യുവകരുത്തില്‍ ടേബിള്‍ ടെന്നീസ്
യുവകരുത്തില്‍ ടേബിള്‍ ടെന്നീസ്
Monday, February 2, 2015 1:15 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ടേബിള്‍ ടെന്നീസില്‍ യുവതാരങ്ങളെ അണിനിരത്തിയാണ് കേരളത്തിന്റെ പോരാട്ടം. പശ്ചിമബംഗാള്‍ പോലുള്ള ശക്തരായ സംസ്ഥാനങ്ങള്‍ക്കെതിരേയാണ് കേരളത്തിന്റെ പടപ്പുറപ്പാട്. കേരളത്തിന്റെ വനിതാ ടീമംഗങ്ങളുടെ പ്രായം 22 വയസിനു താഴെയാണ്. ദേശീയ ഗെയിംസ് ടേബിള്‍ ടെന്നീസിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ് കേരളത്തിനുള്ളത്. 17 വയസുള്ള ആലപ്പുഴ സ്വദേശിനിയായ മരിയ റോണിയാണ് മുന്നില്‍ നിന്നും നയിക്കുന്നത്. ഗെയിംസില്‍ അരങ്ങേറ്റം കുറിക്കുന്നത് നായികയായിട്ടാണെന്ന പ്രത്യേകതയുമുണ്ട്. ജൂണിയര്‍ താരങ്ങളില്‍ ഇന്ത്യയിലെ രണ്ടാം സ്ഥാനക്കാരിയാണ് ഇപ്പോള്‍.

15 വയസില്‍ താഴെ ഉള്ളവരുടെ ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഏഷ്യന്‍ ടീമിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു മരിയ. 52 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട നാലു പേരില്‍ ഏക ഇന്ത്യന്‍ പ്രതിനിധിയും ടേബിള്‍ ടെന്നീസില്‍ ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയുമാണ്. ലോക കിരീടം നേടുന്ന രണ്ടാമത്തെ മലയാളി വനിത തുടങ്ങിയ വിശേഷണങ്ങളും മരിയയ്ക്കു സ്വന്തം.


മരിയയേക്കാള്‍ പ്രായം കുറഞ്ഞ ഒരു താരംകൂടി ടീമിലുണ്ട്. 16 കാരിയായ ജിയ അന്ന ജോര്‍ജ്. സേറ ജേക്കബ്, അഥീന കെ. ലത്തീഫ്, ശിഖ ജേക്കബ് എന്നിവരാണ് കേരളത്തിന്റെ മറ്റു വനിതാ ടീമംഗങ്ങള്‍. ഡബിള്‍സിലും ടീമിനത്തിലും കേരളം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. സേറ ജേക്കബിനൊപ്പം മരിയയാണ് ഡബിള്‍സില്‍ ഇറങ്ങുന്നത്. പുതുച്ചേരിയില്‍ നടന്ന സീനിയര്‍ നാഷണല്‍സില്‍ ഈ സഖ്യം വെങ്കലമണിഞ്ഞിരുന്നു.

പുരുഷ ടീമിനെ സെന്തില്‍കുമാറാണ് നയിക്കുന്നത്. അനസ് ഇര്‍ഷാദ്, ഭരത് കൃഷ്ണന്‍, എം. ഹരികൃഷ്ണന്‍, വൈശാഖ് രവി എന്നിവരാണ് മറ്റ് അംഗങ്ങള്‍. പുരുഷടീമിന്റെ കോച്ച് ബി.എം. തേജേഷ്കുമാര്‍, റോബിന്‍ ജെ. ക്ളറ്റ്സി എന്നിവരാണ്. എം.ആര്‍. രാജീവ്, ബോബി ജോസഫ് എന്നിവരാണ് വനിതാ ടീം കോച്ചുമാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.