റിക്വല്‍മി വിരമിച്ചു
Wednesday, January 28, 2015 10:58 PM IST
ബുവാനോസ് ആരിസ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം യുവാന്‍ റോമന്‍ റിക്വല്‍മി ഇനി ഫുട്ബോള്‍ കളിക്കില്ല. അദ്ദേഹം അന്താരാഷ്്ട്ര ഫുട്ബോളിനോടു വിടപറഞ്ഞു. പ്രമുഖ അര്‍ജന്റൈന്‍ ക്ളബ് ബൊക്കാ ജൂണിയേഴ്സിനും ബാഴ്സലോണയ്ക്കും വിയ്യാറയലിനും വേണ്ടി കളിച്ചിട്ടുള്ള റിക്വല്‍മി ലോകകപ്പില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഇറങ്ങി. അര്‍ജന്റീനോസ് ജൂണിയേഴ്സ് ക്ളബ്ബില്‍ കളിച്ചുവരവേയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുന്നത്. റിക്വല്‍മി പരാഗ്വന്‍ ക്ളബ് സെറോ പൊര്‍ട്ടേനോയുമായി കിളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇനി ഫ്ുബോളില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും ആരാധകനായി തുടരാനാണു താത്പര്യമെന്നും റിക്വല്‍മി പറഞ്ഞു.

1997ലാണു റിക്വല്‍മി അര്‍ജന്റീനയ്ക്കുവേണ്ടി ആദ്യം കളത്തിലിറങ്ങുന്നത്. 2008ലാണ് അവസാനമായി ദേശീയ കുപ്പായമണിഞ്ഞത്. മികച്ച പ്ളേമേക്കറായിരുന്ന റിക്വല്‍മി 51 മത്സരങ്ങളില്‍നിന്ന് 17 ഗോളുകള്‍ നേടി. നാലു തവണ അര്‍ജന്റൈന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട റിക്വല്‍മി 2006 ലോകകപ്പിലും കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും രാജ്യത്തിനു വേണ്ടി ബൂട്ടുകെട്ടി. ബോക്ക ജൂണിയേഴ്സിന് അഞ്ചു ലീഗ് കിരീടങ്ങളും മൂന്നു കോപ്പ ലിബര്‍ട്ടഡോസ് ചാമ്പ്യന്‍ഷിപ്പുകളും റിക്വല്‍മി വാങ്ങിക്കൊടുത്തു. മാറഡോണയ്ക്കുശേഷം അര്‍ജന്റീന കണ്ട മികച്ച ഫുട്ബോളറെന്ന് റിക്വല്‍മി വിശേഷിപ്പിക്കപ്പെട്ടിരുന്നു. പലപ്പോഴും ഫുട്ബോള്‍ അസോസിയേഷനിലെ അധികാര വടംവലിയും മറ്റും അദ്ദേഹത്തെ ദേശീയ ടീമില്‍നിന്ന് അകറ്റിനിര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.