് ഹാമില്‍ട്ടണ്‍. സീസണിലെ അവസാന ഗ്രാന്‍ഡ്പ്രീയായ അബുദാബി ഗ്രാന്‍ഡ്പ്രീയിലും ആധിപത്യം പുലര്‍ത്തിയാണ് ലൂയിസ് ഹാമില്‍ട്ടണ്‍ എഫ് വണ്‍ ലോകകിരീടം ചൂടിയത്. 2008ലെ ചാമ്പ്യനായിരുന്ന ഹാമില്‍ണ്‍ ഇതോടെ രണ്ടു ലോകകിരീടം നേടുന്ന നാലാമത്തെ ബ്രിട്ടീഷുകാരനുമായി.

അബുദാബിയില്‍ ഹാമില്‍ട്ടന്റെ അശ്വമേധത്തിനു കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നു കരുതിയിരുന്ന മെഴ്സിഡസിലെ സഹഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗിനു 14-മതായി ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 334 പോയിന്റുള്ള ഹാമില്‍ട്ടനു പിന്നില്‍ 317 പോയിന്റോടെ റോസ്ബര്‍ഗിനു രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജീവിതത്തിലെ അനശ്വരനിമിഷങ്ങളിലൊന്നാണിതെന്നായിരുന്നു മത്സരശേഷം ഹാമില്‍ട്ടന്റെ പ്രതികരണം.

ഹാമില്‍ട്ടന്റെ വിജയനിമിഷത്തിനു സാക്ഷിയാകാന്‍ ഗേള്‍ഫ്രണ്ട് നിക്കോളസ് ഷേര്‍സ്വിംഗറും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. യാസ് മരീന സര്‍ക്യൂട്ടില്‍ നടന്ന പകല്‍രാത്രി റേസില്‍ ഉജ്വലതുടക്കമാണ് ഹാമില്‍ട്ടനു ലഭിച്ചത്. ആദ്യലാപ്പ് 1.2 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ ബ്രിട്ടീഷ് താരത്തിനു വെല്ലുവിളിയുയര്‍ത്താന്‍ എതിരാളികള്‍ക്കായില്ല. ബ്രസീല്‍ താരം ഫിലിപ്പെ മാസെയാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്.

പോള്‍ പൊസിഷനില്‍ ഒന്നാമതായിരുന്ന റോസ്ബര്‍ഗിന് അബുദാബിയില്‍ തുടക്കം മുതല്‍ പിഴയ്ക്കുന്നതാണ് കണ്ടത്. ഹൈബ്രിഡ് സിസ്റത്തിനു വന്ന തകാര്‍ അദ്ദേഹത്തിന്റെ മുന്നേറ്റത്തെ ബാധിച്ചു. ഇടയ്ക്കു പിന്‍മാറാന്‍ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് റേസ് പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ജര്‍മന്‍താരം വെളിപ്പെടുത്തി.


ലൂയിസ് ഹാമില്‍ട്ടണ്‍ എന്ന പോരാളി

അടിമുടി പോരാളിയാണ് ലൂയിസ് കാല്‍ ഡേവിഡ്സണ്‍ ഹാമില്‍ട്ടണ്‍. ജീവിതമാണ് ഏറ്റവും വലിയ റേസെന്നു പല അഭിമുഖങ്ങളിലും റേസിംഗ് ട്രാക്കിലെ വേഗക്കാരന്‍ പറഞ്ഞിട്ടുണ്ട്. പിന്നിട്ട കയ്പുനിറഞ്ഞ ജീവിതയാഥാര്‍ഥ്യങ്ങളായിരുന്നു അദ്ദേഹത്തെക്കൊണ്ട് ഇത്തരത്തില്‍ പറയിച്ചത്.

ചരിത്രം തിരുത്തിയ പല താരങ്ങളെയുംപോലെ ദുരിതപൂര്‍ണമായ ബാല്യമായിരുന്നു ഹാമില്‍ട്ടന്റേതും. ബ്രിട്ടനിലെ രണ്ടാംകിടക്കാരെന്നു വിളിക്കപ്പെടുന്ന കറുത്ത ബ്രിട്ടീഷുകാരനായ അച്ഛനും വെള്ളക്കാരിയായ അമ്മയ്ക്കും ജനിച്ച പുത്രന്‍. കരീബിയന്‍ ദ്വീപായ ഗ്രനേഡയില്‍നിന്നും രണ്ടാംവയസില്‍ ലണ്ടനിലെത്തുംമുമ്പേ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു.

പിന്നീട് അച്ഛനും അമ്മയ്ക്കുമൊപ്പം മാറിമാറിയുള്ള ജീവിതം. കറുത്ത വര്‍ഗക്കാരനെന്ന അപമാനം, ഇതെല്ലാമാണ് വേഗതയുടെ രാജകുമാരനെ ഇന്നു കാണുന്ന താരമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.