ഐഎസ്എല്‍ നാട്ടിലെ പുലികള്‍
ഐഎസ്എല്‍ നാട്ടിലെ പുലികള്‍
Tuesday, December 23, 2014 11:27 PM IST
അന്താരാഷ്ട്ര ഫുട്ബോളിലെ പ്രമുഖരെ എത്തിച്ചുകൊണ്ട് പുതിയ വിപ്ളവം സൃഷ്ടിച്ചാണ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടന്നത്. ഇവരില്‍ പലരും തങ്ങളുടെ പ്രതിഭ നമ്മുടെ മണ്ണില്‍ കാട്ടുകയും ചെയ്തു. ഇവര്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ താരങ്ങളും തങ്ങളുടെ കഴിവുകള്‍ കാട്ടി. ഐഎസ്എല്‍ മത്സരങ്ങള്‍ സത്യത്തില്‍ ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് വളരാനുള്ള വഴി കൂടിയായിരുന്നു. ഐഎസ്എലിലെ മികച്ച അഞ്ച് ഇന്ത്യന്‍ താരങ്ങള്‍.

1. സന്ദേശ് ജിംഗന്‍ (കേരള ബ്ളാസ്റേഴ്സ്)

ഓരോ മത്സരത്തിലും ഗോള്‍ കീപ്പര്‍ക്ക് തലവേദന നല്‍കാതെ കേരള ബ്ളാസ്റേഴ്സിന്റെ വല ചലിപ്പിക്കാതിരിക്കാന്‍ ജിംഗന്റെ അസാമാന്യ പ്രകടനത്തിനായി. അതുകൊണ്ടുതന്നെ ഈ ഇരുപത്തിയൊന്നുകാരന്‍ ഐഎസ്എലിലെ എമേര്‍ജിംഗ് താരമായി. ചെന്നൈയിന്‍ എഫ്സിക്കെതിരെയുള്ള രണ്ടാം പാദ സെമി ഫൈനലില്‍ അബദ്ധവശാല്‍ സംഭവിച്ച സെല്‍ഫ് ഗോള്‍ മാത്രമാണ് ജിംഗന് പിഴച്ചത്. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ജിംഗന്‍ തന്നെയാണ് മികച്ച ഇന്ത്യന്‍ താരം. മികച്ച ടാക്ളിംഗിലുടെ അധികം ഫൌളുകള്‍ വരുത്താതെയായിരുന്നു ഈ ഛത്തീസ്ഗഡ് സ്വദേശി എതിരാളികളെ തടഞ്ഞുനിര്‍ത്തിയത്. ജിംഗന്റെ പ്രതിഭ കണ്ടറിഞ്ഞ് യൂറോപ്പിലെയോ യുഎസ്എയിലേയോ ഫുട്ബോള്‍ ക്ളബ്ബുകള്‍ സ്വന്തമാക്കാനെത്തിയാല്‍ അദ്ഭുതപ്പെടാനില്ല. ഇതിനോടകം ജിംഗനെ പലരും സമീപിച്ചതായി വാര്‍ത്തകളുണ്ട്.

2. ടി.പി. രഹനേഷ് (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്)

മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന താരമാണ് നോര്‍ത്ത് ഈസ്റ് യുണൈറ്റഡിന്റെ ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷ്. രണ്ടാം സ്ഥാനം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ രഹനേഷല്ലാത്തെ മറ്റാരും അര്‍ഹിക്കുന്നില്ല. സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ കണ്ടുപിടിത്തവും രഹനേഷായിരുന്നു. നോര്‍ത്ത്ഈസ്റ്റിനുവേണ്ടി ഈ ഇരുപത്തിയൊന്നുകാരന്‍ നടത്തിയ രക്ഷപ്പെടുത്തലുകള്‍ ടീമിന് അഞ്ച് ക്ളീന്‍ ഷീറ്റുകളാണ് നല്‍കിയത്. രഹനേഷിന്റെ സേവ് പെര്‍സന്റേജ് 78 ശതമാനമായിരുന്നു. ശതമാനക്കണക്കില്‍ ഇന്ത്യന്‍ ഗോളിമാരില്‍ ഏറ്റവും ഉയര്‍ന്നതും ഈ മലയാളിയുടേതാണ്. ആരാധകരുടെ വോട്ടെടുപ്പില്‍ ഇന്ത്യയുടെ ഭാവി താരമായത് രഹനേഷായിരുന്നു.


3. അര്‍ണബ് മൊണ്ടാല്‍ (അത്ലറ്റിക്കോ ഡി കോല്‍ക്കത്ത)

അത്ലറ്റികോ ഡി കോല്‍ക്കത്തയുടെ പ്രതിരോധത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ഇരുപത്തിയഞ്ചുകാരനായ അര്‍ണബ്. പ്രതിരോധത്തിനു പുറമെ മധ്യനിരയിലും അര്‍ണബ് തന്റെ കഴിവ് പുറത്തെടുത്തു. മുന്‍ ഈസ്റ്ബംഗാള്‍ കളിക്കാനായിരുന്ന അര്‍ണബ് കോല്‍ക്കത്തയുടെ കിരീട നേട്ടത്തിന് വലിയ പങ്കാണ് വഹിച്ചത്.



4. റോമിയോ ഫെര്‍ണാണ്ടസ് (എഫ്സി ഗോവ)

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മിന്നും പ്രകടനം കണ്ട് വിദേശ ക്ളബ്ബിലേക്കു പറക്കാനിരിക്കുന്ന യുവതാരമാണ് റോമിയോ. ഗോവയുടെ പരിശീലകന്‍ സീക്കോയുടെ മികച്ച റിപ്പോര്‍ട്ട് പ്രകാരമാണ് റോമിയോയെ ബ്രസീലിയന്‍ ഒന്നാം ഡിവിഷന്‍ ക്ളബ് അത്ലറ്റിക്കോ പാരാനയന്‍സ് സ്വന്തമാക്കുന്നത്. സീക്കോയുടെ കണ്ടുപിടിത്തമായിരുന്ന റോമിയോ. പതിനൊന്ന് മത്സരങ്ങളില്‍ മൂന്നു ഗോളുകളാണ് ഈ ഇരുപത്തിരണ്ടുകാരന്‍ നേടിയത്.

5. ബല്‍ജിത് സാഹ്നി (അത്ലറ്റികോ ഡി കോല്‍ക്കത്ത)

മികച്ച അഞ്ച് താരങ്ങളിലെ രണ്ടാമത്തെ അത്ലറ്റികോ ഡി കോല്‍ക്കത്ത താരമാണ് ബല്‍ജിത് സാഹ്നി. ജെസിടി ഫഗ്വാരയുടെ മുന്‍ താരമായിരുന്ന സാഹ്നി ഐഎസ്എലില്‍ പതിനാറു മത്സരങ്ങളില്‍നിന്ന് രണ്ടു ഗോളുകള്‍ നേടി. ഹോഷിയാപുര്‍ സ്വദേശിയായി ഇരുപത്തിയേഴുകാരന്‍ ഗോള്‍ നേടാനുള്ള മികവിനുപരി ഒരു പ്ളേമേക്കര്‍ കൂടിയാണ്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ഈ മുന്നേറ്റനിരക്കാരനെ ഉപയോഗിക്കാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.