സരിതാ ദേവിക്ക് ഒരു വര്‍ഷം വിലക്ക്, കായിക മന്ത്രാലയം അപ്പീല്‍ നല്‍കും
സരിതാ ദേവിക്ക് ഒരു വര്‍ഷം വിലക്ക്, കായിക മന്ത്രാലയം അപ്പീല്‍ നല്‍കും
Thursday, December 18, 2014 11:32 PM IST
ന്യൂഡല്‍ഹി: ബോക്സിംഗ് താരം സരിതാ ദേവിക്ക് വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര ബോക്സിംഗ് അസോസിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സരിതയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനായിരുന്നു എഐബിഎയുടെ തീരുമാനം. എന്നാല്‍, ഇന്ത്യയുടെ കായികമന്ത്രാലയം ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് വിലക്ക് ഒരു വര്‍ഷത്തേക്കായി കുറഞ്ഞത്.

ഒരു വര്‍ഷത്തേക്കുള്ള വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കായിക മന്ത്രാലയം എഐബിഎയ്ക്ക് അപ്പീല്‍ നല്‍കുമെന്ന് കായിക മന്ത്രി സരബാനന്ദ സോനോവല്‍ പറഞ്ഞു. മന്ത്രിയെക്കൂടാതെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ താരം സച്ചിന്‍ തെണ്ടുല്‍ക്കറും രാജ്യത്തെ പല പ്രമുഖരും സരിതയെ പിന്തുണച്ചെത്തിയിരുന്നു. സരിതയുടെ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താന്‍ എഐബിഎ പ്രസിഡന്റിന് കത്ത് എഴുതിയെന്നും മന്ത്രി അറിയിച്ചു. സച്ചിനും കത്തയച്ചിട്ടുണ്ട്.

നിലവിലെ നിയമ പ്രകാരം സരിതയുടെ വിലക്ക് 2014 ഒക്ടോബര്‍ ഒന്നു മുതല്‍ 2015 ഒക്ടോബര്‍ ഒന്നുവരെയാണ്. 1000 സ്വിസ് ഫ്രാങ്ക് പിഴയും നല്‍കണം. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി. പിന്നീട് ഈ മാസം 10ന് മെഡല്‍ സ്വീകരിച്ചിരുന്നു. തന്റെ ചെയ്തിയില്‍ ക്ഷമപണം രേഖപ്പെടുത്തി സരിത തുടര്‍ച്ചയായി എഐബിഎയ്ക്കു കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സരിതയ്ക്കെതിരേയുള്ള വിലക്ക് ലഘൂകരിക്കാന്‍ ഇത് പോരായിരുന്നു. പക്ഷേ, സരിതയ്ക്കെതിരെയുള്ള വിലക്ക് ഒരു വര്‍ഷത്തേക്കു ചുരുങ്ങിയതിനാല്‍ കരിയറിനെ ബാധിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. കണങ്കൈക്കേറ്റ പൊട്ടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ ബോക്സര്‍ വിശ്രമത്തിലും ചികിത്സയിലുമാണ്.


മെഡല്‍ ദാന ചടങ്ങിന്റെ ദിവസം മുതലാണ് സരിതയുടെ വിലക്ക് ആരംഭിക്കുന്നത്, അതായത് ഒക്ടോബര്‍ ഒന്നുമുതല്‍. അവരുടെ കരിയര്‍ അവസാനിപ്പിക്കുന്ന വിധം പേടിച്ചതുപോലെ ആജീവനാന്ത വിലക്ക് ഉണ്ടായില്ലെന്നും 2016ലെ വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ പങ്കെടുക്കുമെന്നും ഇന്ത്യന്‍ ബോക്സിംഗ് പ്രസിഡന്റ് സന്ദീപ് ജാഗോദിയ പറഞ്ഞു. സരിതയുടെ പിഴ ഒടുക്കാന്‍ ബോക്സിംഗ് ഇന്ത്യ സഹായിക്കുമെന്നും ജഗോദിയ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.