കീഴടങ്ങല്‍ നിരുപാധികം ഇന്ത്യന്‍ തോല്‍വി നാലുവിക്കറ്റിന്
Monday, December 22, 2014 12:41 AM IST
ബ്രിസ്ബെയ്ന്‍: പേരുകേട്ട ഇന്ത്യന്‍ നിര ചീറിപ്പാഞ്ഞുവന്ന പന്തുകള്‍ക്കു മുന്നില്‍ ബാറ്റുവച്ചു സാഷ്ടാംഗം കീഴടങ്ങി. രണ്ടാം ടെസ്റിന്റെ നാലാംദിനം കങ്കാരുക്കള്‍ ജയം പിടിച്ചെടുത്തു. നാലുവിക്കറ്റിന് ഇന്ത്യയെ മറികടന്നതോടെ പരമ്പരയില്‍ 2-0ത്തിനു മുന്നിലെത്താനും സ്റീവ് സ്മിത്തിന്റെ ടീമിനായി. സ്കോര്‍: ഇന്ത്യ 408, 224 ഓസ്ട്രേലിയ 505, ആറിനു 130.

മിച്ചല്‍ ജോണ്‍സനാണ് ഇന്ത്യയെ തകര്‍ത്തുകളഞ്ഞത്. സ്റാര്‍ക്കും ഹെയ്ല്‍സ്വുഡും കൂടെച്ചേര്‍ന്നതോടെ ആദ്യസെഷനില്‍ തന്നെ ടീം ഇന്ത്യ തരിപ്പണം. രാവിലെ പരിശീലനത്തിനിടെ പരിക്കേറ്റ ശിഖര്‍ ധവാനു പകരം വിരാട് കോഹ്ലിയാണ് പൂജാരയ്ക്കൊപ്പം ബാറ്റു ചെയ്യാന്‍ എത്തിയത്. കളി തുടങ്ങി മൂന്നാം ഓവറില്‍ത്തന്നെ ഇന്ത്യന്‍ പിച്ചുകളിലെ പുലികള്‍ ഒന്നിനു പിന്നാലെ പവലിയനിലേക്കു ഘോഷയാത്ര ആരംഭിച്ചു. തുടക്കമിട്ടതു 11 പന്തില്‍ ഒരുറണ്‍സെടുത്ത വിരാട് കോഹ്ലി. തൊട്ടുപിന്നാലെ അജിങ്ക്യ രഹാനെയും ജോണ്‍സന്റെ വേഗതയ്ക്കു കീഴടങ്ങി.

ചത്ത പിച്ചുകളില്‍ ബൌളര്‍മാരുടെ കൊലയാളിയാകുന്ന രോഹിത് ശര്‍മയുടെ സംപൂജ്യത്തിനു രണ്ടുപന്തുകളുടെ ആയുസ് മാത്രം. രോഹിത് ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തുംമുമ്പേ ധോണിയും മടങ്ങിയെത്തി. അക്കൌണ്ട് തുറക്കാതെയായിരുന്നു മിസ്റ്റര്‍ കൂളിന്റെയും മടക്കം.

ആറാം വിക്കറ്റായി അശ്വിന്‍ (19) പുറത്തായതോടെ പരിക്കു വകവയ്ക്കാതെ ധവാന്‍ ക്രീസിലെത്തി. എന്നാല്‍ അധികം വൈകാതെ പൂജാരയുടെ (43) തട്ടിമുട്ടിയുള്ള ഇന്നിംഗ്സ് സ്ളീപ്പില്‍ അവസാനിച്ചു. ഹെയ്ല്‍സ്വുഡിനായിരുന്നു വിക്കറ്റ്. 48 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ഇന്ത്യന്‍ ലീഡ്. ഉമേഷ് യാദവിനൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ധവാന്‍ ഇന്ത്യയെ 200 കടത്തി. തൊട്ടുപിന്നാലെ ലയണിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി മടങ്ങി. 81 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. ഉമേഷ് യാദവ് തലങ്ങും വിലങ്ങും ബാറ്റുവീശി നേടിയ 30 റണ്‍സായിരുന്നു ഇന്നിംഗ്സിലെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗതസ്കോര്‍. മിച്ചല്‍ ജോണ്‍സണ്‍ നാലുവിക്കറ്റു വീഴ്ത്തിയപ്പോള്‍ ഹെയ്ല്‍സ്വുഡും സ്റാര്‍ക്കും ലയോണും രണ്ടുവിക്കറ്റ് വീതം നേടി മികച്ച പിന്തുണ നല്കി.


ചെറിയ ലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റു വീശിയ ഓസീസിനു 22 റണ്‍സിനു രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ക്രിസ് റോജേഴ്സിന്റെ ഇന്നിംഗ്സ് തുണയായി.

മൂന്നാമനായി പുറത്താകുംമുമ്പ് 55 റണ്‍സ് നേടാന്‍ റോജേഴ്സിനായി. ജയിക്കാന്‍ 15 റണ്‍സില്‍ താഴെ വേണ്ടപ്പോള്‍ മൂന്നുവിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ആതിഥേയര്‍ നാലുവിക്കറ്റിന്റെ ആധികാരികജയം സ്വന്തമാക്കി. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മൂന്നാംടെസ്റ് ബോക്സിംഗ് ഡേ ദിനത്തില്‍ (ഡിസംബര്‍ 26) മെല്‍ബണില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.