റിക്കാര്‍ഡ് മോഹവുമായി മെസി, സിറ്റിക്കു കഠിനം
റിക്കാര്‍ഡ് മോഹവുമായി മെസി, സിറ്റിക്കു കഠിനം
Tuesday, November 25, 2014 11:19 PM IST
ലണ്ടന്‍/നിക്കോസിയ/പാരീസ്: യുവേഫ ചാമ്പ്യന്‍ലീഗിലെ ലീഗ് മത്സരങ്ങള്‍ ഇന്നു രാത്രിയും പുലര്‍ച്ചെയുമായി നടക്കും. പ്രമുഖ ടീമുകളായ ബാഴ്സലോണ, ചെല്‍സി, ബയേണ്‍ മ്യൂണിക്, പാരീ സെന്‍ ഷര്‍മയിന്‍, മാഞ്ചസ്റര്‍ സിറ്റി എന്നിവര്‍ മത്സരങ്ങള്‍ക്കിറങ്ങും. ഇതില്‍ മാഞ്ചസ്റര്‍ സിറ്റി പുറത്തേക്കുള്ള വഴിയിലാണ്.

ഗ്രൂപ്പ് ഇയില്‍ സിറ്റി തങ്ങളുടെ ഹോം മത്സരത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടുകയാണ്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ സിറ്റിക്ക് ഇന്നത്തെ മത്സരം ജീവന്‍മരണ പോരാട്ടമാണ്. തോറ്റാല്‍ സിറ്റി ഏറെക്കുറെ പുറത്താകും.

ചാമ്പ്യന്‍സ് ലീഗിലെ നാലു മത്സരങ്ങളില്‍ നാലു ജയവുമായി പന്ത്രണ്ട് പോയിന്റുള്ള ബയേണ്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. ബുണ്ടസ് ലിഗയിലും ബയേണ്‍ എതിരാളികളെ നിഷ്പ്രഭരാക്കി കുതിപ്പു തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിക്ക് ഇതുവരെ ഒരു ജയംപോലും നേടാനായിട്ടില്ല. രണ്ടു സമനിലയും രണ്ടു തോല്‍വിയുമുള്ള സിറ്റിയുടെ സമ്പാദ്യത്തില്‍ രണ്ടു പോയിന്റ് മാത്രമാണുള്ളത്.

ഓഗസ്റ്റ് 13ന് ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് പരാജയപ്പെട്ടതിനുശേഷം പിന്നീടുള്ള പതിനെട്ടു മത്സരങ്ങളില്‍ ബയേണ്‍ തോല്‍വി രുചിച്ചിട്ടില്ല. മാരകമായ ആക്രമണശേഷിയും പ്രതിഭകളുമുള്ള പെപ് ഗാര്‍ഡിയോളയുടെ ടീമിനെ എങ്ങനെ തളയ്ക്കാനാകുമെന്ന ആലോചനയിലാണ് സിറ്റി മാനേജര്‍ മാനുവല്‍ പെല്ലിഗ്രിനി.

ബയേണിനെതിരെയുള്ള എവേ മത്സരത്തില്‍ സിറ്റി 1-0ന് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സിഎസ്കെഎ മോസ്കോയോട് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍വച്ച് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പെല്ലിഗ്രിനിയുടെ കുട്ടികള്‍ കീഴടങ്ങി. സിഎസ്കെഎ മോസ്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ സസ്പെന്‍ഷന്‍ നേരിടേണ്ടിവന്ന യായ ടുറെയുടെയും ഫെര്‍ണാണ്ടീഞ്ഞോയുടെയും സേവനവും സിറ്റിക്ക് ലഭ്യമാകില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സിഎസ്കെഎ മോസ്കോ, എഎസ് റോമയെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റര്‍ സിറ്റിയെ 2-1ന് പരാജയപ്പെടുത്തിയതിന്റെയും സ്വന്തം സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്നതിന്റെയും ആത്മവിശ്വാസത്തിലാകും റഷ്യന്‍ ക്ളബ് റോമയ്ക്കെതിരെ ഇറങ്ങുക.

പോയിന്റ് നിലയില്‍ റോമയാണ് രണ്ടാം സ്ഥാനത്ത്. റോമ കഴിഞ്ഞ മത്സരത്തില്‍ ബയേണിനോട് എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെട്ടിരുന്നു. അതേപോയിന്റുള്ള മോസ്കോ മൂന്നാം സ്ഥാനത്താണ്.

അതുകൊണ്ട് ഇന്ന് ജയിക്കുന്നവര്‍ രണ്ടാം സ്ഥാനം കൂടുതല്‍ ഉറപ്പിക്കും. ഗ്രൂപ്പ് എഫിലെ ഇന്നത്തെ മത്സരത്തില്‍ ബാഴ്സ സൈപ്രസ് ക്ളബ് അപോയലിന്റെ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ലയണല്‍ മെസിയായിരിക്കും ശ്രദ്ധാ കേന്ദ്രം. കാരണം സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്റെ റിക്കാര്‍ഡ് സ്വന്തം പേരിലാക്കിയ മെസിയെ തേടി ഒരു റിക്കാര്‍ഡ് കൂടി അടുത്തുതന്നെയുണ്ട്. ഇന്ന് മെസി ഒരു ഗോള്‍ കൂടി നേടിയാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാകും.

നിലവില്‍ 71 ഗോളുകളുമായി മെസി, മുന്‍ റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ റൌള്‍ ഗോണ്‍സാലസിനൊപ്പം റിക്കാര്‍ഡ് പങ്കിടുകയാണ്. മെസിയുടെ പ്രധാന എതിരാളി ക്രിസ്റ്യാനോ റൊണാള്‍ഡോ 70 ഗോളുമായി തൊട്ടുപിന്നിലുണ്ട്.


ഇന്നത്തെ മത്സരത്തില്‍ കറ്റാലന്‍ കരുത്തരുടെ എതിരാളികള്‍ സൈപ്രസ് ക്ളബ് അപോയലാണ്. കഴിഞ്ഞ മത്സരത്തില്‍ ബാഴ്സ അയാക്സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. അതിനുശേഷം സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടു ജയവും സ്വന്തമാക്കി. മെസിയുടെയും നെയ്മറുടെയും ഗോളടി മികവ് തന്നെയാണ് ബാഴ്സയെ വ്യത്യസ്തരാക്കുന്നത്. സ്പാനിഷ് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മെസി ഹാട്രിക് നേടിയപ്പോള്‍ രണ്ടു ഗോളിനു വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത നെയ്മര്‍ മികച്ചുനിന്നു.

മൂന്നു ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റുള്ള ബാഴ്സ പിഎസ്ജിക്കു പിന്നിലായി രണ്ടാം സ്ഥാനത്താണ്. അപോയലിന് ഇതുവരെ ഒരു ജയവും നേടാനായില്ല. എന്നാല്‍, സ്വന്തം നാട്ടില്‍വച്ച് കരുത്തരെ പരാജയപ്പെടുത്താമെന്ന മോഹവുമായിട്ടായിരിക്കും സൈപ്രസ് ക്ളബ് എത്തുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പിഎസ്ജി സ്വന്തം ഗ്രൌണ്ടില്‍ വച്ച് അയാക്സുമായി എതിരിടും. കഴിഞ്ഞ കളിയില്‍ പിഎസ്ജി അപോലിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചിരുന്നു. നാലു മത്സരങ്ങളില്‍ മൂന്നു ജയവും ഒരു സമനിലയുള്ള പിഎസ്ജിക്ക് പത്ത് പോയിന്റാണ് അക്കൌണ്ടിലുള്ളത്. രണ്ടു സമനില മാത്രമുള്ള അയാക്സ് മൂന്നാം സ്ഥാനത്തും.

ഗ്രൂപ്പ് ജിയിലെ മത്സരത്തിന് ഒന്നും രണ്ടു സ്ഥാനക്കാരായ ചെല്‍സിയും ഷാല്‍ക്കെയും ഇറങ്ങും. നാലു കളിയില്‍ രണ്ടു ജയവും രണ്ടു സമനിലയുമുള്ള ചെല്‍സിയാണ് ഒന്നാമത്. അത്രതന്നെ മത്സരത്തില്‍നിന്ന് ഒരു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമുള്ള ഷാല്‍കെ അഞ്ചു പോയിന്റുമായി രണ്ടാമതുമാണ്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഹൊസെ മൌറിഞ്ഞോയുടെ ടീം ഷാല്‍കെയുടെ സ്റ്റേഡിയത്തിലാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഷാല്‍കെയെ സ്പോര്‍ട്ടിംഗ് ക്ളബ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയിരുന്നു. ചെല്‍സിയെ പോയിന്റ് നിലയില്‍ താഴെയുള്ള മരിബോര്‍ സമനിലയില്‍ തളച്ചു.

ചെല്‍സിയുടെ കുപ്പായത്തില്‍ ഗോളടിച്ചു കൂട്ടുന്ന സ്പാനിഷ് സ്ട്രൈക്കര്‍ ഡിയൊഗോ കോസ്റ്റയിലാണ് നീലക്കുപ്പായക്കാരുടെ പ്രതീക്ഷകള്‍. ഇന്നത്തെ മത്സരങ്ങളില്‍ ഷാല്‍ക്കെ പരാജയപ്പെടുകയും സ്പോര്‍ട്ടിംഗ് ക്ളബ് പോര്‍ച്ചുഗല്‍ മാരിബോറിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ രണ്ടാം സ്ഥാനം പോര്‍ച്ചുഗല്‍ ക്ളബ്ബിനു ലഭിക്കും. ഗ്രൂപ്പ് എച്ചിലെ മത്സരങ്ങളില്‍ പോര്‍ച്ചുഗീസ് ക്ളബ്ബ് എഫ്സി പോര്‍ട്ടോ, ബള്‍ഗേറിയയുടെ ബേറ്റ് ബോരിസോവിനെ നേരിടും.

മൂന്നു ജയവും ഒരു സമനിലയുമുള്ള പോര്‍ട്ടോ പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഷാക്തര്‍ പോയിന്റ് നിലയില്‍ ഏറ്റവും താഴെയുള്ള അത്ലറ്റിക് ക്ളബ്ബിനെ നേരിടും. രണ്ടു ജയവും രണ്ടു സമനിലയുമുള്ള ഷക്തറിന് എട്ട് പോയിന്റാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.