അന്ന് ആകെ 10 കോടി; ഇന്ന് സ്റേഡിയങ്ങള്‍ക്കു മാത്രം 300 കോടി
അന്ന് ആകെ 10 കോടി; ഇന്ന് സ്റേഡിയങ്ങള്‍ക്കു മാത്രം 300 കോടി
Wednesday, January 28, 2015 10:56 PM IST
തോമസ് വര്‍ഗീസ്

1987ല്‍ പത്തുകോടി രൂപയോളം മാത്രമാണ് ദേശീയ ഗെയിംസിന് ആകെ ചെലവായതെങ്കില്‍ 2015 ദേശീയഗെയിംസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതു പ്രകാരം അടിസ്ഥാനസൌകര്യവികസനത്തിനുമാത്രം ചെലവാക്കിയത് 300 കോടി രൂപയോളമാണ്. ഈ മുടക്കുമുതല്‍ പുതുതലമുറുടെ കായിക ഉന്നമനത്തിനു കൂടി സഹായകരമാകണം. തിരുവനന്തപുരം കാര്യവട്ടത്ത് പുതുതായ നിര്‍മിക്കുന്ന സ്റേഡിയമാണ് 35-ാം ദേശീയ ഗെയിംസിനോട് അനുബന്ധിച്ചു കേരളത്തിനു ലഭിക്കുന്ന അടിസ്ഥാന സൌകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റേഡിയമാണ് കാര്യവട്ടത്ത് ഒരുങ്ങുന്നത്. ബാസ്കറ്റ്ബോള്‍, ടേബിള്‍ ടെന്നീസ്, സ്ക്വാഷ്, ബാഡ്മിന്റണ്‍, സ്വിമ്മിംഗ് എന്നീ മത്സരങ്ങള്‍ നടത്താനുള്ള ക്രമീകരണങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കുന്നുണ്ട്. 161 കോടി രൂപയാണ് സ്റ്റേഡിയത്തിനായി ചെലവഴിച്ചത്. നിലവില്‍ സംസ്ഥാനത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മാത്രമാണുള്ളത്. ഗെയിംസിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നാലേ ഈ സ്റേഡിയം മികച്ചരീതിയില്‍ സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളു.

കേരള ക്രിക്കറ്റ് അസോസിയേഷനും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങളാവും ഇതില്‍ അന്തിമം. ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമെന്നു വിശേഷിപ്പിച്ചിരുന്ന കേരളത്തിലേക്ക് കൂടുതല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കൊണ്ടു വരുന്നതിനും ഈ സ്റേഡിയം സഹായകരമാകും.

87-ലെ ഗെയിംസില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടന്ന തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയത്തില്‍ ഏറെക്കാലത്തിനു ശേഷം വീണ്ടുമൊരു ദേശീയ ഗെയിംസ് എത്തുന്നതോടെയാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായത്. ഇടക്കാലത്ത് പൊതുയോഗങ്ങള്‍ക്കായി നല്കിയതോടെ തകര്‍ന്ന സ്റ്റേഡിയത്തിലെ ട്രാക്കും ഫീല്‍ഡും പുതുക്കിപ്പണിതു. ഇക്കുറി താരങ്ങളുടെ വാം അപ് സ്റേഡിയമായാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം ഉപയോഗിക്കുന്നത്. എട്ടു കോടി രൂപയുടെ അറ്റകുറ്റപ്പണികളാണ് ഇവിടെ നടക്കുന്നത്. സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതോടെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ അയല്‍പക്ക സ്റേഡിയവും സിന്തറ്റിക് പ്രൌഢിയില്‍. ഫുട്ബോള്‍ മത്സരങ്ങള്‍ക്കായുള്ള കോഴിക്കോട് കോര്‍പറേഷന്‍ സ്റേഡിയം 21 കോടി മുടക്കിയാണ് നവീകരണം നടത്തുന്നത്.


മേനംകുളം ഗെയിംസ് വില്ലേജ്

5000 പേര്‍ക്കുള്ള താമസ സൌകര്യങ്ങളാണ് ഗെയിംസ് വില്ലേജില്‍ ഒരുക്കുന്നത്. ഫാബ്രിക്കേറ്റഡ് ഹൌസിംഗ് ടെക്നോളജി ഉപയോഗിച്ചാണ് ഗെയിംസ് വില്ലേജിലെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. പരിസ്ഥിതി സൌഹാര്‍ദമായ ഗെയിംസ് എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തരമൊരു നിര്‍മാണപ്രവര്‍ത്തന ആശയം സാക്ഷാത്കരിക്കുന്നത്. ആകെ 365 പ്രീ ഫാബ് വീടുകളാണ് നിര്‍മിക്കുന്നത്. ഓരോ വീടുകളിലും കിച്ചണ്‍, ഫുഡ്കോര്‍ട്ട്, റിസപ്ഷന്‍ ഡെസ്ക് തുടങ്ങിയ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൊളിച്ചുമാറ്റാവുന്ന രീതിയിലുള്ള ഈ സൌകര്യങ്ങള്‍ ദേശീയ ഗെയിംസിനുശേഷം സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്നതാണ്.

ദേശീയ ഗെയിംസ് മത്സരങ്ങള്‍ നടക്കുന്ന സ്റേഡിയങ്ങളും മത്സരയിനങ്ങളും സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുന്ന പണവും

കോര്‍പറേഷന്‍ സ്റേഡിയം തൃശൂര്‍( വനിതാ ഫുട്ബോള്‍)- എട്ടുകോടി
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം തിരുവനന്തപുരം- 11.5 കോടി
പോലീസ് അക്കാദമി രാമവര്‍മപുരം( ട്രാപ്പ് ആന്‍ഡ് സ്കീറ്റ് ഷൂട്ടിംഗ്) - അഞ്ചു കോടി
ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം കൊല്ലം( റഗ്ബി) 6.89 കോടി
എല്‍എന്‍സിപി കാര്യവട്ടം( സൈക്ളിംഗ് വെലോഡ്രോം)- 1.79 കോടി
മെഡിക്കല്‍ കോളജ് ഗ്രൌണ്ട് കോഴിക്കോട് (പുരുഷ ഫുട്ബോള്‍)- 15 കോടി
ഹോക്കി സ്റ്റേഡിയം. ആശ്രാമം. കൊല്ലം (ഹോക്കി)- 17.55 കോടി
ടെന്നീസ് കോംപ്ളക്സ് കുമാരപു—ം തിരുവനന്തപുരം (ടെന്നീസ്)- 2.64 കോടി
രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം കടവന്ത്ര (ടേബിള്‍ ടെന്നീസ്) - 10.23 കോടി.
ഷൂട്ടിംഗ് റേഞ്ച് വട്ടിയൂര്‍കാവ്, തിരുവനന്തപുരം
(റൈഫിള്‍ ആന്‍ഡ് പിസ്റള്‍ ഷൂട്ടിംഗ്)- 17.1 കോടി
ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം, തിരുവനന്തപുരം (സ്ക്വാഷ് മാച്ച്)- 5.5 കോടി
ശ്രീപാദം സ്റേഡിയം ആറ്റിങ്ങല്‍ (കബഡി, ഖോ-ഖോ) - 7.18 കോടി
തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തൃശൂര്‍ ( ബോക്സിംഗ്) 1.08 കോടി
യൂണിവേഴ്സിറ്റി സ്റ്റേഡിയം തിരുവനന്തപുരം(അത്ലറ്റിക്സ്) - 9.76 കോടി
വി.കെകെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട് (വോളിബോള്‍) 6.53 കോടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.