ഐറിഷ് വേട്ടയ്ക്കു ദക്ഷിണാഫ്രിക്ക
ഐറിഷ് വേട്ടയ്ക്കു ദക്ഷിണാഫ്രിക്ക
Tuesday, March 3, 2015 10:59 PM IST
കാന്‍ബറ: അട്ടിമറിക്കാരായ അയര്‍ലന്‍ഡിനെ റണ്‍മഴയില്‍ മുക്കാന്‍ എ.ബി ഡിവില്യേഴ്സും കൂട്ടരും ഇന്നിറങ്ങുന്നു. ക്രിസ് ഗെയ്ല്‍ ഇരട്ടസെഞ്ചുറിയോടെ നിറഞ്ഞാടിയ മൈതാനത്താണ് കളി. ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ പ്രതിരോധിക്കാന്‍ അയര്‍ലന്‍ഡിന് ആകുമോയെന്നതാണ് വലിയ ചോദ്യങ്ങളിലൊന്ന്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് മത്സരം.

കളിച്ച മൂന്നില്‍ ഇന്ത്യക്കെതിരേ മാത്രം തോറ്റാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. അയര്‍ലന്‍ഡാകട്ടെ രണ്ടുമത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലും. എന്നാല്‍ ഇന്ന് ഈ ആനുകൂല്യമൊന്നും ഐറിഷുകാര്‍ പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞകളിയില്‍ വെസ്റ് ഇന്‍ഡീസ് ബൌളര്‍മാരെ അരിഞ്ഞുതള്ളിയ എ.ബി ഡിവില്യേഴ്സിന്റെ പ്രകടനമാകും ഏവരും ഉറ്റുനോക്കുന്നത്. ബാറ്റിംഗിനെ തുണയ്ക്കുന്നതാണ് കാന്‍ബറയിലെ പിച്ച്.

ദക്ഷിണാഫ്രിക്കയ്ക്കു പരിക്ക്

മധ്യനിര ബാറ്റ്സ്മാന്‍ ജെ.പി. ഡുമിനി, പേസര്‍ വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലായിരുന്നു. ശാരീരികക്ഷമത വീണ്െടടുത്തെങ്കിലും വലിയ മത്സരങ്ങള്‍ വരുന്നതിനാല്‍ ഇരുവരെയും കളിപ്പിച്ച് റിസ്ക് എടുത്തേക്കില്ല. ഓപ്പണര്‍ ക്വന്റണ്‍ ഡികോക്കിന്റെ മോശം ഫോമാണ് ബാറ്റിംഗില്‍ പ്രൊട്ടിയേഴ്സിന്റെ പ്രധാന തലവേദന.

വലിയ സ്കോറുകള്‍ നേടുന്നില്ലെങ്കിലും ഹാഷിം അംല ഫോമില്‍ തന്നെ. ഫഫ് ഡുപ്ളിസി, ഡേവിഡ് മില്ലര്‍, റീസി റോസോ എന്നിവരടങ്ങുന്ന മധ്യനിരയാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. ബൌളിംഗില്‍ ഡെയ്ല്‍ സ്റെയ്നും മോര്‍ണി മോര്‍ക്കലും ഉജ്വലമാണ്. ഇമ്രാന്‍ താഹിറെന്ന ലെഗ്സ്പിന്നര്‍ മധ്യഓവറുകളില്‍ നടത്തുന്ന വിക്കറ്റ് വേട്ട ഡിവില്യേഴ്സിനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു.


പടയോട്ടത്തിന് ഐറിഷ്

എത്ര വലിയ എതിരാളികളാണെങ്കിലും പൊരുതി നോക്കുകയെന്നതാണ് അയര്‍ലന്‍ഡിന്റെ രീതി. ഇന്ന് ലോക രണ്ടാംസ്ഥാനക്കാരെ നേരിടുമ്പോള്‍ കടുംപച്ച കുപ്പായക്കാരുടെ വലിയ പ്ളസ് പോയിന്റ് ഈ സംഘബോധവും വിജയതൃഷ്ണയും തന്നെ. ബാറ്റിംഗാണ് ടീമിന്റെ കരുത്ത്. ഇംഗ്ളീഷ് കൌണ്ടി ലീഗുകളില്‍ കളിക്കുന്നവരാണ് മുന്‍നിര താരങ്ങളെല്ലാം. ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള പോള്‍ സ്റ്റിര്‍ലിംഗ്, കെവിന്‍ ഓ ബ്രയാന്‍ എന്നിവരുടെ സാന്നിധ്യം ദക്ഷിണാഫ്രിക്ക പേടിക്കണം. എഡ് ജോയ്സ്, വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, നൈല്‍ ഓ ബ്രയാന്‍, ഗാരി വില്‍സണ്‍ എന്നീ പരിചയസമ്പന്നര്‍ കൂടി ചേരുമ്പോള്‍ ബാറ്റിംഗ് കടലാസിലെങ്കിലും ശക്തം.

ബൌളിംഗാണ് മുന്‍ വെസ്റ് ഇന്‍ഡീസ് താരമായ ഫില്‍ സിമ്മണ്‍സ് പരിശീലിപ്പിക്കുന്ന ടീമിന്റെ ദൌര്‍ബല്യം. ബോയ്ഡ് റാങ്കിന്‍ എന്ന 6.5 ഇഞ്ച് ഉയരക്കാരന്‍ ഇംഗ്ളീഷ് ജേഴ്സിയിലേക്കു മാറിയതോടെ നല്ലൊരു ഫാസ്റ് ബൌളറില്ലാതായി. മാക്സ് സോറന്‍സണ്‍ എന്ന ശരാശരിക്കാരനൊപ്പം ജോണ്‍ മൂണിയുടെ മിലിറ്ററി മീഡിയവും എതിരാളികളെ അത്ര ഭയപ്പെടുത്തുന്നതല്ല. ജോര്‍ജ് ഡോക്റോളിന്റെ ഇടംകൈയന്‍ സ്പിന്നും പിന്നെ കുറേ പാര്‍ട്ട്ടൈമര്‍മാരും. കഴിഞ്ഞ രണ്ടുകളികളിലും അവസാന പത്ത് ഓവറില്‍ നൂറിലേറെ റണ്‍സാണ് ടീം വിട്ടുകൊടുത്തത്. വീണ്ടുമൊരു ഐറിഷ് വിപ്ളവത്തിന് ഇത്രമാത്രം മതിയാകുമോയെന്ന് കണ്ടറിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.