നിരാശപ്പെടുത്തി വമ്പന്മാര്‍; ത്രില്ലടിപ്പിച്ചു ചെറുമീനുകള്‍
നിരാശപ്പെടുത്തി വമ്പന്മാര്‍; ത്രില്ലടിപ്പിച്ചു ചെറുമീനുകള്‍
Sunday, March 1, 2015 10:51 PM IST
എം.ജി. ലിജോ

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു റൌണ്ടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ഗെയ്ലിന്റെ ഡബിള്‍,ഡിവില്യേഴ്സിന്റെ തച്ചുതകര്‍ക്കല്‍, അയര്‍ലന്‍ഡിന്റെ അട്ടിമറിവീര്യം, ടിം സൌത്തിയുടെ മാസ്മര ബൌളിംഗ്, ഇന്ത്യയുടെ അപരാജിത മുന്നേറ്റം...ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ കുറവല്ല. എന്നാല്‍ ശക്തരായ ടീമുകള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ കനക്കുന്നില്ല. ഓസ്ട്രേലിയ-ഇംഗ്ളണ്ട്, ഇന്ത്യ-ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്-ഇംഗ്ളണ്ട്, വെസ്റ് ഇന്‍ഡീസ്-പാക്കിസ്ഥാന്‍ തുടങ്ങി വമ്പന്മാര്‍ അങ്കംവെട്ടിയപ്പോഴെല്ലാം ഏകപക്ഷീയമായാണ് കളികള്‍ അവസാനിച്ചത്. ടെസ്റ് പദവിയില്ലാത്ത രാജ്യങ്ങള്‍ ഏറ്റുമുട്ടിയ കളികളെല്ലാം ആവേശകരമായിരുന്നു താനും. അയര്‍ലന്‍ഡ്-യുഎഇ, ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍, സ്കോട്ലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരങ്ങള്‍ ആവേശമാപിനി ഉയര്‍ത്തി.


പ്രതീക്ഷ കാത്ത് ധോണിയും കൂട്ടരും

ആദ്യ രണ്ടു കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പ്രതീക്ഷ കാത്തത് ആതിഥേയര്‍ക്കൊപ്പം ധോണിയുടെ ടീം ഇന്ത്യ മാത്രം. പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും തരിപ്പണമാക്കി ധോണിക്കൂട്ടം തുടക്കം ഉജ്വലമാക്കി. കപ്പ് പ്രതീക്ഷ സജീവമാക്കാനും ഇന്ത്യക്കായിട്ടുണ്ട്. ആതിഥേയരെന്ന ആനുകൂല്യം മുതലെടുക്കുന്ന ന്യൂസിലന്‍ഡാണ് സ്ഥിരത കാണിച്ച മറ്റൊരു ടീം. ബംഗ്ളാദേശിനെതിരായ മത്സരം മഴ കൊണ്ടുപോയെങ്കിലും കങ്കാരുക്കളും പതിവുഫോമില്‍ തന്നെ.


നിരാശപ്പെടുത്തി വമ്പന്മാര്‍

ഇംഗ്ളണ്ട്, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ നിരാശജനകമായ പ്രകടനമാണ് ഇതുവരെ നടത്തിയത്. പാക്കിസ്ഥാന്റെ കാര്യമാണ് കൂട്ടത്തില്‍ കഷ്ടം. കളിച്ച രണ്ടു കളിയും പോരാട്ടം വരെ നടത്താതെയാണ് പാക് പട കീഴടങ്ങിയത്. ടീമില്‍ പടലപിണക്കങ്ങളും ഉടലെടുത്തുകഴിഞ്ഞു. ആരാധകരാകട്ടെ നിരാശയിലും.

ഇംഗ്ളണ്ടിനും കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഓസ്ട്രേലിയയോട് എംസിജിയില്‍ ദയനീയമായി തോറ്റെങ്കിലും ആരാധകര്‍ ക്ഷമിച്ചു. എന്നാല്‍ കിവികള്‍ക്കെതിരായ കളിയില്‍ അവസ്ഥ കൂടുതല്‍ ദയനീയമായി. മോര്‍ഗനും ബെല്ലും റൂട്ടും അടക്കമുള്ളവര്‍ ബാറ്റുവീശിയത് ക്ളബ് താരങ്ങളെപ്പോലെ. അവസാനം കളിച്ച നാലില്‍ മൂന്നു ഇന്നിംഗ്സിലും പൂജ്യനായ ഇയോണ്‍ മോര്‍ഗനെന്ന കുടിയേറ്റ നായകനെതിരേ (2007 ലോകകപ്പില്‍ അയര്‍ലന്‍ഡ് താരമായിരുന്നു മോര്‍ഗന്‍) വിമര്‍ശകര്‍ വളെടുത്തുകഴിഞ്ഞു.


വിജയതൃഷ്ണയില്ലാത്തവരുടെ ആള്‍ക്കൂട്ടം മാത്രമാണ് ഇംഗ്ളീഷ് നിരയെന്നാണ് ഇയാന്‍ ബോതമടക്കമുള്ളവരുടെ ഒളിയമ്പ്. ലങ്ക ആദ്യ തോല്‍വിക്കുശേഷം ജയിക്കുന്നുണ്െടങ്കിലും അത്ര പോരെന്നു പറയേണ്ടിവരും.


പോരാട്ടവീര്യമുയര്‍ത്തി ചെറുമീനുകള്‍

അടുത്ത ലോകകപ്പിനു 10 ടീമുകള്‍ മതിയെന്നാണ് ഐസിസിയുടെ തീരുമാനം. ഇതിനെതിരേ സച്ചിനടക്കമുള്ളവര്‍ വലിയ വിമര്‍ശനമുന്നയിച്ചുകഴിഞ്ഞു. മത്സരത്തിനു മുമ്പ് നടക്കുന്ന പത്രസമ്മേളനങ്ങള്‍ ഐസിസി തീരുമാനത്തില്‍ പ്രതിഷേധിക്കാനുള്ള വേദിയായിരിക്കുന്നു.

മാറ്റി നിറുത്തേണ്ടവരല്ല തങ്ങളെന്നു വെസ്റ് ഇന്‍ഡീസിനെ നിഷ്കരുണം അരിഞ്ഞുതള്ളി അയര്‍ലന്‍ഡ് ഓര്‍മപ്പെടുത്തി.

സംഘബോധവും കളിയോടുള്ള അര്‍പ്പണവുമാണ് പച്ചക്കുപ്പായത്തിലെത്തുന്ന ഈ യൂറോപ്യന്‍ ടീമിനെ വ്യത്യസ്തരാക്കുന്നത്. 2007ല്‍ തങ്ങളുടെ ആദ്യ ലോകകപ്പിന് ഒരുപിടി അമച്വര്‍ താരങ്ങളെയായിരുന്നു അയര്‍ലന്‍ഡുകാര്‍ അണിനിരത്തിയത്. ഇന്ന് ടീമിലുള്ളവരെല്ലാം പ്രഫഷണല്‍ ക്രിക്കറ്റര്‍മാര്‍.

പ്രഥമ ലോകകപ്പ് കളിക്കുന്ന അഫ്ഗാനിസ്ഥാനാണ് അദ്ഭുതപ്പെടുത്തുന്ന മറ്റൊരു ടീം. ശ്രീലങ്കയ്ക്കെതിരേ അവര്‍ നടത്തിയ പ്രകടനം കണ്ടവര്‍ ഒന്നടങ്കം സമ്മതിക്കും, പോരാളിക്കൂട്ടമാണിതെന്ന്. 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നവരാണ് അവരുടെ പേസര്‍മാര്‍.

ഫീല്‍ഡിംഗും അത്യുജ്വലം. വേണ്ടത്ര മത്സരപരിചയമില്ലാത്തതാണ് പ്രധാന പ്രശ്നം. വരും മത്സരങ്ങള്‍ മുന്‍നിര ടീമുകളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്കാവുമെന്നു ആരാധകര്‍ വിശ്വസിക്കുന്നു. സ്കോട്ലന്‍ഡും യുഎഇയും സഭാകമ്പമില്ലാതെ കളിക്കുന്നു. സിംബാബ്വെയാകട്ടെ രണ്ടു മത്സരങ്ങള്‍ തോറ്റെങ്കിലും പൊരുതാന്‍ മനസു കാണിക്കുന്നു.

ഗാലറികളെ ആവേശമാക്കുന്ന ആരാധകക്കൂട്ടം എല്ലാ വേദികളിലും സജീവമാണ്. പ്രാധാന്യമില്ലെന്നു വിലയിരുത്തപ്പെട്ട മത്സരങ്ങള്‍ വരെ തരക്കേടില്ലാത്ത ഗാലറികള്‍ക്കു മുന്നിലാണ് നടക്കുന്നത്.

ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമുള്ള ഏഷ്യന്‍ വംശജര്‍ വേദികളെ സജീവമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. വലിയ മത്സരങ്ങള്‍ വരാനിരിക്കുന്നു. പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.