കണ്ണൂരില്‍ ഇന്നു ഗോദ ഉണരും
കണ്ണൂരില്‍ ഇന്നു ഗോദ ഉണരും
Monday, February 2, 2015 1:07 AM IST
കണ്ണൂര്‍: ഗുസ്തി മത്സരങ്ങളോടെ കണ്ണൂരിലെ ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കു മുണ്ടയാട് സ്റേഡിയത്തില്‍ ഇന്നു തുടക്കമാകും. 22 സംസ്ഥാനങ്ങളില്‍ നിന്നുളള ഗുസ്തി താരങ്ങളും കോച്ചുമാരുമായി 276 പേര്‍ കണ്ണൂരില്‍ എത്തി. ടീം മാനേജര്‍മാര്‍, ഒഫീഷ്യലുകള്‍ എന്നിങ്ങനെ 105 പേരും എത്തിയിട്ടുണ്ട്. മുഴുവന്‍ കായിക താരങ്ങള്‍ക്കും ഇന്ന് ഉച്ചയ്ക്ക് 12ന് സ്റേഡിയത്തില്‍ സ്വീകരണം നല്‍കും. ഒളിമ്പിക് മെഡല്‍ ജേതാക്കളായ മാന്വല്‍ ഫ്രഡറിക്, സുശീല്‍കുമാര്‍ തുടങ്ങിയ കായിക പ്രതിഭകള്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്നു തിരുവാതിരക്കളിയും വെടിക്കെട്ടും അരങ്ങേറും. ഗുസ്തി മത്സരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ മുണ്ടയാട് ആരംഭിക്കും. രാത്രി ഏഴു മുതലാണു സെമി, ഫൈനല്‍ മത്സരങ്ങള്‍. ആറിനങ്ങളില്‍ ഇന്നു മെഡലുകള്‍ നിശ്ചയിക്കപ്പെടും. ബുധനാഴ്ചയാണു ഗുസ്തി മത്സരങ്ങള്‍ക്കു സമാപനം. ഗുസ്തിയില്‍ പുരുഷവിഭാഗത്തില്‍ 148 പേരും വനിതാവിഭാഗത്തില്‍ 84 പേരും പങ്കെടുക്കും.

ബാസ്കറ്റ്് ബോളാണു കണ്ണൂരില്‍ നടക്കുന്ന മറ്റൊരു മത്സരം. ഒമ്പതു മുതല്‍ 13 വരെയാണു ബാസ്കറ്റ്് ബോള്‍ മത്സരങ്ങള്‍. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുളള പുരുഷ, വനിതാ ടീമുകളാണ് ബാസ്കറ്റ്ബോളില്‍ മത്സരിക്കുക. താരങ്ങളും ഒഫീഷ്യലുകളുമായി 320 പേര്‍ എത്തും. കണ്ണൂരിലെ 11 ഹോട്ടലുകളിലായാണു ഗെയിംസിനെത്തുന്നവര്‍ക്കു താമസസൌകര്യമൊരുക്കിയിരിക്കുന്നത്. ഗുസ്തിയില്‍ മാത്രം 24 മത്സരങ്ങളിലായി 96 മെഡലുകള്‍ നിശ്ചയിക്കും. (24 സ്വര്‍ണം, 24 വെള്ളി, 48 വെങ്കലം), ബാസ്കറ്റ്ബോളില്‍ 24 വീതം സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളുമുണ്ടാവും. രണ്ടിനങ്ങളിലായി 48 സ്വര്‍ണമടക്കം 168 മെഡല്‍ കണ്ണൂരില്‍ നിശ്ചയിക്കപ്പെടും.

ദേശീയ ഗെയിംസ് കണ്ണൂരിന്റെ സാംസ്കാരികോത്സവമാക്കുംവിധം നാളെ മുതല്‍ എല്ലാദിവസ വും രാത്രി ടൌണ്‍ സ്ക്വയറില്‍ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. നാളെ രാത്രി കേരള കലാമണ്ഡലത്തിന്റെ ശാസ്ത്രീയ നൃത്തം ഉണ്ടായിരിക്കും. മൂന്നിന് എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന ഇശല്‍സന്ധ്യ, കേരള ഫോക്ലോര്‍ അക്കാദമിയുടെ വിവിധ പരിപാടികള്‍, നാലിനു ശാരീരിക വൈകല്യം നേരിടുന്നവരുടെ കലാപരിപാടികള്‍, അഞ്ചിന് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, ആറിന് ഷഹബാസ് അമന്റെ ഗസല്‍, ഏഴിന് സ്റ്റീഫന്‍ ദേവസിയുടെ ത്രിശക്തി ഫ്യൂഷന്‍,


എട്ടിന് 1983 സിനിമാ പ്രദര്‍ശനം, ഒന്‍പതിന് അനിതാ ഷെയ്ക്കിന്റെ ഗസല്‍, തുടര്‍ന്ന് മേരികോം സിനിമാ പ്രദര്‍ശനം, പത്തിന് പറശിനിക്കടവ് കഥകളി സംഘത്തിന്റെ കഥകളി, 11ന് പയ്യന്നൂര്‍ കൃഷ്ണമണിയുടെ സോപാനസംഗീതം, തുടര്‍ന്ന് കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടന്‍തുള്ളല്‍ എന്നിവയുണ്ടാകും. 12ന് കുറ്റൂര്‍ പ്രസന്നകുമാറും സംഘവും സംഘടിപ്പിക്കുന്ന പടയണിയോടെ കലാസാംസ്കാരിക പരിപാടികള്‍ സമാപിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. എംഎല്‍മാര്‍, വിവിധ കമ്മിറ്റി പ്രതിനിധികള്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ന് ആറു സ്വര്‍ണം

കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ദേശീയ ഗെയിംസ് ഗുസ്തി മത്സരങ്ങളില്‍ ആറിനങ്ങളില്‍ ഇന്നു സ്വര്‍ണം നിശ്ചയിക്കപ്പെടും. പുരുഷ ഗ്രീക്കോ റോമന്‍ സ്റൈലില്‍ 66, 85 കിലോഗ്രാം വിഭാഗങ്ങളിലും പുരുഷ ഫ്രീസ്റൈലില്‍ 57, 74 കിലോഗ്രാം വിഭാഗങ്ങളിലും വനിതാ ഫ്രീസ്റൈലില്‍ 55, 69 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരം നടക്കുക.

പുരുഷ ഗ്രീക്കോ റോമന്‍ സ്റൈല്‍ 66 കിലോഗ്രാം വിഭാഗത്തില്‍ കേരളത്തിന്റെ ജി. രഞ്ജിത്തും 85 കിലോഗ്രാം വിഭാഗത്തില്‍ കേരളത്തിന്റെ കെ.പി. അഭിനവും ഇന്നു ഗോദയില്‍ ഇറങ്ങും. പുരുഷ ഫ്രീസ്റൈല്‍ 57 കിലോഗ്രാമില്‍ കെ. സുശാന്തും 74 കിലോഗ്രാമില്‍ മാത്യു ഷിന്‍സും വനിതാ ഫ്രീസ്റൈല്‍ 55 കിലോഗ്രാമില്‍ ജി.എസ്. മജിത്തും 69 കിലോഗ്രാമില്‍ എന്‍.വി. അഞ്ജനയും കേരളത്തിനു വേണ്ടി മത്സരിക്കും.

പ്രാഥമികഘട്ട മത്സരവും സെമിയും ഫൈനലും ഇന്നുതന്നെ നടക്കും. മത്സരങ്ങള്‍ക്കു മുന്നോടിയായി മത്സരാര്‍ഥികളുടെ ശരീരഭാര പരിശോധന ഇന്നലെ മുണ്ടയാട് സ്റേഡിയത്തില്‍ നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.