ഐഎസ്എല്‍ ഫൈനലില്‍ ഇന്നു കേരള ബ്ളാസ്റേഴ്സ്- അത്ലറ്റിക്കോ ഡി കോല്‍ക്കത്ത പോരാട്ടം
ഐഎസ്എല്‍ ഫൈനലില്‍ ഇന്നു കേരള ബ്ളാസ്റേഴ്സ്- അത്ലറ്റിക്കോ ഡി കോല്‍ക്കത്ത പോരാട്ടം
Saturday, December 20, 2014 11:38 PM IST
മുംബൈ: ഐഎസ്എലിന്റെ പ്രഥമ ചാമ്പ്യന്‍ ആരാകും? ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളുടെ മുന്നിലുള്ള പരസ്യവാചകമാണിത്. പരസ്യവാചകത്തിനുമപ്പുറം ആരാധകരുടെ മനസിലെ ചോദ്യവുമിതുതന്നെ. ഇന്ത്യന്‍ ഫുട്ബോളിന്റെ ഉണര്‍ത്തുപാട്ടെന്നു വിശേഷിപ്പിക്കപ്പെട്ട ഐഎസ്എലിന്റെ പ്രഥമ ചാമ്പ്യനെ അറിയാന്‍ ശേഷിക്കുന്നതു മണിക്കൂറുകള്‍ മാത്രം. പത്ത് ആഴ്ചകള്‍, 60 മത്സരങ്ങള്‍, 128 ഗോളുകള്‍... ആവേശപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രഥമ ഐഎസ്എല്‍ അതിന്റെ ഫൈനലിലെത്തി നില്‍ക്കുന്നു. കലാശപ്പോരിനു കച്ചമുറുക്കുന്നത് ഇന്ത്യയില്‍ ഫുട്ബോളിനു വേരോട്ടമുള്ള രണ്ടു നാട്ടിലെ ടീമുകള്‍, ബംഗാളില്‍നിന്ന് അത്ലറ്റിക്കോ ഡി കോല്‍ക്കത്തയും മലയാള നാടിനെ പ്രതിനിധീകരിച്ച് കേരള ബാസ്റേഴ്സും. ഇന്നു രാത്രി ഏഴിനു മുംബൈയില്‍ ഫൈനലിനു പന്തുരുളും.

തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷമുള്ള പ്രകടനത്തിലൂടെയാണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കേരള ബ്ളാസ്റേഴ്സ് കലാശപ്പോരാട്ടത്തിനെത്തുന്നത്. ലീഗിന്റെ തലപ്പത്തെത്തിയ ചെന്നൈയിന്‍ എഫ്സിയെ സെമിയില്‍ അട്ടിമറിച്ചു. കൊച്ചിയില്‍വച്ചു നടന്ന ആദ്യ പാദത്തില്‍ 3-0നു ചെന്നൈയിനെ മലര്‍ത്തിയ കൊമ്പന്മാര്‍, ചെന്നൈയില്‍വച്ചുനടന്ന രണ്ടാം പാദത്തില്‍ നിര്‍ണായക ഗോള്‍ നേടി ഇരു പാദങ്ങളിലുമായി 4-3നു ജയിച്ചുകയറുകയായിരുന്നു.

ലീഗ് റൌണ്ടില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീം എന്ന ഖ്യാതി ബ്ളാസ്റേഴ്സിനുണ്ട്. സന്തേശ് ജിന്‍ഗാന്‍, നിര്‍മല്‍ ഛേത്രി, കോളിന്‍ ഫാല്‍വെ, കെഡ്രിക് ഹെംഗ്ബര്‍ട്ട് തുടങ്ങിയവരുടെ പ്രതിരോധ കരുത്താണ് കേരള ബ്ളാസ്റേഴ്സിന്റെ പ്ളസ് പോയിന്റ്. എന്നാല്‍, സെമിയില്‍ ചുവപ്പുകാര്‍ഡ് കണ്ട ജയിംസ് മക്ളീസ്ററും ലീഗില്‍ നാലാം മഞ്ഞക്കാര്‍ഡ് കണ്ട ഗുര്‍വിന്ദര്‍ സിംഗും ഇന്നു മഞ്ഞ ജേഴ്സിയിലുണ്ടാകില്ല. മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍, ഇഷ്ഫാഖ് അഹമ്മദ് എന്നിവര്‍ മികച്ച കളി കെട്ടഴിക്കുന്നു. സ്കോട്ട്ലന്‍ഡ് വംശജനായ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ആക്രമണത്തോടൊപ്പം മധ്യനിരയിലും ഇറങ്ങി കളിക്കുന്നുണ്ട്. ബ്ളാസ്റേഴ്സിന്റെ ഹൃദയമായാണ് ഹ്യൂമിനെ വിശേഷിപ്പിക്കുന്നത്. പെന്‍ ഓര്‍ജി, സ്റീഫന്‍ പിയേഴ്സണ്‍, മൈക്കിള്‍ ചോപ്ര എന്നിവരും ചേരുമ്പോള്‍ ബ്ളാസ്റേഴ്സ് കരുത്തു വര്‍ദ്ധിപ്പിക്കും. മലയാളി താരങ്ങളായ സി.എസ്. സബീത്, സുശാന്ത് എന്നിവരും ടീമിന്റെ മുതല്‍ക്കൂട്ടാണ്. സെമിയില്‍ സുശാന്തിന്റെ ഉജ്വല ഗോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയതാണ്. മലയാളി ഐഎസ്എലില്‍ നേടുന്ന ആദ്യ ഗോളിനുടമയായ താരമാണ് സബീത്.

ലീഗ് റൌണ്ടില്‍ കോല്‍ക്കത്തയെ നേരിട്ടപ്പോള്‍ ഒരു ജയവും ഒരു സമനിലയും നേടാനായതു ബ്ളാസ്റേഴ്സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പരിക്കേറ്റ രണ്ടാം ഗോളി സന്ദീപ്നന്ദിക്കു പകരം മാര്‍ക്വീ താരവും ഒന്നാം ഗോളിയുമായ ഡേവിഡ് ജയിംസ് വല കാക്കാനെത്തുമെന്നാണു കരുതുന്നത്.


ലീഗിന്റെ തുടക്കത്തിലെ തേരോട്ടത്തില്‍ ഒതുങ്ങി അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ വമ്പ്. കഴിഞ്ഞ 12 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് അവര്‍ക്കു നേടാനായത്.

എന്നാല്‍, നിര്‍ണായകമായ സെമിയില്‍ ഉജ്വല ഫോമിലായിരുന്ന ഗോവ എഫ്സിയെ ഇരു പാദങ്ങളിലും ബംഗാള്‍ ടീം പിടിച്ചു കെട്ടി. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ജയിച്ച് ഫൈനലിലേക്കു നടന്നു. മുന്നേറ്റ നിരയില്‍ ഫിക്രു തെഫേരയുടെ അഭാവം കോല്‍ക്കത്തയ്ക്കു കനത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്. ഫിക്രുവിന്റെ അഭാവത്തില്‍ കോല്‍ക്കത്ത ഗോള്‍ നേടാന്‍ മറന്നതായാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്. ഇന്നും എത്യോപ്യന്‍ സ്ട്രൈക്കര്‍ അവര്‍ക്കൊപ്പമില്ല.

സ്ട്രൈക്കര്‍ കവിന്‍ ലോബോ, മധ്യനിര താരം ജോഫ്രി മാത്യു ഗോണ്‍സാലസ് എന്നിവരുടെ തിരിച്ചുവരവ് കോല്‍ക്കത്തയെ സജീവമാക്കും. മലയാളി തരം മുഹമ്മദ് നബി മധ്യനിരയില്‍ അധ്വാനിച്ചു കളിക്കുന്നു. ക്യാപ്റ്റന്‍ ലൂയിസ് ഗാര്‍സ്യ, ബോര്‍ജ ഫെര്‍ണാണ്ടസ് എന്നിവര്‍ മധ്യനിരയുടെ ബുദ്ധി കേന്ദ്രമാണ്. കിംഗ്ഷുക് ദേബ്നാഥ്, അര്‍ണബ് മോണ്ടല്‍, ജോസെമി, ബിശ്വാജിത് ഷാ, ബാലാജി ഷഹ്നി എന്നിവരടങ്ങുന്ന പ്രതിരോധം കടന്നു കയറുക ബ്ളാസ്റേഴ്സിനു കടുപ്പമാകുമെന്നാണു വിലയിരുത്തല്‍.

ഫുട്ബോളിനപ്പുറം ക്രിക്കറ്റിന്റെ സുഗന്ധവും ഇന്നത്തെ പോരാട്ടത്തിനുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വളര്‍ച്ച കണ്ട മൈതാനങ്ങളിലൊന്നായ ഡി.വൈ. പാട്ടീല്‍ സ്റേഡിയത്തിലാണു കലാശപ്പോര്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ടീമാണ് കേരള ബ്ളാസ്റേഴ്സ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ സൌരവ് ഗാംഗുലിയുടെ ടീംകൂടിയാണ് അത്ലറ്റിക്കോ ഡി കോല്‍ക്കത്ത. സ്പാനിഷ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ആശീര്‍വാദത്തോടെയാണ് കോല്‍ക്കത്തയുടെ വരവ്. ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈയില്‍, ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതീകങ്ങളായ കോല്‍ക്കത്തയും കേരള വും ഇന്നു കൊമ്പുകോര്‍ക്കും. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തിനായി...

ജയം തന്നെ ലക്ഷ്യം: ഡേവിഡ് ജയിംസ്

മുംബൈ: പ്രഥമ ഐഎസ്എല്‍ കിരീടം ഉയര്‍ത്തുന്നതില്‍ കുറഞ്ഞൊന്നും മുന്നിലില്ലെന്നു കേരള ബ്ളാസ്റേഴ്സ് മാര്‍കി താരവും കോച്ചുമായ ഡേവിഡ് ജയിംസ്. കളിക്കാരെ മാറിമാറി പരീക്ഷിച്ചതുകൊണ്ട്, ചിലര്‍ക്കു പരിക്കേറ്റത് ഫൈനലില്‍ കാര്യമായ പ്രശ്നം സൃഷ്ടിക്കില്ലെന്നും പത്രസമ്മേളനത്തില്‍ ജയിംസ് വ്യക്തമാക്കി. ലീഗ് ഘട്ടത്തില്‍ കോല്‍ക്കത്തയ്ക്ക് ഇതുവരെ ബ്ളാസ്റ്റേഴ്സിനെ പരാജയപ്പെടുത്താനായിട്ടില്ല. എന്നാല്‍ അമിത ആത്മവിശ്വാസമില്ലെന്നും, ആരാധകരേറെയുള്ള രണ്ടു ടീമുകളുടെ പോരാട്ടം ആവേശമാകുമെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.