എല്ലാം എന്റെ വഴിക്കായിരുന്നു
എല്ലാം എന്റെ വഴിക്കായിരുന്നു
Saturday, February 28, 2015 11:56 PM IST
സിഡ്നി: എനിക്കുതന്നെ അദ്ഭുതം തോന്നുന്നു. എല്ലാം എന്റെ വഴിക്കായിരുന്നു. ഈ കളി ഞാന്‍ വളരെ ആസ്വദിക്കുന്നു. റിക്കാര്‍ഡ് പ്രകടനത്തിനുശേഷം ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്യേഴ്സിന്റെ വാക്കുകള്‍.

അംലയും ഡ്യൂപ്ളസിയും ടീമിന് മികച്ച അടിത്തറയാണുണ്ടാക്കിയത്. റൂസോയുടെ മിന്നല്‍ പ്രകടനം (39 പന്തില്‍ 61) പിച്ചിനെ മനസിലാക്കാന്‍ എനിക്ക് ആവശ്യത്തിനു സമയംനല്‍കി. തുടര്‍ന്ന് ആത്മവിശ്വാസത്തോടെ മികച്ച സ്ട്രോക്കുകള്‍ കളിക്കാന്‍ സാധിച്ചു; ഒപ്പം ഭാഗ്യവും തുണയ്ക്കുവന്നു-ഡിവില്യേഴ്സ് പറഞ്ഞു.

300ന് താഴെയുള്ള സ്കോറുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന തോന്നലുണ്ടായിരുന്നു. അതിനാല്‍ 320നു മുകളിലുള്ള ഒരു സ്കോറായിരുന്നു ഞങ്ങള്‍ ലക്ഷ്യമിട്ടത്. മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചതോടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ന്നു. അത് അവസാന പന്തുവരെ നിലനിര്‍ത്താനും സാധിച്ചു. ടീമിന്റെ ഗെയിം പ്ളാന്‍ അനുസരിച്ചുതന്നെയാണ് കളി മുന്നോട്ടു കൊണ്ടുപോയത്. അതിനാലാണ് അവസാന ഓവറുകളില്‍ അടിച്ചുകളിക്കാന്‍ സാധിച്ചത്. റുസോയുടെ മികച്ച പിന്തുണയാണ് തുടക്കത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ എനിക്കു പ്രചോദനമായത്, ഡിവില്യേഴ്സ് കൂട്ടിച്ചേര്‍ത്തു.


ഇന്നലത്തെ 162 റണ്‍ പ്രകടനത്തോടെ ഏറ്റവും വേഗമേറിയ 50, 100, 150 റണ്‍സ് റിക്കാര്‍ഡുകളും ഡിവില്ല്യേഴ്സിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടു. വിന്‍ഡീസിനെതിരേ ലോകകപ്പില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും സെഞ്ചുറിനേടാനും ഡിവില്യേഴ്സിനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.