വിജയ് ഹസാരെ: കര്‍ണാടക- പഞ്ചാബ് ഫൈനല്‍
Monday, November 24, 2014 11:56 PM IST
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കര്‍ണാടകയും പഞ്ചാബും ഏറ്റുമുട്ടും. ആദ്യസെമിയില്‍ ആവേശകരമായ പോരാട്ടത്തില്‍ ബംഗാളിനെ കീഴടക്കിയാണ് കര്‍ണാടക കലാശപ്പോരിനു യോഗ്യത നേടിയത്. നാളെയാണ് ഫൈനല്‍.

ആറു റണ്‍സിനായിരുന്നു കര്‍ണാടകയുടെ ജയം. സ്കോര്‍: കര്‍ണാടക 50 ഓവറില്‍ ഒമ്പതിന് 268. ബംഗാള്‍ 49.5 ഓവറില്‍ 262നു പുറത്ത്. ആദ്യം ബാറ്റിംഗിനെത്തിയ കര്‍ണാടക സ്റുവര്‍ട്ട് ബിന്നിയുടെ (50) അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ വിനയ് കുമാറിന്റെ (33 പന്തില്‍ 39 നോട്ടൌട്ട്) മിന്നല്‍ പ്രകടനത്തിന്റെയും ബലത്തിലാണ് 268 റണ്‍സ് നേടിയത്. റോബിന്‍ ഉത്തപ്പ (36), കരുണ്‍ നായര്‍ (41) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. 67 റണ്‍സ് നേടിയ സുധീപ് ചാറ്റര്‍ജിയുടെയും 56 റണ്‍സ് നേടിയ മനോജ് തിവാരിയുടെയും കരുത്തില്‍ ബംഗാള്‍ ജയം നേടുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചു. എന്നാല്‍, വാലറ്റത്തെ കര്‍ണാടക ബൌളര്‍മാര്‍ വരിഞ്ഞുകെട്ടിയപ്പോള്‍ ആറു റണ്‍സ് ജയം അവര്‍ക്കൊപ്പം നിന്നു.


ഒഡീഷയെ ഏഴു വിക്കറ്റിനു കീഴടക്കിയാണ് പഞ്ചാബ് ഫൈനലിനെത്തുന്നത്. സ്കോര്‍: ഒഡീഷ 50 ഓവറില്‍ ഏഴിന് 238. പഞ്ചാബ് 48.3 ഓവറില്‍ മൂന്നിന് 244. അരബിന്ദ് സിംഗ് (89), നടരാജ് ബെഹേറ (61) എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് ഒഡീഷ ഇന്നിംഗ്സിന്റെ നട്ടെല്ല്. എന്നാല്‍, അമിതോസ് സിംഗ് (91), മന്‍ദീപ് സിംഗ് (81) എന്നിവര്‍ തിരിച്ചടിച്ചതോടെ പഞ്ചാബ് ജയത്തിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.