ദേശീയ ഗെയിംസിന് മേരികോം എത്തുമോ?
ദേശീയ ഗെയിംസിന് മേരികോം എത്തുമോ?
Wednesday, January 28, 2015 10:54 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇടിക്കൂട്ടില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ താരമായ മേരികോം 35-ാം ദേശീയ ഗെയിംസിനെത്തുമോ? ബോക്സിംഗ് പ്രേമികളുടെ പ്രധാന ചോദ്യമിതാണ്. ഒളിമ്പ്യന്‍ വിജേന്ദര്‍ സിംഗ് പരിക്കുമൂലം മത്സരത്തില്‍ നിന്നും വിട്ടുനില്ക്കുമെന്നറിഞ്ഞതോടെ പിന്നെ താരമൂല്യം ഏറെയുള്ളത് മേരികോമിനാണ്. മേരികോം മത്സരത്തിനെത്താന്‍ സാധ്യതയെന്നാണു സൂചന.

ബോക്സിംഗിനായി 160 പേര്‍ അക്രഡിറ്റേഷന്‍ നടത്തിക്കഴിഞ്ഞു. 104 പുരുഷന്‍മാരും 56 വനിതകളും. പുരുഷവിഭാഗത്തില്‍ ഒളിമ്പ്യന്‍മാരായ സുമിത് സാംഗ്്വാന്‍, ജിതേന്ദ്ര സിംഗ്, മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇവരെല്ലാം ഹരിയാനയ്ക്കുവേണ്ടിയാവും മത്സരത്തിനിറങ്ങുക. പുരുഷ പാത പിന്‍തുടര്‍ന്നു വനിതാ ബോക്സര്‍മാര്‍ക്കിടയിലും മെഡല്‍വേട്ടയ്ക്കു സാധ്യത കല്പിക്കുന്നവരില്‍ ഏറെപ്പേരും ഹരിയാനക്കാരാണ്. പിങ്കി റാണി. പൂജാ റാണി എന്നിവര്‍ ഹരിയാനയ്ക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു.

മിസോറാമില്‍ നിന്നുള്ള ആര്‍. ജെന്നി, മണിപ്പൂരിന്റെ സര്‍ജുബാല ദേവി എന്നിവരില്‍ ഇരുസംസ്ഥാനങ്ങളും സുവര്‍ണനേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഹരിയാന, പഞ്ചാബ്, സര്‍വീസസ് എന്നിവിടങ്ങളില്‍ നിന്നുള്ള ബോക്സര്‍മാരാവും കൂടുതല്‍ മെഡല്‍നേട്ടത്തിന് ഉടമയാവുകയെന്നു വ്യക്തം.

സ്ക്വാഷില്‍ ആധിപത്യത്തിനു തമിഴ്നാട് സൌരവ് ഘോഷാല്‍ പങ്കെടുക്കും

സ്ക്വാഷ് മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നത് 103 താരങ്ങള്‍. 63 പുരുഷന്‍മാരും 40 വനിതകളും. കഴിഞ്ഞ റാഞ്ചി മീറ്റിലെ ആധിപത്യം ഇക്കുറിയും ഉറപ്പിക്കാനാണ് തമിഴ്നാടിന്റെ ശ്രമം.

ലോക റാങ്കിംഗില്‍ 25 -ാം സ്ഥാനത്തു നില്ക്കുന്ന സൌരവ് ഘോഷാലാണു ഏറ്റവും പ്രധാന താരം. വനിതാ സ്ക്വാഷ് താരങ്ങളില്‍ ഒന്നാം നമ്പറായ ദീപിക പള്ളിക്കല്‍ ദേശീയ ഗെയിംസിനില്ലെന്നതാണ് നിരാശ പകരുന്ന വാര്‍ത്ത. സൌരവ് ഘോഷാല്‍ 2006 മുതല്‍ 105 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ദേശീയ ജേതാവായിരുന്നു. കഴിഞ്ഞവര്‍ഷം സൌരവ് ഘോഷാലിനെ തകര്‍ത്ത് ദേശീയ ജേതാവായ ഹരീന്ദര്‍ സിംഗും ദേശീയ ഗെയിംസില്‍ മത്സരത്തിനായി ഇറങ്ങും. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബില്‍ സില്‍ സൌരവ് ഘോഷാലും ഹരീന്ദര്‍ സിംഗും ഉള്‍പ്പെട്ട സംഘമാണ് വിജയിച്ചത്. സര്‍വീസസിനായി മത്സരത്തിനിറങ്ങുന്ന ജാന്‍ഗ്രാ ബ്രദേഴ്സ് എന്നപേരിലറിയപ്പെടുന്ന സന്ദീപ് ജാന്‍ഗ്ര, വികാസ് ജാന്‍ഗ്ര, നവീന്‍ ജാന്‍ഗ്ര എന്നിവര്‍ പുരുഷവിഭാഗം സ്ക്വാഷ് മത്സരങ്ങളില്‍ ഇറങ്ങുന്നതോടെ പോരാട്ടം അതിശക്തമാകും.

വനിതാ വിഭാഗത്തില്‍ അന്താരാഷ്്ട്ര താരം ജോഷ്നാ ചിന്നപ്പ തമിഴ്നാടിനായി മത്സരത്തിനിറങ്ങും. റാഞ്ചി ദേശീയ ഗെയിംസില്‍ തമിഴ്നാടിനായിരുന്ന സ്ക്വാഷില്‍ മേധാവിത്വം. രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ അഞ്ചു മെഡലുകളാണ് തമിഴ്നാട് സ്വന്തമാക്കിയത്.

വെടിവച്ചിടാന്‍ 114 മെഡലുകള്‍

ഷൂട്ടിംഗ് റേഞ്ചില്‍നിന്നും നിര്‍ണയിക്കപ്പെടുന്നത് 114 മെഡലുകള്‍ക്കുള്ള അവകാശികളെയാണ്. 38 ഇനങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്.


ഷൂട്ടിംഗില്‍ ഒളിമ്പ്ക്സ് സുവര്‍ണ ജേതാവ് അഭിനവ് ബിന്ദ്ര ദേശീയ ഗെയിംസിന് എത്തിച്ചേരില്ല. ജര്‍മനിയില്‍ ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് മത്സരങ്ങള്‍ നടക്കുന്നതിനാലാണ് ദേശീയ ഗെയിംസില്‍ നിന്നു വിട്ടുനില്ക്കുന്നത്. മറ്റൊരു ഷൂട്ടറായ രാജ്യവര്‍ധന സിംഗ് റാത്തോഡ് കേന്ദ്രമന്ത്രിയായി ചുമതല ഏറ്റതോടെ മത്സരങ്ങള്‍ക്കില്ല.

സര്‍വീസസില്‍ നിന്നുള്ള ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ താരങ്ങളായ ജിത്തു റായ്, ഹരി ഓം സിംഗ്, സത്യേന്ദ്രസിംഗ് എന്നിവര്‍ ദേശീയ ഗെയിംസിനെത്തും. നിനാന്ദ് ചിധരി (മഹാരാഷ്ട്ര), ഇഷാന്‍ ഗോയല്‍ (യു.പി), നവ്ദീപ് സിംഗ് റാത്തോര്‍ (എം.പി), ബി.കെ സിദ്ധാര്‍ഥ ബാബു (കേരളം) എന്നിവരാണു പുരുഷവിഭാഗത്തിലെ ശ്രദ്ധേയരായ മറ്റു താരങ്ങള്‍. അന്‍ജും മൌഡ്ഗില്‍ (ഹരിയാന) എലിസബത്ത് സൂസന്‍ കോശി (കേരളം), ചഹാത്ത് ദീപ് കൌര്‍ (പഞ്ചാബ്), തേജസ്വിനി ആര്‍. സാവന്ദ് (മഹാരാഷ്ട്ര) എന്നിവരാണു വനിതാ വിഭാഗത്തില്‍നിന്നു മാറ്റുരയ്ക്കുന്ന ശ്രദ്ധേയ താരങ്ങള്‍.

വട്ടിയൂര്‍ക്കാവില്‍ ദേശീയ ഗെയിംസിനായി നിര്‍മിച്ച ഷൂട്ടിംഗ് റേഞ്ചിലാണു മത്സരങ്ങള്‍. ഇവിടെ ഉടന്‍ തന്നെ രണ്ടു പ്രധാന സെലക്്ഷന്‍ ട്രയല്‍സ് നടത്തുമെന്നും ഇതു ഷൂട്ടിംഗ് റേഞ്ചിന്റെ പ്രശസ്തിക്ക് ഇടയാക്കുമെന്നുമുള്ള വിശ്വാസമാണു സംസ്ഥാന സര്‍ക്കാരിന്. കുമാര്‍ സുരേന്ദ്രസിംഗ് മെമ്മോറിയല്‍ റൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പും ഒരു സെലക്്ഷന്‍ ട്രെയലുമാണ് ഇവിടെ ദേശീയ ഗെയിംസിനുശേഷം നടത്തുക.


കേരളം ആതിഥേയത്വം വഹിക്കുന്ന 35-ാം ദേശീയ ഗെയിംസില്‍ ആകെ സമ്മാനിക്കുന്നത് 1369 മെഡലുകള്‍. ഓരോ മത്സര ഇനത്തിലും നല്കുന്ന മെഡലുകളുടെ പട്ടിക
(മത്സര ഇനം, സ്വര്‍ണം, വെള്ളി, വെങ്കലം ആകെ എന്ന ക്രമത്തില്‍)

1. അക്വാട്ടിക്സ് : 50-50-50-150
2. ആര്‍ച്ചെറി: 15-15-15-45
3. അത്ലറ്റിക്സ്: 44-44-44-132
4. ബാഡ്മെന്റിന്‍: 7-7-14-28
5. ബാസ്കറ്റ്ബോള്‍: 2-2-2-6
6. ബോക്സിംഗ്: 20-20-40-80
7. കനോയ് &കയാക്ക്: 36-36-36-108
8. സൈക്ളിംഗ്: 20-20-20-60
9. ഫെന്‍സിംഗ്: 12-12-24-48
10. ഫുട്ബോള്‍: 2-2-2-6
11. ജിംനാസ്റ്റിക്സ്: 20-20-20-60
12. ഹാന്‍ഡ്ബോള്‍: 2-2-2-6
13. ബീച്ച് ഹാന്‍ഡ് ബോള്‍: 2-2-2-6
14. ഹോക്കി: 2-2-2-6
15. ജൂഡോ: 14-14-28-56
16. കബഡി: 2-2-4-8
17. ഖോ-ഖോ: 2-2-4-8
18. ലോണ്‍ ബോള്‍: 8-8-16-32
19. നെറ്റ്ബോള്‍: 2-2-2-6
20. റോവിംഗ്: 18-18-18-54
21. റഗ്ബി: 2-2-2-6
22. ഷൂട്ടിംഗ്: 38-38-38-114
23. സ്ക്വാഷ്: 2-2-4-8
24. ടേബിള്‍ ടെന്നീസ്: 7-7-14-28
25. തായ്ക്വാണ്േടാ: 16-16-32-64
26. ടെന്നീസ്: 6-6-12-24
27. ട്രയാത്തലണ്‍: 4-4-4-12
28. വോളീബോള്‍: 2-2-2-6
29. ബീച്ച് വോളിബോള്‍: 2-2-2-6
30. വെയ്റ്റ്ലിഫ്റ്റിംഗ്: 15-15-15-45
31. റെസ്്ലിംഗ്: 24-24-48-96
32. വുഷു: 15-15-22-52
33. യാച്ചിംഗ്: 1-1-1-3

ആകെ 414-414-541-1369
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.