ഷൂട്ടൌട്ടില്‍ കോല്‍ക്കത്ത
ഷൂട്ടൌട്ടില്‍ കോല്‍ക്കത്ത
Thursday, December 18, 2014 11:29 PM IST
മഡ്ഗാവ്: ആദ്യ പാദത്തിലും അധിക സമയത്തേക്കു നീണ്ട രണ്ടാം പാദ സെമിയിലും ഗോള്‍ നേടാന്‍ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കോ ഗോവ എഫ്സിക്കോ സാധിച്ചില്ല. ഗോള്‍ പിറക്കാതിരുന്ന 210 മിനിറ്റ് സെമി പോരാട്ടത്തിന്റെ വിധി ഒടുവില്‍ നിശ്ചയിച്ചത് ഷൂട്ടൌട്ട്. ഒടുവില്‍ ഷൂട്ടൌട്ടില്‍ രണ്ടു കിക്കുകള്‍ പാഴാക്കി ഗോവ തോല്‍വി ഏറ്റുവാങ്ങി. ഇതോടെ ശനിയാഴ്ച നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ സൌരവ് ഗാംഗുലിയുടെ അത്ലറ്റിക്കോ ഡി കോല്‍ക്കത്ത സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കേരള ബ്ളാസ്റേഴ്സിനെ നേരിടും.

ഷൂട്ടൌട്ടില്‍ ഗോവയുടെ ആദ്യ കിക്കെടുക്കാനെത്തിയ ആന്ദ്രേ സാന്തോസിന്റെ ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ ഗാലറിയിലേക്കു പാഞ്ഞു. കോല്‍ക്കത്തയുടെ ആദ്യ കിക്കെടുത്ത ജോസെമിക്കു പിഴയ്ക്കാതിരുന്നപ്പോള്‍ ഗോവ 1-0നു പിന്നില്‍. ഗോവയ്ക്കായി രണ്ടാം കിക്കെടുത്ത ഒസെബിക്കു പിഴച്ചില്ല, 1-1ന് ഇരു ടീമുകളും ഒപ്പം. എന്നാല്‍, മുഹമ്മദ് റാഫി കോല്‍ക്കത്തയെ 2-1നു മുന്നിലെത്തിച്ചു. ഗോവയുടെ മൂന്നാം കിക്കെടുക്കാനെത്തിയ അമിറിക്കും പിഴച്ചു. അമിറിയുടെ ഷോട്ട് പോസ്റിലിടിച്ചു തെറിച്ചു. കോല്‍ക്കത്തയ്ക്കായി മൂന്നാം കിക്ക് ജോഫ്രി വലയിലെത്തിച്ചതോടെ സ്കോര്‍ 3-2. അടുത്ത കിക്ക് ഗോവയ്ക്കായി മിറാന്‍ഡ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍, കോല്‍ക്കത്തയുടെ നിര്‍ണായകമായ നാലാം കിക്ക് വലയിലാക്കി ബോര്‍ജ ടീമിനെ ഫൈനലിലേക്കു നയിച്ചു.

കോല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ശേഷമാണ് അത്ലറ്റിക്കോ ഡി കോല്‍ക്കത്തയും ഗോവ എഫ്സിയും രണ്ടാം പാദ സെമി ഫൈനലിനു കളത്തിലെത്തിയത്. ജയിച്ചാല്‍ ഐഎസ്എല്‍ ഫൈനല്‍ എന്ന സ്വപ്നനേട്ടത്തിലേക്കു പന്തു തട്ടിത്തുടങ്ങിയ ഇരു ടീമുകളും തുടക്കം മുതല്‍ ആക്രമിച്ചു കയറി. രണ്ടാം മിനിറ്റില്‍ത്തന്നെ മന്‍ഡറിലൂടെ ഗോവ ഗോളിലേക്കു ലക്ഷ്യംവച്ചു. മന്‍ഡറിന്റെ ഗോള്‍ ശ്രമം കോല്‍ക്കത്ത ഗോളി എഡലിനു മുന്നില്‍ നിഷ്പ്രഭമായി. മന്‍ഡര്‍-അമിറി കൂട്ടുകെട്ട് തൊട്ടടുത്ത മിനിറ്റിലും ബംഗാള്‍ ടീമിന്റെ പ്രതിരോധത്തെ പരീക്ഷിച്ചു. ഏഴാം മിനിറ്റില്‍ മധ്യനിര താരം റോമിയോയ്ക്ക് ലഭിച്ച അവസരം മുതലാക്കാന്‍ സാധിച്ചില്ല. ബോക്സിനു പുറത്തുനിന്ന് ഗോവന്‍ താരം തൊടുത്ത ഷോട്ട് പുറത്തേക്കു പാഞ്ഞു. ആന്ദ്രേ സാന്തോസിന്റെ കിക്ക് പാഴായതിനു പിന്നാലെ ലഭിച്ച അവസരമാണ് റോമിയോ നഷ്ടപ്പെടുത്തിയത്.

11-ാം മിനിറ്റിലാണ് കോല്‍ക്കത്ത തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. മുഹമ്മദ് റാഫി നല്കിയ പന്തു സ്വീകരിച്ച് സഞ്ജു പ്രദാന്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് തലനാരിഴയ്ക്ക് ക്രോസ് ബാറിനു മുകളിലൂടെ ചീറിപ്പാഞ്ഞു. എന്നാല്‍, ആ ഒരു മിന്നലാട്ടത്തിനുശേഷം വീണ്ടും പന്തിന്റെ നിയന്ത്രണം ആതിഥേയരുടെ കൈകളിലായി. ഇടവിട്ടുള്ള ആക്രമണത്തിലൂടെ കോല്‍ക്കത്ത കളംപിടിക്കാന്‍ ചെറു ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലംകണ്ടില്ല. ആക്രമിച്ചെത്തുന്ന കോല്‍ക്കത്തയെ ബോക്സിനുപുറത്തുവച്ചുതന്നെ ഒതുക്കുക എന്ന തന്ത്രമാണ് സീക്കോയുടെ കുട്ടികള്‍ അവലംബിച്ചത്.


31-ാം മിനിറ്റില്‍ റാഫിയും സഞ്ജുവും ചേര്‍ന്ന് ഗോവന്‍ ഗോള്‍ മുഖത്തേക്ക് ആക്രമിച്ചുകയറി. എന്നാല്‍, ഓടിക്കയറിയ പോഡി ഓഫ് സൈഡില്‍ കുരുങ്ങിയതോടെ ആ ശ്രമവും നിര്‍ജീവം. 38-ാം മിനിറ്റില്‍ മന്‍ഡര്‍ കോര്‍ണര്‍ നേടുന്നതില്‍ വിജയിച്ചു. എന്നാല്‍, ആന്ദ്രേ സാന്തോസ് പന്ത് ക്ളിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. 39-ാം മിനിറ്റില്‍ കോല്‍ക്കത്തയുടെ ബോക്സിനുള്ളില്‍ ഗോവന്‍ തിരമാല വീണ്ടുമെത്തി. സാന്തോസും സ്ളെപികയും ബോക്സിനുള്ളില്‍വരെ കടന്നെങ്കിലും പന്ത് പുറത്തേക്ക് അടിച്ചു കളയുന്നതാണ് കണ്ടത്. 44-ാം മിനിറ്റില്‍ പരിക്കേറ്റ പീറ്റര്‍ കര്‍വാലൊയെ പിന്‍വലിച്ച് ജെ. രാജയെ സീക്കോയ്ക്കു കളത്തിലിറക്കേണ്ടിവന്നു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം ഗോവന്‍ ആക്രമണത്തോടെയാണ് രണ്ടാം പകുതിയും ആരംഭിച്ചത്. റോമിയോയിലൂടെ ഗോവ ഗോള്‍ നേടുമെന്നു തോന്നിപ്പിച്ചു. 56-ാം മിനിറ്റില്‍ ഗോവയുടെ ആന്ദ്രേ സാന്തോസിനെ അര്‍ണാബ് ഫൌള്‍ ചെയ്തെങ്കിലും റഫറി പെനാല്‍റ്റി വിധിച്ചില്ല. 64-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ പെനാല്‍റ്റി. കോല്‍ക്കത്ത താരത്തെ വീഴ്ത്തിയതിനു ഗോവയുടെ മന്‍ഡര്‍ റാവു ദേശായി കാര്‍ഡ് കണ്ടു. 68-ാം മിനിറ്റില്‍ എഡലിന്റെ ഉജ്വല രക്ഷപ്പെടുത്തല്‍ കോല്‍ക്കത്തയുടെ വല കാത്തു.

ഇരു ടീമുകളും എതിര്‍ ഗോള്‍ മുഖത്തുവരെ എത്തുകയും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെടുകയും ചെയ്തതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. അധിക സമയത്തിന്റെ തുടക്കത്തിലും കാര്യങ്ങള്‍ക്കു മാറ്റമുണ്ടായില്ല. ബോക്സിനുള്ളില്‍വരെ പന്ത് എത്തിക്കുന്നതില്‍ ഇരു ടീമുകളും മിടുക്കുകാണിച്ചു. എന്നാല്‍, ഗോള്‍ നേടാന്‍ ആര്‍ക്കുമായില്ല. 102-ാം മിനിറ്റില്‍ മന്‍ഡറിന്റെ നെടുനീളന്‍ ഷോട്ടും ലക്ഷ്യത്തില്‍നിന്ന് മൂളിപ്പറന്നകന്നു.

അധിക സമയത്തും സമനില കുടുക്ക് പൊട്ടിക്കാന്‍ കഴിയാതിരുന്നതോടെ വിധി നിശ്ചയിക്കാന്‍ ഷൂട്ടൌട്ട് വേണ്ടിവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.