എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ്: എംഎ കോളജും അസംപ്ഷനും മുന്നേറുന്നു
എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ്: എംഎ കോളജും അസംപ്ഷനും മുന്നേറുന്നു
Friday, December 19, 2014 11:25 PM IST
കൊച്ചി: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളജും വനിതാ വിഭാഗത്തില്‍ ചങ്ങാശേരി അസംപ്ഷന്‍ കോളജും മുന്നേറുന്നു. എംഎ കോളജ് 79 പോയിന്റും അസംപ്ഷന്‍ 91 പോയിന്റുമായാണ് മുന്നേറുന്നത്. 62 പോയിന്റോടെ പാലാ സെന്റ് തോമസും 56 പോയിന്റോടെ ചങ്ങനാശേരി എസ്ബി കോളജും പുരുഷ വിഭാഗത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. വനിതാവിഭാഗത്തില്‍ 82 പോയിന്റുമായി പാലാ അല്‍ഫോന്‍സ കോളജാണ് രണ്ടാം സ്ഥാനത്ത്. 26 പോയിന്റോടെ കോതമംഗലം എംഎ കോളജ് മൂന്നാം സ്ഥാനത്തുണ്ട്.

മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ പിറന്ന മൂന്നു റിക്കാര്‍ഡുകളും കോതമംഗലം എംഎ കോളജിലെ താരങ്ങളുടേതാണ്. പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ വി.പി. ആല്‍ഫിനും, വനിതാവിഭാഗം ഷോട്ട്പുട്ട്, 400 മീറ്റര്‍ എന്നിവയില്‍ അനില്‍ഡ തോമസും നീന എലിസബത്ത് ബേബിയുമാണ് ഇന്നലെ പുതിയ റിക്കാര്‍ഡുകള്‍ സ്ഥാപിച്ചത്.


സ്പ്രിന്റ് ഇനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ 100 മീറ്ററില്‍ പുരുഷവിഭാഗത്തില്‍ കോതമംഗലം എംഎ കോളജിലെ അനുരൂപ് ജോണും, വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ കെ. മഞ്ജുവും സ്വര്‍ണം നേടി. മീറ്റിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. മീറ്റ് ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.