മണിപ്പൂര്‍ തുഴച്ചില്‍ ടീമെത്തി
മണിപ്പൂര്‍ തുഴച്ചില്‍ ടീമെത്തി
Thursday, January 29, 2015 10:27 PM IST
ആലപ്പുഴ: നാഷണല്‍ ഗെയിംസിനുള്ള ആദ്യകായികസംഘം ഇന്നലെ ആലപ്പുഴയില്‍ എത്തി. മണിപ്പൂരില്‍ നിന്നുള്ള റോവിംഗ് ടീമാണ് രാവിലെ റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങിയത്. ചെന്നൈ -ആലപ്പുഴ എക്സ്പ്രസിലെത്തിയ സംഘത്തിന് കെ.സി. വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയപ്രമുഖരും ഉന്നതോദ്യോഗസ്ഥരും സ്പോര്‍ട്സ് കൌണ്‍സില്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കി.

ടീം മാനേജര്‍ എ. റുപാബാന്‍ സിംഗും 14 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. കളിക്കാരെ കൂടാതെ ഭാരവാഹികളും ഒപ്പമുണ്ട്. റോവിംഗ് മത്സരങ്ങള്‍ക്കായുള്ള വലിയ തുഴകളുമായാണ് സംഘം എത്തിയത്. എ.എം. ആരിഫ് എംഎല്‍എ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.ആര്‍. ആസാദ്, എ.എ. ഷുക്കൂര്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമൈലത്ത് പി.എ., ആര്യാട് പഞ്ചായത്ത്് പ്രസിഡന്റ് അഡ്വ. എം. രവീന്ദ്രദാസ്, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് പി.ജെ. ജോസഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം. സുരേഷ്, റെയില്‍വേ സ്റേഷന്‍ മാനേജര്‍ ജോഷി, ഡെപ്യൂട്ടി കളക്ടര്‍ എന്‍. സെയ്ഫുദ്ദീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, തഹസീല്‍ദാരുടെ ചുമതല വഹിക്കുന്ന സജീവ്, നഗരസഭാംഗങ്ങളായ പ്രീതി സജീവ്, തോമസ് ജോസഫ്, റോവിങ് അസോസിയേഷന്‍ സെക്രട്ടറി ശ്രീകുമാരക്കുറുപ്പ്്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ടീമിനെ സ്വീകരിക്കാനായി എത്തിയിരുന്നു.


ഇന്ന് വൈകുന്നേരം 5.15ന് ഒഡിഷയില്‍ നിന്ന് 18 പേരടങ്ങുന്ന റോവിംഗ് ടീമും രാത്രി ഒമ്പതിന് 19 പേരടങ്ങുന്ന സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡ് സര്‍വീസസ് ടീമും എത്തും. 10.20ന് ഛത്തീസ്ഗഡില്‍ നിന്നുള്ള കായികതാരവും മധ്യപ്രദേശില്‍ നിന്ന് 24 പേരും എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.