ഗാബയില്‍ മുരളീരവം
ഗാബയില്‍ മുരളീരവം
Thursday, December 18, 2014 11:30 PM IST
ബ്രിസ്ബെയ്ന്‍: ഗാബയിലെ പുല്‍മൈതാനത്ത് ഓസീസ് ബൌളിംഗിനുമേല്‍ വിജയുടെ മുരളീരവം. രണ്ടാം ടെസ്റില്‍ ആദ്യ ദിനം മുരളി വിജയിന്റെ സെഞ്ചുറിയുടെ കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയില്‍ ഇന്ത്യ ക്രീസ് വിട്ടു. അര്‍ധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ (75), രോഹിത് ശര്‍മ (26) എന്നിവരാണ് ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ക്രീസില്‍. വിജയുടെ അഞ്ചാം സെഞ്ചുറി, ഓസീസ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ട രണ്ടു ക്യാച്ചുകള്‍, ജോഷ് റെഗിനാല്‍ഡ് ഹസ്ളിവൂഡ് എന്ന 23കാരന്‍ പേസറിന്റെ അരങ്ങേറ്റം... ഗാബ ടെസ്റിന്റെ ആദ്യ ദിനത്തിലെ പ്രധാന സംഭവങ്ങള്‍ ഇത്രമാത്രം.

ഓപ്പണിംഗ് വിക്കറ്റില്‍ മുരളി വിജയ്യും ശിഖര്‍ ധവാനും ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. ഇരുവരും ചേര്‍ന്ന് 13.4 ഓവറില്‍ 56 റണ്‍സ് കണ്െടത്തി. മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ബ്രാഡ് ഹാഡിനു ക്യാച്ച് നല്കി ധവാന്‍ മടങ്ങിയതോടെ പൂജാര എത്തി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, ഉച്ചകഴിഞ്ഞുള്ള സെഷനില്‍ വിരാട് കോഹ്ലിയെയും ചേതേശ്വര്‍ പൂജാരയെയും വീഴ്ത്തി ഹസ്ളിവുഡ് ഓസ്ട്രേലിയയ്ക്കു മേല്‍കൈ നല്കി. എന്നാല്‍, നാലാം വിക്കറ്റില്‍ വിജയ്യും അജിങ്ക്യ രഹാനെയും 124 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ മത്സരം വീണ്ടും ഇന്ത്യയുടെ ഭാഗത്തേക്കു ചരിഞ്ഞു.

175 പന്തുനേരിട്ട് 14 ഫോറിന്റെ അകമ്പടിയോടെയായിരുന്നു മുരളി വിജയ് തന്റെ അഞ്ചാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരേ വിജയിന്റെ നാലാം സെഞ്ചുറിയാണിത്. ഈ വര്‍ഷം ഇംഗ്ളണ്ടിനെതിരേ ട്രെന്‍ഡ്ബ്രിഡ്ജില്‍ നേടിയ സെഞ്ചുറിയാണ് വിജയിന്റെ അക്കൌണ്ടിലുള്ള മറ്റൊരു ശതകം.

അഡ്ലെയ്ഡില്‍ ഒരു റണ്ണിനു സെഞ്ചുറി നഷ്ടപ്പെട്ട വിജയ് ബ്രിസ്ബെയ്നില്‍ ഗിയര്‍ മാറ്റി. ആക്രമിച്ചു കളിച്ച വിജയ് സെഞ്ചുറിയിലേക്കുള്ള അവസാന 23 റണ്‍സ് 18 പന്തില്‍നിന്നാണ് നേടിയത്. ഓഫ് ഡ്രൈവും ഫ്ളിക് ഷോട്ടുകളും മനോഹാരിത പകര്‍ന്ന ഇന്നിംഗ്സിന് ഭാഗ്യത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു. സ്കോര്‍ 36ല്‍ നില്‍ക്കുമ്പോള്‍ വിജയെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഷോണ്‍ മാര്‍ഷ് വിട്ടുകളഞ്ഞിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കി 102ല്‍ നില്‍ക്കുമ്പോള്‍ മാര്‍ഷ് വീണ്ടും ഇന്ത്യന്‍ ഓപ്പണറെ നിലത്തിട്ടു. ഇപ്രാവശ്യവും മിച്ചല്‍ ജോണ്‍സന്റെ പന്തിലായിരുന്നു വിജയ് ക്യാച്ചിനുള്ള അവസരം നല്കിയത്. 332 മിനിറ്റ് ക്രീസില്‍ ചിലവഴിച്ച മുരളി വിജയ് 213ല്‍ പന്തില്‍നിന്ന് 144 റണ്‍സ് നേടിയശേഷമാണ് പവലിയനിലേക്കു മടങ്ങിയത്. 22 തവണ അദ്ദേഹത്തിന്റെ ബാറ്റില്‍നിന്ന് പന്ത് നിലംപറ്റെ ഗബയുടെ അതിര്‍വരമ്പ് ചുംബിച്ചു. എന്നാല്‍, ഒരു സിക്സര്‍ പോലും വിജയുടെ ബാറ്റില്‍നിന്നുണ്ടായില്ല. നഥാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ഹാഡിനു ക്യാച്ച് നല്കിയാണ് വിജയ് പിന്‍വാങ്ങിയത്.


ചേതേശ്വര്‍ പൂജാരയെയും (64 പന്തില്‍ 18 റണ്‍സ്) വിരാട് കോഹ്ലിയെയും (27 പന്തില്‍ 19 റണ്‍സ്) പുറത്താക്കി ഹസ്ളിവുഡ് ടെസ്റ് അരങ്ങേറ്റം ആഹ്ളാദഭരിതമാക്കി. ഇരുവരുടെയും മടക്കം ഇന്ത്യയെ ഉലച്ചു. എന്നാല്‍, വിജയ്-രഹാനെ കൂട്ടുകെട്ട് ഇന്ത്യയെ പിടിച്ചുനിര്‍ത്തി. നാലാം വിക്കറ്റില്‍ വിലപ്പെട്ട 124 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. വിജയ് മടങ്ങിയെങ്കിലും രഹാനെ രോഹിത് ശര്‍മയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ പോരാട്ടം മുന്നോട്ടുനയിച്ചു. അഞ്ചാം വിക്കറ്റില്‍ രഹാനെ-രോഹിത് കൂട്ടുകെട്ട് 50 റണ്‍സ് നേടിയിട്ടുണ്ട്. ബ്രിസ്ബെയ്നിലെ കടുത്ത ചൂടിനെ അതിജീവിച്ചാണ് ഇന്ത്യ ഓസീസ് ബൌളിംഗ് ആക്രമണത്തെ ആദ്യ ദിനം ചെറുത്തുനിന്നത്. പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് ഈ ടെസ്റില്‍ പന്തെറിയാനുണ്ടാകില്ല. ആദ്യ ദിനം സ്മിത്ത് ഉള്‍പ്പെടെ എട്ടു പേര്‍ ആതിഥേയര്‍ക്കായി ബൌള്‍ ചെയ്തു.

സ്കോര്‍ ബോര്‍ഡ്


ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മുരളി വിജയ് സി ഹാഡിന്‍ ബി ലിയോണ്‍ 144, ശിഖര്‍ ധവാന്‍ സി ഹാഡിന്‍ ബി മിച്ചല്‍ മാര്‍ഷ് 24, ചേതേശ്വര്‍ പൂജാര സി ഹാഡിന്‍ ബി ഹസ്ളിവുഡ് 18, വിരാട് കോഹ്ലി സി ഹാഡിന്‍ ബി ഹസ്ളിവുഡ് 19, അജിങ്ക്യ രഹാനെ നോട്ടൌട്ട് 75, രോഹിത് ശര്‍മ നോട്ടൌട്ട് 26, എക്സ്ട്രാസ് 5, ആകെ 83 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311.

ബൌളിംഗ്: മിച്ചല്‍ ജോണ്‍സണ്‍ 15-2-64-0, ഹസ്ളിവുഡ് 15.2-5-44-2, സ്റാര്‍ക്ക് 14-1-56-0, മിച്ചല്‍ മാര്‍ഷ് 6-1-14-1, നഥാന്‍ ലിയോണ്‍ 20-1-87-1, ഷെയ്ന്‍ വാട്സണ്‍ 10.4-5-29-0, ഡേവിഡ് വാര്‍ണര്‍ 1-0-9-0, സ്റീവന്‍ സ്മിത്ത് 1-0-4-0.

കളിയിലെ കണക്ക്

144: മുരളി വിജയ് ഒന്നാം ഇന്നിംഗ്സില്‍ നേടിയ റണ്‍സ്. ഗാബയില്‍ അവസാനമായി ഒരു ഇന്ത്യന്‍ താരം സെഞ്ചുറി നേടിയപ്പോഴും 144 റണ്‍സായിരുന്നു സ്കോര്‍. 2003 ഡിസംബറില്‍ സൌരവ് ഗാംഗുലിയാണ് ഗാബയില്‍ അവസാനമായി സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം.

5: ഉപഭൂഖണ്ഡത്തിനു പുറത്ത് തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരുടെ എണ്ണം ഇതോടെ അഞ്ചായി. സുനില്‍ ഗാവസ്കര്‍, മാധവ് ആപ്തെ, ഗൌതം ഗംഭീര്‍, ശിവ് സുന്ദര്‍ ദാസ്, ഇപ്പോള്‍ മുരളി വിജയും.

311: ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 54 വര്‍ഷത്തിനുശേഷമാണ് ഒരു ടീം ഗാബയില്‍ ഒന്നാം ഇന്നിംഗ്സില്‍ 300 റണ്‍സ് കടക്കുന്നത്.

29: വിദേശത്ത് ഇന്ത്യയെ ധോണി നയിക്കുന്നത് ഇത് 29-ാം തവണ. സൌരവ് ഗാംഗുലിയുടെ (28) റിക്കാര്‍ഡ് ഇനി ധോണിക്കു സ്വന്തം. ഓസ്ട്രേലിയയ്ക്കെതിരേ 12-ാം തവണയാണ് ധോണി നായകനാകുന്നത്. മന്‍സൂര്‍ അലിഖാന്‍ പഡൌഡിയുടെ (11) റിക്കാര്‍ഡും പഴങ്കഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.