സൂപ്പര്‍ കിംഗ്സിനെ പുറത്താക്കണം:സുപ്രീം കോടതി
Friday, November 28, 2014 12:06 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: ഐപിഎലില്‍ നിന്നു ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പുറത്താക്കണമെന്നു സുപ്രീം കോടതി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥതയും നിയന്ത്രണവും ആര്‍ക്കാണെന്നും ഇന്ത്യ സിമന്റ്സിലെ ഓഹരിഘടന എങ്ങനെയെന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ സ്ഥാനവും ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് സ്ഥാനവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഒരേപോലെ എന്തിനാണു വഹിക്കുന്നതെന്നു നിരീക്ഷിച്ച ജസ്റീസുമാരായ ടി.എസ്. ഠാക്കൂര്‍, എഫ്.എം. ഇബ്രാഹീം ഖലീഫുള്ള എന്നിവരുടെ ബെഞ്ച്, ധോണി വഹിക്കുന്നത് ഇരട്ട പദവിയാണെന്നും ശ്രീനിവാസന്‍ ഉടമസ്ഥനായുള്ള കമ്പനിയില്‍ ഇത്രയും വലിയ പദവി വഹിക്കുന്നയാള്‍ ടീം ക്യാപ്റ്റനായിരിക്കുന്നതു ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

ഐപിഎല്‍ വാതുവയ്പും ഒത്തുകളിയും സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റീസ് മുകുള്‍ മുദ്ഗല്‍ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ആരോപണ വിധേയരായവര്‍ക്കെതിരേ നടപടിയെടുക്കണം. അതിനു ആരോപിതരായവര്‍ ചുമതല വഹിക്കുന്ന നിലവിലെ ഭരണസമിതിയല്ല, പുതിയ സമിതിയാണ് വേണ്ടത്. ശ്രീനിവാസനെയും മറ്റ് ആരോപിതരെയും ഒഴിവാക്കി വേണം ബിസിസിഐയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ബിസിസിഐയില്‍ യുവരക്തം കടന്നുവരട്ടെയെന്നും കോടതി നിരീക്ഷിച്ചു. മുദ്ഗല്‍ സമിതി റിപ്പോര്‍ട്ടിന്മേല്‍ അവരാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

മുദ്ഗല്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടാല്‍ അത് ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതിനാല്‍ പുതിയ ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതാവും ഉചിതം. എന്നാല്‍, ഉചിതമായ തീരുമാനമെടുക്കുന്നതില്‍ ബിസിസിഐ വീഴ്ച വരുത്തിയാല്‍ ശിക്ഷ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുദ്ഗല്‍ സമിതിയോട് നിര്‍ദേശിക്കുമെന്നും ജസ്റീസ് ഠാക്കൂര്‍ മുന്നറിയിപ്പ് നല്‍കി. ബിസിസിഐയിലും ശ്രീനിവാസന്റെ നടപടികളിലും സ്ഥാപിത താത്പര്യമാണ് മുന്നില്‍ നില്‍ക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച്, ഐപിഎലിലൂടെയും ബിസിസിഐയിലൂടെയും സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും വിലയിരുത്തി.

ജസ്റീസ് മുകുള്‍ മുദ്ഗല്‍ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ തനിക്കെതിരേ കുറ്റങ്ങളൊന്നും കണ്െടത്തിയിട്ടില്ലെന്നും അതിനാല്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ എന്‍. ശ്രീനിവാസന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി നല്‍കിയത്. മുഗ്ദല്‍ സമിതി തനിക്ക് ക്ളീന്‍ചിറ്റ് നല്‍കിയതാണെന്നതു സ്വന്തം ഊഹാപോഹം മാത്രമാണെന്നു നേരത്തെ തന്നെ നിരീക്ഷിച്ച കോടതി, ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്സിനു ചെന്നൈ സൂപ്പര്‍ കിംഗ്സിലുള്ള ബന്ധത്തെക്കുറിച്ചും അതിന്റെ ഉടമസ്ഥതയിലും സംശയം രേഖപ്പെടുത്തി.

ഇന്ത്യ സിമന്റസ് 400 കോടി രൂപ ചെന്നൈ ടീമിനുവേണ്ടി മുടക്കിയിരിക്കുന്നു. ഇത്രയധികം പണം മുടക്കാന്‍ ആരാണ് അവര്‍ക്ക് നിര്‍ദേശം നല്‍കിയത്. ശ്രീനിവാസന് ഇന്ത്യാ സിമന്റ്സില്‍ എത്ര ശതമാനം ഓഹരിയുണ്െടന്നും കോടതി ചോദിച്ചു. ബിസിസിഐ അധ്യക്ഷനായിരിക്കെ ശ്രീനിവാസന്‍ ഐപിഎല്‍ ടീം സ്വന്തമാക്കിയതു ശരിയാണോ എന്നും കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഇനിയുമുള്ള വാദങ്ങളില്‍ ശ്രീനിവാസനും ടീമും വിശദീകരിക്കേണ്ടി വരും.


കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യ സിമന്റ്സിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലും ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും നിര്‍ണായക പദവിയുണ്െടന്നു ബിസിസിഐ സമ്മതിക്കുകയും ചെയ്തു. മരുമകന് വാതുവയ്പില്‍ പങ്കുണ്െടന്നു കണ്െടത്തിയ സാഹചര്യത്തില്‍ ശ്രീനിവാസന്‍ ബിസിസിഐയില്‍ തുടരുന്നത് മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു തടസമാകും. അതെല്ലെങ്കില്‍ എങ്ങനെ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ടിന്മേല്‍ എങ്ങനെ നടപടിയെടുക്കാനാകുമെന്നു ബിസിസിഐ വ്യക്തമാക്കണമെന്നും കോടതി ആരാഞ്ഞു.

ഇതിന് സസ്പെന്‍ഷന്‍, പുറത്താക്കല്‍, പിഴ ഈടാക്കല്‍ എന്നിവ അച്ചടക്ക സമിതി മുഖേനെ ചെയ്യാമെന്നായിരുന്നു ബിസിസിഐയുടെ മറുപടി. കുറ്റവാളികള്‍ തന്നെയാണോ ശിക്ഷ വിധിക്കാന്‍ പോവുന്നതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. തുടര്‍ന്നാണ് ബിസിസിഐ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത കോടതി മുന്നോട്ടു വച്ചത്. നടപടിയെടുക്കാന്‍ ബിസിസിഐക്കു പുറത്തുള്ള പ്രത്യേക സമിതി രൂപീകരിക്കാമെന്ന് ബിസിസിഐക്കു വേണ്ടി ഹാജരായ ആര്യാമ സുന്ദരം അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ബോര്‍ഡിനു പകരമുള്ള സമിതിയുമായി നടക്കാന്‍ സമയമില്ലെന്ന് ജസ്റീസ് ഠാക്കൂര്‍ മറുപടി പറഞ്ഞു.

ബിസിസിഐയുടെയും ഐപിഎല്ലിന്റെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ പ്രകാരം കുറ്റവാളിയായ ഗുരുനാഥ് മെയ്യപ്പനുമായി അടുത്ത ബന്ധമുള്ള ശ്രീനിവാസനും കുറ്റാരോപിതനാണെന്നു ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക നളിനി ചിദംബരം വാദിച്ചു. അതിനാല്‍ ശ്രീനിവാസന്‍ ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അനുവദിക്കരുത്. ഗുരുനാഥ് മെയ്യപ്പന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ സിമന്റ്സ് കമ്പനി തെറ്റായ വിവരങ്ങളാണ് ബിസിസിഐക്ക് നല്‍കി കൊണ്ടിരുന്നതെന്നും നളിനി ചിദംബരം ചൂണ്ടിക്കാട്ടി. കൂടാതെ, മുദ്ഗല്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്െടത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും സസ്പെന്‍ഡ് ചെയ്യണമെന്നും അവര്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന് വാതുവയ്പില്‍ കൃത്യമായ പങ്കുണ്ട്. ഇക്കാര്യം മുദ്ഗല്‍ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. മെയ്യപ്പന് കമ്പനിയുമായി നേരിട്ടു ബന്ധമില്ലെന്നാണ് ടീം വാദിക്കുന്നത്. എന്നാല്‍, എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് മെയ്യപ്പനല്ലേയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പുറത്താക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സിനും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇനിയും കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ നിര്‍ണായകമാകും. കേസ് വീണ്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.