കേരളം മോശമാക്കിയില്ല; പക്ഷേ...
കേരളം മോശമാക്കിയില്ല; പക്ഷേ...
Sunday, January 25, 2015 10:46 PM IST
എം.ജി ലിജോ

വീണ്ടുമൊരു ദേശീയ സ്കൂള്‍ കായികമേളയ്ക്കുകൂടി കൊടിയിറങ്ങി. ഏവരും പ്രതീക്ഷിച്ചതുപോലെ കേരളം കിരീടവുമായി മടങ്ങുകയും ചെയ്തു. ബിര്‍സാമുണ്ടയിലെ ട്രാക്കില്‍ നമ്മുടെ കുട്ടികള്‍ മോശമായില്ല. എങ്കിലും കേരളത്തിന്റെ പ്രതാപത്തിനു തിരിച്ചടിയേറ്റുവെന്നു കാര്യങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ വ്യക്തമാകും.

ട്രാക്കില്‍ പ്രതീക്ഷിച്ച മെഡലുകള്‍ നമ്മുടെ കുട്ടികള്‍ കൈപ്പിടിയിലൊതുക്കി. എന്നാല്‍, ഫീല്‍ഡ് ഇനങ്ങളില്‍ പതിവുപോലെ കേരളത്തിന്റെ നിലവാരം താഴേക്കായിരുന്നു. ഹാമര്‍ത്രോയില്‍ ദീപ ജോഷിയിലൂടെ ലഭിച്ച സ്വര്‍ണത്തില്‍ ഒതുങ്ങുന്നൂ ത്രോ ഇനങ്ങളിലെ പ്രധാന നേട്ടം. സംസ്ഥാന മേളകളില്‍ മെഡല്‍ എറിഞ്ഞിട്ട താരങ്ങള്‍ റാഞ്ചിയില്‍ കാഴ്ചക്കാരായി. ഹരിയാനയും മഹാരാഷ്്ട്രയുമെല്ലമായിരുന്നു ഏറില്‍ മികച്ചുനിന്നത്.

ജംപ് ഇനങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കേരളത്തില്‍ നിന്നുമുണ്ടായി. ഹൈജംപില്‍ വെള്ളിയിലൊതുങ്ങിയെങ്കിലും കെ.എസ്. അനന്തുവിന്റെ പ്രകടനം ദേശീയ നിലവാരം പുലര്‍ത്തി. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ റിക്കാര്‍ഡ് തിരുത്തിയ പാല ജംപ്സ് അക്കാദമിയുടെ മരിയ ജയ്സണ്‍, നിവ്യ ആന്റണി, ട്രിപ്പിള്‍ ജംപില്‍ അബ്ദുള്ള അബൂബക്കര്‍ എന്നിവര്‍ മികവ് പുലര്‍ത്തി. ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹാമറില്‍ ദേശീയ റിക്കാര്‍ഡ് തിരുത്തിയ രാജസ്ഥാന്റെ പ്രദീപ് കുമാറില്‍നിന്നും രാജ്യത്തിനു ഭാവിയില്‍ ഏറെ പ്രതീക്ഷിക്കാം. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ പുതിയ റിക്കാര്‍ഡ് കുറിച്ച ആസാമില്‍നിന്നുള്ള ലയ്മീന്‍ നര്‍സാരിയിലും പ്രതിഭാസ്പര്‍ശം പ്രകടം.

അഞ്ജലിയും ജിസ്നയും ഭാവിതാരങ്ങള്‍

റാഞ്ചിയില്‍ ശ്രദ്ധിക്കപ്പെട്ട രണ്ടു കേരളതാരങ്ങള്‍ പെണ്‍കുട്ടികളാണ്. നാട്ടിക ഫിഷറീസ് സ്കൂളില്‍ നിന്നെത്തിയ പി.ഡി. അഞ്ജലിയും ഉഷ സ്കൂള്‍സ് ഓഫ് അത്ലറ്റിക്സിലെ ജിസ്ന മാത്യുവും. സബ് ജൂണിയര്‍ വിഭാഗത്തില്‍ അഞ്ജലിയുടെ പ്രകടനം പ്രതീക്ഷാനിര്‍ഭരമാണ്. ഒരു അത്ലറ്റിനു വേണ്ട ഗുണങ്ങളെല്ലാം ദരിദ്ര ചുറ്റുപാടില്‍ നിന്ന് വരുന്ന ഈ എട്ടാംക്ളാസുകാരി 100, 400 മീറ്ററുകളില്‍ മെഡല്‍ നേടി അഞ്ജലി ക്ളാസ് തെളിയിച്ചു. അഞ്ജലിയുടെ മികവില്‍ റിലേ ടീം ഒന്നാമതെത്തുകയും ചെയ്തു. ആദ്യമായി ദേശീയമീറ്റിനെത്തിയതിന്റെ പരിഭ്രമമൊന്നും ഈ താരത്തില്‍ നിന്നും ഉണ്ടായതുമില്ല.

100, 200, 400 മീറ്ററുകളില്‍ പറന്നോടിയ ജിസ്ന നേടിയ ട്രിപ്പിള്‍ സ്വര്‍ണത്തിനു തിളക്കമേറെയാണ്. എതിരാളികളെ വലിയ വ്യത്യാസത്തില്‍ പിന്തള്ളിയാണ് പി.ടി. ഉഷയുടെ ശിഷ്യ റാഞ്ചിയില്‍ വിസ്മയമായത്. മറ്റു താരങ്ങളെ അപേക്ഷിച്ച് മികച്ച കായികക്ഷമതയുള്ള താരമാണ് ജിസ്ന.


ദീര്‍ഘദൂര ഓട്ടത്തില്‍ പതിവ് ആധിപത്യം പറളിയുടെ കുട്ടികളിലൂടെ കേരളം നിലനിര്‍ത്തി. എം.വി. വര്‍ഷയും തെരേസ ജോസഫും നിലവാരം പുലര്‍ത്തി.


പുതിയ പ്രതിഭകള്‍ എവിടെ?

പുത്തന്‍ പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരുകയെന്ന വെല്ലുവിളി കേരളം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സബ് ജൂണിയര്‍ വിഭാഗത്തില്‍ നാമമാത്രമായ മെഡലുകളാണ് നമ്മുടെ കുട്ടികള്‍ നേടിയത്. പ്രത്യേകിച്ച് ആണ്‍കുട്ടികളില്‍. രണ്ടു വെങ്കലത്തില്‍ അവസാനിച്ചു ഈ വിഭാഗത്തിലെ നേട്ടം. സ്കൂള്‍ മീറ്റുകളില്‍ ആളെ തികയ്ക്കാന്‍ വേണ്ടി മാത്രം എത്തിയിരുന്ന ഒഡീഷയും തെലുങ്കാനയും ഡല്‍ഹിയുമൊക്കെ സബ്ജൂണിയര്‍ വിഭാഗത്തില്‍ കരുത്തുകാട്ടി. പ്രത്യേകിച്ച് ഒഡീഷയും തെലുങ്കാനയും. നാലു സ്വര്‍ണമാണ് ഒഡീഷ ഈ വിഭാഗത്തില്‍ നേടിയത്. ഈ സംസ്ഥാനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മറുവശത്ത് കേരളത്തിന്റെ കാര്യം തീര്‍ത്തും പരിതാപകരമായിരുന്നു. രണ്ടു പോയിന്റാണ് സബ്ജൂണിയര്‍ ആണ്‍കുട്ടികളില്‍ നാം നേടിയത്. ശ്രദ്ധേയമായ ഒരു താരത്തെ ചൂണ്ടിക്കാട്ടാന്‍ പോലും കേരളത്തിനായില്ലെന്നത് നാണക്കേടാണ്. വരുംവര്‍ഷങ്ങളില്‍ ഇന്നത്തെ സബ് ജൂണിയര്‍ താരങ്ങളാണ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കേണ്ടതെന്ന വസ്തുത മറന്നുകൂടാ.

കേരളത്തിനായി സ്വര്‍ണം നേടിയ ആണ്‍കുട്ടികളിലേറെയും സീനിയര്‍ വിഭാഗത്തിലാണ്. 44 പോയിന്റുമായി ഈ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിക്കാനും കേരളത്തിന്റെ കുട്ടികള്‍ക്കായി. ഇവരില്‍ പലരും തങ്ങളുടെ അവസാന കായികമേളയാണ് പൂര്‍ത്തിയാക്കിയത്. മുഹമ്മദ് അഫ്സല്‍ സ്കൂള്‍ മീറ്റിനോട് രണ്ടു സ്വര്‍ണവുമായി വിടപറഞ്ഞു. അബ്ദുള്ള അബൂബക്കര്‍, ബിബിന്‍ ജോര്‍ജ്, കെ. സുജിത്ത്, മനു ഫ്രാന്‍സീസ്, ചാക്കോ തോമസ് സ്വര്‍ണം നേടിയ ആണ്‍കുട്ടികളുടെ പട്ടികയ്ക്കു അധികം നീളമില്ല. റിലേയില്‍ പതിവ് ആധിപത്യം പുലര്‍ത്താന്‍ കേരളത്തിനായില്ല. തമിഴ്നാടും മഹാരാഷ്്ട്രയുമാണ് റിലേയില്‍ കേരളത്തിനു വലിയ വെല്ലുവിളി സൃഷ്ടിച്ചത്. കേന്ദ്രീയ വിദ്യാലയം, നവോദയ, സിബിഎസ്ഇ സ്കുളുകളുടെ പ്രകടനം തീര്‍ത്തും ദയനീയമായി.

ചടങ്ങുതീര്‍ക്കലായി മാത്രം നടത്തപ്പെടുന്നു എന്ന സമീപനമാണ് സംഘാടകരില്‍നിന്നും ഉണ്ടായത്. ചില സംസ്ഥാനങ്ങളുടെ പ്രകടനം വിനോദയാത്രയ്ക്കെത്തിയവരെപ്പോലെയും. എന്നാല്‍ തമിഴ്നാടിന്റെയും ഡല്‍ഹിയുടെയും പ്രകടനം ശ്രദ്ധേയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.