സംഗക്കാരയും ദില്‍ഷനും; ലങ്ക മുന്നേറുന്നു
Friday, February 27, 2015 10:41 PM IST
മെല്‍ബണ്‍: ഓപ്പണര്‍ ദില്‍ഷനും വിക്കറ്റ് കീപ്പര്‍ സംഗക്കാരയും പുറത്താകാതെ നേടിയ സെഞ്ചുറികളുടെ മികവില്‍ ബംഗ്ളാദേശിനെതിരേ ശ്രീലങ്കയ്ക്ക് 92 റണ്‍സ് വിജയം. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. മെല്‍ബണിലെ റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് 47 ഓവറില്‍ എല്ലാവരും പുറത്തായി. 146 പന്തില്‍ 22 ബൌണ്ടറിയടക്കം 161 റണ്‍സ് നേടി പുറത്താകാതെ നിന്ന തിലകരത്നെ ദില്‍ഷനാണു മാന്‍ ഓഫ് ദ മാച്ച്. 76 പന്തില്‍നിന്ന് 13 ബൌണ്ടറിയും ഒരു സിക്സറുമടക്കം 105 റണ്‍സ് നേടിയ സംഗക്കാരയും മികച്ച പ്രകടനം കാഴ്ചവച്ചു. 52 റണ്‍സ് നേടിയ ലഹിരു തിരിമനെയാണ് പുറത്തായത്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗിനു തീരുമാനിച്ചു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു പരാജയപ്പെട്ട ശ്രീലങ്ക, ഇനിയൊരു പരാജയം അവരുടെ ക്വാര്‍ട്ടര്‍ പ്രവേശനത്തെ ബാധിക്കുമെന്ന തോന്നലില്‍ വളരെ ശ്രദ്ധയോടെയാണ് ബാറ്റിംഗ് തുടങ്ങിയത്. സാധാരണ കൂറ്റനടികളിലൂടെ സ്കോര്‍ബോര്‍ഡില്‍ റണ്‍സുയര്‍ത്തുന്ന ദില്‍ഷന്‍ ഇത്തവണ ബൌണ്ടറികളും സിംഗിളുകളുമാണ് ആയുധമാക്കിയത്. തിരിമാനെ മികച്ച പിന്തുണയും കൊടുത്തു. 21 ഓവറിലാണ് അവര്‍ 100 റണ്‍സ് സ്വന്തമാക്കിയത്.

122ലെത്തിയപ്പോള്‍ തിരിമാനെയെ ലങ്കയ്ക്കു നഷ്ടപ്പെട്ടെങ്കിലും സംഗക്കാരയെ കൂട്ടുപിടിച്ച് ബംഗ്ളാദേശിനെ ദില്‍ഷന്‍ ആക്രമിച്ചു. സംഗക്കാര കൂടി ഫോമിലെത്തിയതോടെ ബംഗ്ളാദേശ് ബൌളര്‍മാര്‍ വിയര്‍ത്തു. പന്ത് നാലുപാടും പാഞ്ഞു. ഇതിനിടെ, സംഗക്കാരയെ പുറത്താക്കാനുള്ള രണ്ട് അവസരമാണ് ബംഗ്ളാദേശ് ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. സംഗക്കാര 23,60 റണ്‍സുകളില്‍ എത്തിയപ്പോഴാണ് സംഗക്കാരയ്ക്കു ജീവന്‍ ലഭിച്ചത്. ലങ്കന്‍ ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ സംഗക്കാര സെഞ്ചുറി പൂര്‍ത്തിയാക്കി.

400-ാം മത്സരം കളിക്കുന്ന സംഗക്കാരയുടെ 22-ാം സെഞ്ചുറിയാണിത്. 25.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 210 റണ്‍സാണ്. അരവിന്ദ ഡിസല്‍വയെ പിന്തള്ളി ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ലങ്കന്‍ ബാറ്റ്സ്മാനെന്ന ഖ്യാതിയും സ്വന്തമാക്കി. 21-ാം സെഞ്ചുറി നേടിയ ദില്‍ഷന്റെ ഉയര്‍ന്ന സ്കോര്‍കൂടിയാണിത്.


മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിന് സ്കോര്‍ബോര്‍ഡ് തുറക്കുംമുമ്പേ തമിം ഇംക്ബാലിനെ നഷ്ടമായി ലസിത് മലിംഗ തമിം ഇക്ബാലിനെ ക്ളീന്‍ബൌള്‍ഡാക്കി.

പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന അനാമുള്‍ ഹഖും സൌമ്യ സര്‍ക്കാറും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരെയും പുറത്താക്കിക്കൊണ്ട് മാത്യൂസും ലക്മലും തിരിച്ചടിച്ചു.

ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷക്കീബ് അല്‍ ഹസനും മുഷ്ഫിക്കര്‍ റഹിമും ബംഗ്ളാദേശിനായി രക്ഷാപ്രവര്‍ത്തനം നടത്തി. 46 റണ്‍സെടുത്തു പുറത്തായ ഷക്കീബിനു പിന്നാലെയെത്തിയ സാബിര്‍ റഹ്്മാനും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍, ഇതൊന്നും വിജയത്തിനു പര്യാപ്തമായ ഇന്നിംഗ്സായില്ല. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൌളിംഗ് പുറത്തെടുത്ത മലിംഗയാണ് ബംഗ്ളാദേശിനെ തകര്‍ത്തത്. ലങ്കയ്ക്കുവേണ്ടി മലിംഗ മൂന്നും ലക്മലും ദില്‍ഷനും രണ്ടു വിക്കറ്റ് വീതം നേടി.



സ്കോര്‍ബോര്‍ഡ്

ശ്രീലങ്ക ബാറ്റിംഗ്

തിരിമാനെ സി ടസ്കിന്‍ അഹമ്മദ് ബി റൂബല്‍ ഹുസൈന്‍ 52, ദില്‍ഷന്‍ നോട്ടൌട്ട് 161, സംഗക്കാര നോട്ടൌട്ട് 105, എക്സ്ട്രാസ് 14.

ആകെ 50 ഓവറില്‍ ഒന്നിന് 332.

ബൌളിംഗ്

മഷറഫെ മൊര്‍ത്താസ 10-0-53-0, റൂബല്‍ ഹുസൈന്‍ 9-0-62-1, ടസ്കിന്‍ അഹമ്മദ് 10-1-82-0, ഷക്കീബ് അല്‍ ഹസന്‍ 10-055-0, മുഹമ്മദുള്ള 7-0-49-0, ഷാബിര്‍ റഹ്്മാന്‍ 4-0-26-0.

ബംഗ്ളാദേശ് ബാറ്റിംഗ്

തമ്ിം ഇക്ബാല്‍ ബി മലിംഗ 0, അനാമുള്‍ ഹഖ് റണ്ണൌട്ട് 29, സൌമ്യ സര്‍ക്കാര്‍ സി സംഗക്കാര ബി മാത്യൂസ് 25, മോമിനുള്‍ ഹഖ് സി ജയവര്‍ധനെ ബി ലക്മല്‍ 1, മുഹമ്മദുള്ള സി ഹെറാത്ത് ബി പെരേര 28, ഷക്കീബ് അല്‍ ഹസന്‍ സി മലിംഗ ബി ദില്‍ഷന്‍ 46, മുഷ്ഫിക്കര്‍ റഹിം സി സംഗക്കാര ബി മലിംഗ 53, മഷറഫെ മൊര്‍ത്താസ സ്റംപ്ഡ് സംഗക്കാര ബി ദില്‍ഷന്‍ 7, റൂബല്‍ ഹുസൈന്‍ നോട്ടൌട്ട് 0, ടസ്കിന്‍ അഹമ്മദ് എല്‍ബിഡബ്ള്യു ബി മലിംഗ 0, എക്സ്ട്രാസ് 15

ആകെ 47 ഓവറില്‍ എല്ലാവരും പുറത്ത്

ബൌളിംഗ്

മലിംഗ 9-0-35-3, ലക്മല്‍ 8-0-49-2, മാത്യൂസ് 5.4-0-36-1, ഹെറാത്ത് 10-0-43-0, പെരേര 6.2-0-33-1, ദില്‍ഷന്‍ 8-0-35-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.