വീണ്ടും റിക്കാര്‍ഡ് മെസി
വീണ്ടും റിക്കാര്‍ഡ് മെസി
Monday, November 24, 2014 11:55 PM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുള്ള റിക്കാര്‍ഡ് ഇനി ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പേരില്‍. 2004ല്‍ ലാലിഗയില്‍ അരങ്ങേറ്റം കുറിച്ച മെസി 289 കളികളില്‍നിന്ന് 253 ഗോളുകള്‍ നേടി 59 വര്‍ഷം തകര്‍ക്കപ്പെടാതെ നിന്ന റിക്കാര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. സെവിയ്യയ്ക്കെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടിയാണ് മെസി ചരിത്രനേട്ടം സ്വന്തമാക്കിയത്.

മുന്‍ സ്പാനിഷ് താരവും അത്ലറ്റികോ ബില്‍ബാവോയുടെ ഇതിഹാസവുമായിരുന്ന തെല്‍മോ സാരാ സ്ഥാപിച്ച റിക്കാര്‍ഡാണ് മെസിയുടെ ഗോളടിമികവിനു മുന്നില്‍ വഴിമാറിയത്.

1940-1955 സീസണുകളില്‍ അത്ലറ്റികോ ബില്‍ബാവോയില്‍ കളിച്ച തെല്‍മോ 277 മത്സരങ്ങളില്‍നിന്നാണ് 251 ഗോളുകള്‍ അടിച്ചുകൂട്ടിയത്. കഴിഞ്ഞ കളികളില്‍ മോശം പ്രകടനത്തിന്റെ പേരില്‍ വളരെ പഴി കേള്‍ക്കേണ്ടിവന്ന മെസിയുടെ ശക്തമായ തിരിച്ചുവരവു കൂടിയായിരുന്നു ഹാട്രിക് പ്രകടനം. നൂകാമ്പിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍വച്ച് കറ്റാലന്‍ കരുത്തര്‍ സെവിയ്യയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വന്‍ ജയവും സ്വന്തമാക്കി.


സെവിയ്യയ്ക്കെതിരേയുള്ള മത്സരത്തില്‍ മനോഹരമായ ഫ്രീകിക്കിലൂടെയാണ് മെസി ആദ്യഗോള്‍ സ്വന്തമാക്കിയത്. ബോക്സിനു വെളിയില്‍നിന്നെടുത്ത കിക്ക് വളഞ്ഞ് വലയുടെ ഇടതുമൂലയില്‍ വിശ്രമിച്ചു. ഈ ഗോളോടെ മെസി തെല്‍മോക്കൊപ്പമെത്തി. 72-ാം മിനിറ്റില്‍ മെസി നെയ്മറിന്റെ പാസില്‍ ചരിത്രഗോള്‍ കുറിച്ചു. എന്നാല്‍, മെസി ഗോളാഘോഷത്തിനു മുതിര്‍ന്നില്ല. ആറു മിനിറ്റുകള്‍ക്കു ശേഷം മെസി വീണ്ടും വല കുലുക്കി. വഴിയൊരുക്കിയത് നെയ്മര്‍തന്നെ. പന്ത് കൃത്യമായി വലയിലെത്തിച്ച് മെസി റിക്കാര്‍ഡ് സ്വന്തം പേരില്‍ എഴുതി.

2005 മേയില്‍ അല്‍ബാക്റ്റിനെതിരെ ലാ ലിഗയിലെ ആദ്യ ഗോള്‍ കുറിക്കുമ്പോള്‍ മെസിക്കു പതിനേഴ് വയസായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.