ബ്രിസ്ബെയിന്‍ ടെസ്റ്: ഓസീസ് തിരിച്ചടിക്കുന്നു
ബ്രിസ്ബെയിന്‍ ടെസ്റ്:  ഓസീസ് തിരിച്ചടിക്കുന്നു
Friday, December 19, 2014 11:20 PM IST
ബ്രിസ്ബെയിന്‍: അതികായരുടെ വിരമിക്കലിനുശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ജയംകൊതിക്കുന്ന ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന ബ്രിസ്ബെയിന്‍ ടെസ്റ്. എന്നാല്‍, പ്രതീക്ഷയ്ക്കു മേല്‍ ബാറ്റ് വീശി മുന്നേറുന്ന ഓസീസ് നായകന്‍ സ്റീവന്‍ സ്മിത്ത് ഇന്ത്യയെ വിഷമിപ്പിക്കുന്നു. ടെസ്റിന്റെ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ്. മത്സരം എങ്ങോട്ടുവേണമെങ്കിലും തിരിയാമെന്ന അവസ്ഥ. ആറു വിക്കറ്റ് കൈയിലിരിക്കെ ഓസ്ട്രേലിയ 187 റണ്‍സ് പിറകിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 408 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം ടെസ്റിലെ സെഞ്ചുറി വീരന്‍ സ്റീവന്‍ സ്മിത്ത് 65 റണ്‍സുമായി ക്രീസിലുണ്ട്. കൂടെ മിച്ചല്‍ മാര്‍ഷും (7). മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം വലിയ സംഭാവനകള്‍ നല്‍കാതെ പുറത്തായ സാഹചര്യത്തില്‍ കംഗാരുക്കള്‍ക്ക് പ്രതീക്ഷ പകരുകയാണ് പുതിയ നായകന്‍.

മികച്ച സ്കോറിലേക്ക് പോകാമായിരുന്ന ഇന്ത്യയെ അരങ്ങേറ്റ ടെസ്റില്‍ത്തന്നെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സല്‍വുഡാണ് തകര്‍ത്തത്. അരങ്ങേറ്റ ടെസ്റില്‍ അഞ്ചോ അതിലേറെ വിക്കറ്റ് നേടുന്ന പത്താമത്തെ ഓസീസ് താരമാണ് ഹെയ്സല്‍വുഡ്. നാലു വിക്കറ്റിന് 311 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് പെട്ടെന്നുതന്നെ അജിങ്ക്യ രഹാനെയെ (81) ഇന്ത്യന്‍ സ്കോര്‍ 321ലെത്തിയപ്പോള്‍ നഷ്ടമായി. ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ പിടിച്ചാണ് രഹാനെ കൂടാരത്തിലേക്കു തിരിച്ചുകയറിയത്.

132 പന്ത് നേരിട്ട രഹാനെ എട്ട് ഫോറുകള്‍ തൊടുത്തു. രോഹിത് ശര്‍മയ്ക്കൊപ്പം രഹാനെ അഞ്ചാം വിക്കറ്റില്‍ അറുപത് റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. അധികം വൈകാതെ രോഹിത് ശര്‍മയും (32) പുറത്തായി. ഷെയ്ന്‍ വാട്സനായിരുന്നു വിക്കറ്റ്. ഇന്ത്യ ആറു വിക്കറ്റിന് 328 റണ്‍സ്. ഒരുഘട്ടത്തില്‍ നാനൂറു കടക്കില്ലെന്ന് തോന്നിച്ച ഇന്ത്യയെ നായകന്‍ മഹേന്ദ്ര സിംഗ് ധോണി(33)യുടെയും രവിചന്ദ്രന്‍ അശ്വിന്റെ(35)യും ഭേദപ്പെട്ട ബാറ്റിംഗാണ് നാനൂറിലേക്ക് നയിച്ചത്. രണ്ടു പേരെയും പുറത്താക്കിയത് ഹെയ്സല്‍വുഡായിരുന്നു. ധോണി-അശ്വിന്‍ ഏഴാം വിക്കറ്റ് സഖ്യം 57 റണ്‍സെടുത്തു. ആദ്യം പുറത്തായത് അശ്വിനായിരുന്നു. ഷെയ്ന്‍ വാട്സനാണ് ക്യാച്ചെടുത്തത്. ഇന്ത്യ ഏഴിനു 385. സ്കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് കൂടി ചേര്‍ത്തശേഷം ധോണി ഹാഡിനു പിടി കൊടുത്തു മടങ്ങി. ഉമേഷ് യാദവ് രണ്ടു ഫോറുകള്‍ പായിച്ച് ഇന്ത്യയെ നാനൂറു കടത്തി. പിന്നീട് രണ്ടു വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തി ഇന്ത്യയുടെ ഇന്നിംഗ്സ് 408ല്‍ ഓസീസ് അവസാനിപ്പിച്ചു. ഇഷാന്ത് ശര്‍മ (1) പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റ് നേടിയ ഹെയ്സല്‍വുഡിനെ കൂടാതെ നഥാന്‍ ലിയോണ്‍ മൂന്നും വാട്സണ്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യയുടെ സ്കോറിനു മറുപടിയുമായി ഇറങ്ങിയ ഓസീസിന് സ്കോര്‍ 47ലെത്തിയപ്പോള്‍ ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറെ (29) നഷ്ടപ്പെട്ടു. രണ്ടാം ടെസ്റിലും ആദ്യ ടെസ്റില്‍ നിര്‍ത്തിയിടത്തുംനിന്നും തുടങ്ങിയ വാര്‍ണര്‍ മികച്ച ഫോമിലായിരുന്നു. ഇന്ത്യന്‍ ബൌളര്‍മാരെ യഥേഷ്ടം ബൌണ്ടറി പായിച്ച ഓസീസ് ഓപ്പണറെ ഉമേഷ് യാദവിന്റെ പന്തില്‍ അശ്വിന് ക്യാച്ച് നല്‍കി തിരിച്ചു കയറി. ക്രിസ് റോജേഴ്സിനു കൂട്ടായെത്തിയ വാട്സണും മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെ മത്സരം ഓസീസിന്റെ ഭാഗത്തേക്കു നീങ്ങുകയാണെന്നു തോന്നിച്ചു. എന്നാല്‍, അശ്വിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച വാട്സണു പിഴച്ചു. മനോഹരമായ ക്യാച്ചിലൂടെ ശിഖര്‍ ധവാന്‍ വാട്സണെ (25) പുറത്താക്കി. തളരാന്‍ കൂട്ടാക്കാതിരുന്ന റോജേഴ്സ് അര്‍ധശതകം കടന്നു. സ്മിത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താമായിരുന്ന റോജേഴ്സിനെ (55) പുറത്താക്കി യാദവ് ഈ സഖ്യം പൊളിച്ചു. ധോണിയാണ് ക്യാച്ചെടുത്തത്. 79 പന്ത് നേരിട്ട റോജേഴ്സ് പത്ത് ബൌണ്ടറികളുടെ അകമ്പടിയോടെയാണ് 55 റണ്‍സെടുത്തത്.


പിന്നീട് സ്മിത്തിനൊപ്പമെത്തിയത് മൈക്കിള്‍ ക്ളാര്‍ക്കിനു പകരമായി ടീമിലെത്തിയ ഷോണ്‍ മാര്‍ഷായിരുന്നു. ക്ളാര്‍ക്കിനു പകരക്കാരനായി തന്നെ ഉള്‍പ്പെടുത്തിയത് സാധൂകരിക്കുന്ന വിധമായിരുന്നു ഷോണ്‍ മാര്‍ഷിന്റെ ബാറ്റിംഗ്. നാലാം വിക്കറ്റില്‍ ഇരുവരും 87 റണ്‍സിന്റെ സഖ്യം തീര്‍ത്തു. ഇതായിരുന്ന ഓസീസിന്റെ രണ്ടാം ദിവസത്തെ ഇന്നിംഗ്സിന്റെ നട്ടെല്ലും. ഇതിനിടെ സ്മിത് അര്‍ധ ശതകം കടന്നിരുന്നു. അപകടകരമായി ഈ സഖ്യവും തകര്‍ത്തത് ഉമേഷ് യാദവ് തന്നെയായിരുന്നു. 32 റണ്‍സെടുത്തു നായകനു മികച്ച പിന്തുണ നല്‍കി വന്ന ഷോണിനെ (32) യാദവ് അശ്വിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ സഹോദന്‍ മിച്ചല്‍ മാര്‍ഷ് നായകനൊപ്പം പിടിച്ചുനിന്നതോടെ ഓസീസിന് കൂടുതല്‍ നഷ്ടം കൂടാതെ രണ്ടാം ദിനം അവസാനിപ്പിക്കാനായി. 88 പന്തുകള്‍ നേരിട്ട് 65 റണ്‍സുമായി ബാറ്റിംഗ് തുടരുന്ന സ്മിത് ആറ് ഫോറുകളും രണ്ടു സിക്സറുകളും പറത്തി. മൂന്നു വിക്കറ്റുകള്‍ യാദവ് സ്വന്തമാക്കിയപ്പോള്‍ ഒരണ്ണം അശ്വിനും നേടി.



സ്കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്

വിജയ് സി ഹാഡിന്‍ ബി ലിയോണ്‍ 144, ശിഖര്‍ ധവാന്‍ സി ഹാഡിന്‍ ബി മിച്ചല്‍ മാര്‍ഷ് 24, പൂജാര സി ഹാഡിന്‍ ബി ഹെയ്സല്‍വുഡ് 18, വിരാട് കോഹ്ലി സി ഹാഡിന്‍ ബി ഹെയ്സല്‍വുഡ് 19, രഹാനെ സി ഹാഡിന്‍ ബി ഹെയ്സല്‍വുഡ് 81, രോഹിത് ശര്‍മ്മ സി സ്മിത് ബി വാട്സണ്‍ 32, ധോണി സി ഹാഡിന്‍ ബി ഹെയ്സല്‍വുഡ് 33, അശ്വിന്‍ സി ഹാഡിന്‍ ബി ഹെയ്സല്‍വുഡ് 35, ഉമേഷ് യാദവ് സി റോജേഴ്സ് ബി ലിയോണ്‍ 9, വരുണ്‍ ആരോണ്‍ സി മാര്‍നസ് ലാബ്ഷാന്‍ (സബ്) ബി ലിയോണ്‍ 4, ഇഷാന്ത് ശര്‍മ്മ നോട്ടൌട്ട് 1, എക്സ്ട്രാസ് 8, ആകെ 109.4 ഓവറില്‍ 408 റണ്‍സിന് എല്ലാവരും പുറത്ത്

ബൌളിംഗ്

ജോണ്‍സണ്‍ 21-4-81-0, ഹെയ്സല്‍വുഡ് 23.2-6-68-5, സ്റാര്‍ക്ക് 17-1-83-0, മിച്ചല്‍ മാര്‍ഷ് 6-1-14-1, ലിയോണ്‍ 25.4-2-105-3, വാട്സണ്‍ 14.4-6-39-1, വാര്‍ണര്‍ 1-0-9-0, സ്മിത് 1-0-4-0

ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്

റോജേഴ്സ് സി ധോണി ബി യാദവ് 55, വാര്‍ണര്‍ സി അശ്വിന്‍ ബി യാദവ് 29, വാട്സണ്‍ സി ധവാന്‍ ബി അശ്വിന്‍ 25, സ്മിത് നോട്ടൌട്ട് 65, മാര്‍ഷ് സി അശ്വിന്‍ ബി യാദവ് 32, മിച്ചല്‍ മാര്‍ഷ് സി നോട്ടൌട്ട് 7, എക്സ്ട്രാസ് 8, ആകെ 52 ഓവറില്‍ നാലു വിക്കറ്റിന് 221 റണ്‍സ്

ബൌളിംഗ്

ഇഷാന്ത് ശര്‍മ്മ 9-0-47-0, വരുണ്‍ ആരോണ്‍ 12-1-59-9, ഉമേഷ് യാദവ് 13-2-48-3, അശ്വിന്‍ 18-3-66-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.