ദേശീയ ജൂണിയര്‍ മീറ്റില്‍ കേരളം മുന്നില്‍
ദേശീയ ജൂണിയര്‍ മീറ്റില്‍ കേരളം മുന്നില്‍
Saturday, November 29, 2014 11:15 PM IST
വിജയവാഡ: ദേശീയ ജൂണിയര്‍ മീറ്റില്‍ കേരളം നിറഞ്ഞാടിയ ദിവസമായിരുന്ന ഇന്നലെ. എട്ടു സ്വര്‍ണം വാരിക്കൂട്ടിയ നിലവിലെ ചാമ്പ്യന്മാരായ കേരളം മൂന്നാം ദിനം ഹരിയാനയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനവുമായി ശ്രീനിത് മോഹന്‍ കേരളത്തിന്റെ അഭിമാനമായി. ദേശീയ ജൂണിയര്‍ മീറ്റ് മൂന്നു ദിനം പിന്നിടുമ്പോള്‍ 257 പോയിന്റുമായി കേരളം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 227 പോയിന്റും മൂന്നാം സ്ഥാനത്തുള്ള തമിഴ്നാടിന് 194 പോയിന്റുമാണുള്ളത്. ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ പാതി മലയാളി നിഖില്‍ ചിത്തരശിന്റെ പേരിലുള്ള 2.17 മീറ്റര്‍ 2.18 ആക്കി ഉയര്‍ത്തിയാണ് ശ്രീനിത് മോഹന്‍ കേരളത്തിന്റെ അഭിമാനമായി മാറിയത്. വരും കാലങ്ങളില്‍ ഇന്ത്യയുടെ പ്രതീക്ഷയായി ഉയരുന്ന താരമാകും ശ്രീനിത് എന്ന വ്യക്തമായ സൂചനയാണ് വിജയവാഡയില്‍ കണ്ടത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഡല്‍ഹിയുടെ ശക്തി സോളങ്കിയും ഇന്നലെ ദേശീയ റിക്കാര്‍ഡിട്ടു. 20.21 മീറ്റര്‍ ദൂരത്തേക്ക് ഷോട്ടെറിഞ്ഞാണ് സോളങ്കി റിക്കാര്‍ഡിട്ടത്. പഞ്ചാബിന്റെ ജസ്ദീപ് സിംഗിന്റെ പിരിലുള്ള 19.91 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് സോളങ്കി പഴങ്കഥയാക്കിയത്. ജൂണിയര്‍ മീറ്റിലെ നാലാമത്തെ ദേശീയ റിക്കാര്‍ഡാണിത്.

എട്ടു സ്വര്‍ണം, എട്ടു വെള്ളി

കേരളം ഇന്നലെ നേടിയത് എട്ടു സ്വര്‍ണമാണ്. ശ്രീനിതിനെ കൂടാതെ അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ എം. ശ്രീശങ്കര്‍ സ്വര്‍ണം നേടി. ദൂരം-6.96. തമിഴ്നാടിന്റെ ജോണ്‍ ജേക്കബാണ് രണ്ടാം സ്ഥാനത്ത്. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപര്‍ണ റോയിയും (13.40 സെക്കന്‍ഡ്) അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വി.വി. ജിഷയും(56.90) സ്വര്‍ണം സ്വന്തമാക്കി. 400 മീറ്ററില്‍ പശ്ചിമബംഗാളിന്റെ ഫര്‍ഹീനയ്ക്കാണ് വെള്ളി.


അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററിലും കേരളത്തിനുതന്നെയാണ് സ്വര്‍ണം. ഉഷ സ്കൂളിലെ ഷഹര്‍ബാന സിദ്ദിഖ് 59.60 സെക്കന്‍ഡില്‍ 400 മീറ്റര്‍ പൂര്‍ത്തിയാക്കി സ്വര്‍ണമണിഞ്ഞു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 400 മീറ്ററിലും കേരളം സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഉഷ സ്കൂളിലെ തന്നെ ജിസ്ന മാത്യു(55.74) സ്വര്‍ണവും ലിനറ്റ് ജോര്‍ജ്(58.37) വെള്ളിയും നേടി. അണ്ടര്‍ 18ല്‍ നടത്തിയ പ്രകടനത്തേക്കാള്‍ മികച്ചതായിരുന്നു ജിസ്നയുടെ പ്രകടനം.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ മരിയ ജയ്സണ്‍(3.15 മീറ്റര്‍) സ്വര്‍ണവും ഷാനി ഷാജി(3.10) വെള്ളിയും നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ ആശാ സോമന്‍(15:48.53) സ്വര്‍ണം നേടി. അതേസമയം, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ നിധീഷിനു വെള്ളി മാത്രമേ ലഭിച്ചുള്ളൂ.

കേരളത്തിനു വെള്ളി നേടിത്തന്ന മറ്റു താരങ്ങള്‍:. അണ്ടര്‍ 20 ട്രിപ്പിള്‍ ജംപില്‍ എന്‍. പ്രിയ(12.35), അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജംപില്‍ സന്ധ്യ(1.52), അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പി.പി. ഫാത്തിമ(12.76) അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജോസഫ് ജോ(10.94) അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ദിഫ്ന ജോസ്(5.49), അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കെ. രംഗ.

വെങ്കലം നേടിയവര്‍: ജനിമോള്‍ ജോയി(അണ്ടര്‍ 20 ട്രിപ്പിള്‍ ജംപ്, 12.20), ഷില്‍ബി(അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 12.79)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.