ഇന്ത്യക്ക് ഇനി സെമി; ഓസ്ട്രേലിയ-ഇന്ത്യ മത്സരം മഴമൂലം മുടങ്ങി
Wednesday, January 28, 2015 10:58 PM IST
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മത്സരം മഴ കൊണ്ടുപോയതോടെ ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരം ഇന്ത്യക്കു നിര്‍ണായകമായി. വെള്ളിയാഴ്ച അവസാന മത്സരത്തില്‍ ഇംഗ്ളണ്ടിനെ കീഴ്പ്പെടുത്തിയാല്‍ ഇന്ത്യക്കു ഫൈനലിലെത്താം. മൂന്നു കളികളില്‍ നിന്നും ഇന്ത്യക്കു രണ്ട് പോയിന്റു മാത്രമാണുള്ളത്. ഇംഗ്ളണ്ടിനാകട്ടെ ഇന്ത്യയെ തോല്പിച്ച വകയില്‍ കിട്ടിയ അഞ്ചുപോയിന്റും. നേരത്തെ നാലില്‍ മൂന്നു കളിയും ജയിച്ച കങ്കാരുക്കള്‍ ആധികാരികമായി ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ഞായറാഴ്ച പെര്‍ത്തിലാണ് കലാശപ്പോരാട്ടം.

തിങ്കളാഴ്ച നടന്ന മത്സരം മഴമൂലം വൈകിയാണ് ആരംഭിച്ചത്. ടോസ് നേടിയ ഓസീസ് നായകന്‍ ജോര്‍ജ് ബെയ്ലി ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യ രണ്ടിനു 69 എന്നനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ വീണ്ടുമെത്തിയത്. ഇതോടെ കളി ഉപേക്ഷിച്ചു. 28 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും വിരാട് കോഹ്ലിയും (മൂന്ന്) ആയിരുന്നു ക്രീസില്‍. ഫോം കണ്െടത്താന്‍ വിഷമിക്കുന്ന ശിഖര്‍ ധവാന്‍ (8) വീണ്ടും പരാജയപ്പെട്ടു. നല്ല തുടക്കം കിട്ടിയ അമ്പാട്ടി റായ്ഡുവിനും (22) തുടക്കം മുതലാക്കാനായില്ല.

വെള്ളിയാഴ്ച നിര്‍ണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്കു മുന്നിലുള്ള വിവശതകള്‍ ചെറുതല്ല. മികച്ച തുടക്കം നല്കാന്‍ മെനക്കെടാത്ത ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഫോം ധോണിക്കു വലിയ തലവേദനയാണ്. പരമ്പരയില്‍ മൂന്നുമത്സരം കളിച്ച ഈ ഇടംകൈയന് രണ്ടക്കം കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സഹ ഓപ്പണറായ രോഹിത് ശര്‍മയാകട്ടെ പരിക്കിന്റെ പിടിയിലും. ഇംഗ്ളണ്ടിനെതിരേ രോഹിത് കളിച്ചേക്കുമെന്നാണ് സൂചന. മികച്ച ഫോമിലായിരുന്ന വിരാട് കോഹ്ലിയെ മൂന്നാംനമ്പറില്‍ നിന്നും നാലിലേക്കു മാറ്റിയതോടെ താരത്തിന്റെയും ഇന്ത്യയുടെയും ബാറ്റിംഗ് താളംതെറ്റി. പേരുകേട്ട ബാറ്റിംഗ് നിരയില്‍ പരിഹരിക്കാന്‍ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. ബൌളിംഗും ആശാവഹമല്ല. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും അനുകൂലസാഹചര്യം മുതലാക്കാനാകാതെ കുഴങ്ങുകയാണ്. ഓസീസ്, ഇംഗ്ളീഷ് പേസര്‍മാര്‍ വിക്കറ്റുകളെടുക്കുന്ന പിച്ചില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പ്രധാന താരങ്ങള്‍ ഫോം ഓട്ടായതോടെ ശരിയായ ടീം കോംപിനേഷന്‍ കണ്െടത്തുകയെന്നത് വലിയ വെല്ലുവിളിയായിട്ടുണ്ട്. എന്തായാലും ഫോമിലുള്ള ഇംഗ്ളണ്ടിനെ മറികടക്കണമെങ്കില്‍ ധോണിയും കൂട്ടരും നന്നായി പരിശ്രമിക്കേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.