ഇന്ത്യ-ഓസ്ട്രേലിയ പരമ്പര മുടങ്ങരുതെന്നു ഹ്യൂസിന്റെ കുടുംബം
Saturday, November 29, 2014 11:16 PM IST
അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ് പരമ്പര മുന്‍നിശ്ചയപ്രകാരം നടക്കണമെന്നാണ് ആഗ്രഹമെന്നു ഫില്‍ ഹ്യൂസിന്റെ കുടുംബം. ഡിസംബര്‍ നാലിനു ഗാബയിലാണ് ആദ്യടെസ്റ് നടക്കേണ്ടത്. ഹ്യൂസിന്റെ മാതാപിതാക്കള്‍ ഒപ്പിട്ട പ്രസ്താവന ദക്ഷിണ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ കീത്ത് ബ്രാഡ്ഷോയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചത്. ദക്ഷിണ ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന എല്ലാ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും നേരത്തെ റദ്ദാക്കിയിരുന്നു.

എന്നാല്‍ ആദ്യ ടെസ്റ് മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഹ്യൂസിനു പരിക്കേല്‍ക്കുമ്പോള്‍ മൈതാനത്തുണ്ടായിരുന്ന ഓസീസ് താരങ്ങളായ ബ്രാഡ് ഹാഡിനും ഡേവിഡ് വാര്‍ണറുമെല്ലാം കനത്ത മാനസിക സമ്മര്‍ദത്തിലാണെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. താരങ്ങളെ കൌണ്‍സലിംഗിനു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ സാന്നിധ്യമാണ് ഈ അവസരത്തില്‍ അത്യാവശ്യമെന്നും ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത് അതുകഴിഞ്ഞു പരിഗണിച്ചാല്‍ മതിയെന്നുമാണ് മുന്‍ നായകന്‍ സ്റീവ് വോ പറയുന്നത്.


അതിനിടെ മരിച്ച ഫില്‍ ഹ്യൂസിന്റെ സ്മരണാര്‍ഥം ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിനു ഹ്യൂസ് ഷീല്‍ഡ് കപ്പ് എന്നു പുനര്‍നാമകരണം ചെയ്യണമെന്നു മുന്‍കാല താരങ്ങളും ക്രിക്കറ്റ് ആരാധകരും ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനു ഉചിതമായതു ചെയ്യുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. ഹ്യൂസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി ആരാധകരും കളിക്കാരും ഇന്നലെ സിഡ്നിയില്‍ ഒത്തുചേര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.