തുടക്കം സൂപ്പര്‍ സണ്‍ഡേ
തുടക്കം സൂപ്പര്‍ സണ്‍ഡേ
Monday, February 2, 2015 1:08 AM IST
വി. മനോജ്

കോഴിക്കോട്: ഫുട്ബോളില്‍ സ്വര്‍ണം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ശക്തരായ മഹാരാഷ്ട്രയാണ് എതിരാളികള്‍. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണു മത്സരം. രാവിലെ ഏഴിന് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ ടി. അബ്ദുള്‍റഹിമാന്‍ സ്റേഡിയത്തില്‍ തമിഴ്നാട് ഗോവയുമായി മത്സരിക്കും.

ബാക്കിയുള്ള മത്സരങ്ങള്‍ കോര്‍പറേഷന്‍ സ്റേഡിയത്തിലാണു നടക്കുക. കഴിഞ്ഞ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ എട്ടിലെത്തിയ ടീമുകളാണ് ദേശീയ ഗെയിംസില്‍ മത്സരിക്കുന്നത്. കേരളം ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് എന്നിവയാണുള്ളത്. ബി ഗ്രൂപ്പില്‍ നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായ മിസോറാമിനു പുറമെ പഞ്ചാബ്, ബംഗാള്‍, സര്‍വീസസ് എന്നീ ടീമുകളും. ഗ്രൂപ്പുകളില്‍നിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമിഫൈനലിലേക്കു യോഗ്യത നേടും. ഫെബ്രുവരി ഏഴിനാണ് സെമിഫൈനല്‍. ഒമ്പതിനു ഫൈനലും.

ദിവസവും വൈകുന്നേരം നാലിനും ഏഴിനുമായി രണ്ടു കളികളുണ്ടായിരിക്കും. സന്തോഷ്ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരം കഴിഞ്ഞു മൂന്നുദിവസം മുമ്പാണ് കേരളാ ടീം മഞ്ചേരിയില്‍നിന്നു കോഴിക്കോട്ടെത്തിയത്. ആദ്യദിനത്തില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ടീം പരിശീലനത്തിനിറങ്ങുകയും ചെയ്തു.

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതയ്ക്കായി ഒരു മാസത്തിലേറെയായി ഒന്നിച്ചു കളിച്ചു സെറ്റായ ടീമുമായാണ് കേരളം കളത്തിലറങ്ങുന്നത്. എന്നാല്‍ കടുപ്പമേറിയ മത്സരങ്ങളാണ് കേരള ത്തെ കാത്തിരിക്കുന്നത്.

എയര്‍ ഇന്ത്യ, ഒഎന്‍ജിസി താരങ്ങള്‍ക്കു പ്രാമുഖ്യമുള്ള ടീമാണ് മഹാരാഷ്ട്ര. എന്നതിനാല്‍ വന്‍ പോരാട്ടം തന്നെ കേരളത്തിനു നടത്തേണ്ടിവരും. കേരളത്തേക്കാള്‍ വന്‍കിട ടീമുകളോടു കളിച്ചു പരിചയമുള്ളവരാണ് മഹാരാഷ്ട്രയിലേത്.


കേരളം നിരന്തരം പരിശീലനങ്ങള്‍ നടത്തിയിട്ടുണ്െടങ്കിലും മികച്ച സന്നാഹ മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ സിലിഗുരിയില്‍ നടന്ന സന്തോഷ്ട്രോഫിയില്‍ മിസോറാമിനോടും അടുത്ത മത്സരത്തില്‍ മഹാരാഷ്ട്രയോടും തോറ്റാണ് കേരളം പുറത്തായത്.

വന്‍ മത്സരങ്ങള്‍ നേരിടുമ്പോള്‍ പിഴവ് സംഭവിക്കുന്നത് കേരളത്തിനു തിരിച്ചടി തന്നെയാണ്. ആ ടീമില്‍ നിന്നു അല്‍പം വ്യത്യാസവുമായാണ് കേരളം ഇക്കുറി വരുന്നത്.

ഹോം ഗ്രൌണ്ടിലാണ് കളി എന്നതാണ് കേരളത്തിനു അനുകൂലഘടകം. 4-2-2 ശൈലിയില്‍ തന്നെയാകും കേരളത്തിന്റെ ലൈനപ്പ്.

പ്രതിരോധത്തില്‍ കെഎസ്ഇബി താരം വി.വി. സുര്‍ജിത്, ടി. സജിത്, ഷെറിന്‍സാം, വാഹിദ് സാലി എന്നിവരുടെ പ്രസരിപ്പിലാകും കോച്ച് പി.കെ രാജീവ് വിശ്വസമര്‍പ്പിക്കുന്നത്. ക്യാപ്റ്റന്‍ വി.കെ ഷിബിലന്‍ലാല്‍, യു. ജിംഷാദ്, കെ.പി. അനീഷ്, എം. സജേഷ്, ജിജോ ജോസഫ്, വി.എസ്. അസ്കര്‍, ഉസ്മാന്‍ ആഷിഖ്…അടങ്ങുന്ന മധ്യനിര ശക്തമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കയറി കളിക്കാന്‍ മിടുക്കുള്ള ഒന്നിലധികം പേര്‍ മധ്യനിരയിലുണ്ട്.

മുന്‍നിരയില്‍ വി.പി. സുഹൈര്‍, നസ്റുദീന്‍, ജോബി ജസ്റിനുമാണുള്ളത്. ഗോളടിക്കാന്‍ കഴിവുള്ളതാരങ്ങളാണ് ഇവര്‍. വി. മിഥുനായിരിക്കും ഗോള്‍ വലയം കാക്കാന്‍ നിയോഗിക്കപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.