ബ്ളാസ്റേഴ്സ് ഇന്ന് ഗോവയില്‍
Wednesday, November 26, 2014 11:20 PM IST
മഡ്ഗാവ്: വിജയംതുടരാന്‍ കേരള ബ്ളാസ്റേഴ്സ് ഇന്നു ഗോവ എഫ്സിക്കെതിരേ എവേ മത്സരത്തിന്. ഗോവയുടെ മികച്ച ആക്രമണ നിരയ്ക്കെതിരേ ബ്ളാസ്റ്റേഴ്സ് മികച്ച പ്രതിരോധം തീര്‍ക്കുമ്പോള്‍ മത്സരം ആവേശകരമാകുമെന്നുറപ്പ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ടീമായാണ് സീക്കോ പരിശീലിപ്പിക്കുന്ന ഗോവ വിലയിരുത്തപ്പെടുന്നത്. 10 മത്സരങ്ങള്‍ കളിച്ച അവര്‍ ഇതുവരെ 88 ഗോള്‍ ഷോട്ടുകളാണ് തൊടുത്തത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുന്ന ബ്ളാസ്റേഴ്സ് വിജയത്തോടെ രണ്ടാം സ്ഥാനത്തേക്കുയരാനാണ് ഉന്നമിടുന്നത്. 10 മത്സരങ്ങളില്‍നിന്ന് 19 പോയിന്റുള്ള ചെന്നൈയിന്‍ എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. അത്രയും മത്സരങ്ങളില്‍നിന്ന് 16 പോയിന്റുള്ള കോല്‍ക്കത്ത രണ്ടാമതാണ്.

15 പോയിന്റുമായി കേരളം മൂന്നാമതും. ഇന്നു വിജയിച്ചാല്‍ കേരളത്തിന് സെമി സാധ്യതയേറും. 12 പോയിന്റുള്ള ഗോവ നാലാം സ്ഥാനത്താണ്. ഇന്നു ജയിച്ച് കേരളത്തെ നാലാം സ്ഥാനത്തേക്കു പിന്തള്ളാനാണ് ഗോവയുടെ ശ്രമം. സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയെ 2-1നു പരാജയപ്പെടുത്തിയ കേരളം ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ഗോവയും കഴിഞ്ഞ മത്സരത്തില്‍ ജയം നുകര്‍ന്നു. 2-0ന് പൂന സിറ്റിയെയാണ് ഗോവ പരാജയപ്പെടുത്തിയത്. ലീഗില്‍ മികച്ച എവേ റിക്കാര്‍ഡുള്ള ഒരു ടീമാണ് കേരളമെന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുമെന്ന് മാര്‍ക്കി താരം ഡേവിഡ് ജയിംസ് വ്യക്തമാക്കി. ഹോം മത്സരത്തില്‍ ഗോവയെ പരാജയപ്പെടുത്താനായത് കേരളത്തിനു മേല്‍ക്കോയ്മ നല്‍കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.