ഡാല്‍മിയ വരുമ്പോള്‍
Tuesday, March 3, 2015 10:58 PM IST
ചെന്നൈ: കൌശലം ഉള്ളിലൊളിപ്പിച്ച സംഘാടകനാണ് ജഗ്മോഹന്‍ ഡാല്‍മിയ എന്ന 73-കാരന്‍. അഴിമതിയാരോപണങ്ങളും കുറവല്ല. അവസരങ്ങള്‍ക്കായി കാത്തിരുന്നു ശരിയായ സമയത്ത് വേണ്ടപോലെ ഇടപെടുകയാണ് രീതി. ഇപ്പോള്‍ എന്‍. ശ്രീനിവാസന്‍ പക്ഷത്താണെന്നത് ശരിതന്നെ. എന്നാല്‍, സ്വന്തം തീരുമാനങ്ങളും അജന്‍ഡകളുമായി ബിസിസിഐയില്‍ അദ്ദേഹം പിടിമുറുക്കുമെന്ന് കരുതുന്നവരാണ് ഏറെയും. അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രംതന്നെയാണ് ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

രണ്ടു ദശാബ്ദത്തോളം കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ തനിച്ചു നിയന്ത്രിച്ച ചരിത്രമുണ്ട് ഡാല്‍മിയയ്ക്ക്. 80കളില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിലൂടെയാണ് അദ്ദേഹം ക്രിക്കറ്റ് ഭരണസംവിധാനത്തിലേക്ക് എത്തുന്നത്. ബിസിസിഐ ട്രഷററായി രാജ്യത്തെ സമ്പന്നമായ കായികസംഘടനയുടെ ഭരണസംവിധാനത്തിലെത്തി. പില്‍ക്കാലത്ത് എതിരാളിയായി മാറിയ ഐ.എസ്. ബിന്ദ്രയായിരുന്നു അന്ന് ഡാല്‍മിയയെ സംഘടനയുടെ ഉന്നതങ്ങളിലേക്കു കൈപിടിച്ചു കയറ്റിയത്. കളിക്കാരനായിരുന്ന കാലത്ത് വിക്കറ്റ് കീപ്പറായിരുന്ന ഡാല്‍മിയ 1996ലെ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയപ്പോള്‍ മുഖ്യസംഘാടകന്റെ റോളിലും തിളങ്ങി. അക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച സ്പോര്‍ട്സ് സംഘാടകനായി ബിബിസി തെരഞ്ഞെടുത്തത് ഈ കോല്‍ക്കത്തക്കാരനെയാണ്. എന്നാല്‍ ടൂര്‍ണമെന്റിനെക്കുറിച്ചുണ്ടായ അഴിമതിയാരോപണങ്ങള്‍ അദ്ദേഹത്തിനു തിരിച്ചടിയായി. ഒരു കാലത്ത് ഡാല്‍മിയയുടെ പ്രിയപ്പെട്ടവനായിരുന്ന ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുമായി പിന്നീടു തെറ്റിയതും മറ്റും വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.


പുതിയ സ്ഥാനലബ്ധി കോല്‍ക്കത്തയുള്‍പ്പെടെയുള്ള കിഴക്കന്‍ മേഖല ബിസിസിഐയില്‍ ആധിപത്യം നേടുന്നതിന് ഇടയാക്കും. കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ ലോബിയുടെ പിടിയിലായിരുന്നു ശ്രീനി യുഗത്തില്‍ സംഘടന. ശ്രീനി പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സിനു ടെസ്റ് മത്സരങ്ങള്‍ അനുവദിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. ഇതെല്ലാം മനസില്‍ വച്ചാകും ഡാല്‍മിയ പ്രവര്‍ത്തിക്കുന്നതെങ്കില്‍ വിവാദങ്ങള്‍ വീണ്ടും ബിസിസിഐയില്‍ തലപൊക്കിയേക്കാം. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ശ്രീനിവാസന്റെ റബര്‍സ്റാമ്പാകനേ ഡാല്‍മിയയ്ക്കു കഴിയൂവെന്നാണ് അടക്കംപറച്ചില്‍. വഴികളിലെ പ്രതിബന്ധങ്ങള്‍ തന്ത്രപൂര്‍വം തട്ടിനീക്കിയിട്ടുള്ള ഡാല്‍മിയയുടെ നീക്കങ്ങള്‍ക്കു ക്രിക്കറ്റിനേക്കാള്‍ നാടകീയതയുണ്ട്. അതുകൊണ്ട് തന്നെ രണ്ടാംവരവിലെ നീക്കങ്ങള്‍ പ്രവചിക്കുക അസാധ്യം.

ജഗ്മോഹന്‍ ഡാല്‍മിയ

1983-ബിസിസിഐ ട്രഷറര്‍

1997- ഐസിസി പ്രസിഡന്റ്

2000- ബിസിസിഐ പ്രസിഡന്റായി കാലാവധി അവസാനിക്കുന്നു

2005-എതിരാളിയായ ശരദ് പവാര്‍ ബിസിസിഐ പ്രസിഡന്റാകുന്നു. അതോടെ മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ ഡാല്‍മിയയ്ക്കു വിലക്ക്.

2007-അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്റെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു, വൈകാതെ തിരിച്ചെത്തുന്നു.

2014- എന്‍. ശ്രീനിവാസന് രാജിവയ്ക്കേണ്ട അവസ്ഥ സംജാതമായപ്പോള്‍ ഇടക്കാല പ്രസിഡന്റായി ചുമതല.

2015- ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.