ദേശീയ ഗെയിംസ് ആരവത്തില്‍ കേരളം
ദേശീയ ഗെയിംസ് ആരവത്തില്‍ കേരളം
Sunday, January 25, 2015 10:46 PM IST
തോമസ് വര്‍ഗീസ്

നെറ്റിപ്പട്ടം കെട്ടിയ ഇരുപത്തഞ്ചു ഗജവീരന്‍മാര്‍ 1987 ഡിസംബര്‍ 22ന് ഉച്ചകഴിഞ്ഞു 3.45 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റേഡിയത്തിലേക്ക് അന്നത്തെ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമനെ ആനയിച്ചപ്പോള്‍ കായികകേരളത്തിന്റെ ഹൃദയത്തില്‍ പെരുമ്പറ മുഴങ്ങി. ദേശീയ ഗെയിംസിന്റെ രണ്ടാം പതിപ്പിന്റെ രണ്ടാം മത്സരവേദിയായ മലയാളമണ്ണിലേയ്ക്ക് ഭാരതത്തിന്റെ പ്രഥമ പൌരന്‍ വന്നിറങ്ങിയപ്പോള്‍ ആവേശം വാനോളം. കായിക ഇന്ത്യയുടെ ചരിത്രത്തില്‍ കേരളത്തിന്റെ കൈയൊപ്പ് പതിഞ്ഞ ദിനം. വീണ്ടുമൊരു ദേശീയ ഗെയിംസിനെ വരവേല്ക്കാനായി കേരളം അതിവേഗം ഒരുങ്ങുന്നു. അതും നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷം. ദിവസങ്ങള്‍ക്കുള്ളില്‍ കായിക ഇന്ത്യയുടെ തലസ്ഥാനമായി കേരളം മാറും.

കേരളത്തിന് ആദ്യമായി 1987 -ലെ ദേശീയ ഗെയിംസ് നടത്തിപ്പിനായി അനുവാദം ലഭിച്ചപ്പോള്‍ ഡല്‍ഹിയിലെ കായിക മേലാളന്‍മാര്‍ ഒരു പ്രവചനം നടത്തിയിരുന്നു. മലയാളിക്ക് ഈ മേള നടത്താനുള്ള കെല്പ് ഉണ്ടാവില്ലെന്ന്. എന്നാല്‍ ആ പ്രവചനം കാറ്റില്‍പ്പറത്തി ഡിസംബറിലെ തണുപ്പില്‍ കേരളത്തിന്റെ സ്വന്തം ദേശീയ ഗെയിംസിനായി മലയാളി ജനത കാത്തിരുന്നു. കായികകേരളത്തിന്റെ അണയാത്ത കായിക ചൈതന്യമായിരുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു തെളിച്ച ഗെയിംസ് ജ്യോതി കേരളം ആവാഹിച്ചു. പ്രൌഢോജ്വല മേളയായി മാറി.

കാല്‍നൂറ്റാണ്ടിനിപ്പുറം അതേ ആവേശത്തോടെയാണ് 35-ാം ദേശീയ ഗെയിംസിനായി മലയാളി ജനത ഒന്നടങ്കം കാത്തിരിക്കുന്നതും. രണ്ടാം ദേശീയ ഗെയിംസിനു മുന്നോടിയായി സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തെച്ചൊല്ലിയും മത്സര നടത്തിപ്പിനെച്ചൊല്ലിയുമെല്ലാം ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നു. ഈ ആരോപണങ്ങള്‍ക്കിടയിലൂടെ ദേശീയ ഗെയിംസിലൂടെ സംസ്ഥാനത്തിനു ലഭിച്ച അടിസ്ഥാന സൌകര്യങ്ങളുടെ തുടര്‍ പരിപാലനം ഇല്ലാതാവരുത്. 35-ാം ദേശീയ ഗെയിംസിന്റെ നടത്തിപ്പിലൂടെ കേരളത്തിനു ലഭിക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ പരിപാലിക്കുന്നതില്‍ സംസ്ഥാന കായിക മന്ത്രാലയം എന്തൊക്കെ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും ഏറെ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്്. ദേശീയ ഗെയിംസിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ നിലനില്ക്കെത്തന്നെ കായിക കേരളത്തിന് ലഭിച്ച വികസന പദ്ധതികള്‍ വിവാദങ്ങളിലൂടെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് താരങ്ങളും കായിക പ്രേമികളും.


സിന്തറ്റിക് ട്രാക്ക് പിറന്ന 87

തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു 1987ലെ മത്സരവേദികള്‍. ദേശീയ ഗെയിംസിന്റെ ഭാഗമായി പുതിയ മൂന്നു സ്റേഡിയങ്ങള്‍ നിര്‍മിക്കുകയും നിലവിലുള്ള സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയും ചെയ്തിരുന്നു. കേരളീയര്‍ക്കു കേട്ടുകേള്‍വി മാത്രമായിരുന്ന സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്നം സാക്ഷാത്കരിച്ചത് 87 ലെ ദേശീയ ഗെയിംസിനോട് അനുബന്ധിച്ചാണ്. ഡല്‍ഹിക്കും പാട്യാലയ്ക്കും പിന്നാലെ രാജ്യത്ത് സിന്തറ്റിക് ട്രാക്കുള്ള മൂന്നാമത്തെ സ്റേഡിയമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റേഡിയം മാറി. സിന്തറ്റിക് ട്രാക്ക് എന്നതായിരുന്നു ദേശീയ ഗെയിംസിലൂടെ കേരളത്തിനു ലഭിച്ച ഏറ്റവും വലിയ ഗുണം.

1940കളില്‍ കേരള യൂണിവേഴ്സിറ്റി സ്റേഡിയം നിര്‍മിക്കുന്നത് കായികകേരളത്തിന്റെ തലതൊട്ടപ്പന്‍ കേണല്‍ ജി.വി രാജായുടെ ശ്രമഫലമായാണ്. നാല്പതുകളില്‍ 33500 രൂപയ്ക്കാണ് സ്റേഡിയം നിര്‍മിച്ചത്. തുടര്‍ന്ന് 1962-ല്‍ സര്‍വകലാശാലയുടെ 25-ാം പിറന്നാള്‍ സമയത്താണ് പവലിയന്‍ നിര്‍മിച്ചത്. നാലു ലക്ഷം രൂപയാണ് അന്നു ചിലവഴിച്ചത്. ഈ അടിസ്ഥാന സൌകര്യങ്ങളുമായാണ് 87-ല്‍ ദേശീയ ഗെയിംസിന്റെ പ്രധാന മത്സര വേദിയായി യൂണിവേഴ്സിറ്റി സ്റേഡിയം തെരഞ്ഞെടുക്കപ്പെടുന്നത്.

തുടര്‍ന്നു ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് 87-ല്‍ ഒരു കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്റേഡിയത്തില്‍ നടത്തി. മണ്ണും കല്ലും നിറഞ്ഞ ട്രാക്കില്‍നിന്നും കേരളത്തിന്റെ കായിക പാദങ്ങള്‍ സിന്തറ്റിക് ട്രാക്കിലേക്ക് ചുവടു മാറുന്നതിന്റെ തുടക്കം ഇവിടെ നിന്നാണ്. 25 ലക്ഷം രൂപ മുടക്കിയാണ് അന്ന് സ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് തയാറാക്കിയത്. ഇക്കുറിയും ദേശീയ ഗെയിംസ് അത്ലറ്റിക്സ് മത്സരങ്ങള്‍ ഇവിടെത്തന്നെ നടക്കുന്നുവെന്നതു മറ്റൊരു സവിശേഷത.

കാര്യവട്ടം എല്‍എന്‍സിപിയിലെ വെലോഡ്രോമും കൊച്ചിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയവും 87 ദേശീയ ഗെയിംസിന്റെ സംഭാവനയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.