ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍; അയര്‍ലന്‍ഡിനെതിരെ 201 റണ്‍സ് ജയം
ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍;  അയര്‍ലന്‍ഡിനെതിരെ 201 റണ്‍സ് ജയം
Wednesday, March 4, 2015 10:38 PM IST
കാന്‍ബറ: ഇതാ ആരാധകര്‍ കാത്തിരുന്ന ദക്ഷിണാഫ്രിക്ക. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 400-ലേറെ റണ്‍സ് സ്കോര്‍ ചെയ്ത്, ലോകകപ്പിനുള്ള അവകാശവാദമുന്നയിച്ച് ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്തു.

ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ ബി മത്സരത്തില്‍ അയര്‍ലന്‍ഡിനെ 201 റണ്‍സിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍ കടന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 412 എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ അയര്‍ലന്‍ഡ് 45 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. ഓപ്പണര്‍ ഹഷീം അംലയുടെയും(159) ഫാഫ് ഡുപ്ളെസിയുടെയും (109) തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവിലാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്ക 400 കടന്നത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്ത ദക്ഷിണാഫ്രിക്ക ഒരു ടൂര്‍ണമെന്റില്‍ രണ്ടു തവണ 400 റണ്‍സ് സ്കോര്‍ ചെയ്യുന്ന ആദ്യ ടീം എന്ന നേട്ടവും ഇതോടെ സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ വെസ്റ് ഇന്‍ഡീസിനെതിരേയും ദക്ഷിണാഫ്രിക്ക 400-ലേറെ റണ്‍സ് നേടിയിരുന്നു.

128 പന്തില്‍ 16 ബൌണ്ടറിയുടെയും നാലു പടുകൂറ്റന്‍ സിക്സറുകളുടെയും അകമ്പടിയില്‍ 159 റണ്‍സ് നേടിയ അംലയാണു മാന്‍ ഓഫ് ദ മാച്ച്്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20 സെഞ്ചുറികള്‍ നേടുന്ന ബാറ്റ്സ്മാനെന്ന ഖ്യാതിയും അംല സ്വന്തമാക്കി. അംല 111 മത്സരങ്ങളിലെ 108 ഇന്നിംഗ്സുകളില്‍നിന്നാണ് ഈ നേട്ടം —കവരിച്ചത്.

ഇന്ത്യന്‍ താരം വിരാട് കോഹ്്ലിയുടെ 141 മത്സരങ്ങളുടെ റിക്കാര്‍ഡാണ് അംല പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മൂന്നാം ജയവും അയര്‍ലന്‍ഡിന്റെ ആദ്യ തോല്‍വിയുമാണിത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ്് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഡി കോക്കിനെ അവര്‍ക്കു നഷ്ടമായി എന്നാല്‍, അംലയ്ക്കൊപ്പം ഡുപ്ളസി ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കയുടെ മനംപോലെ കാര്യങ്ങള്‍ നടന്നു. ഇതോടെ അട്ടിമറി വീരന്മാരായ അയര്‍ലന്‍ഡിന്റെ കൈകളില്‍നിന്ന് കാര്യങ്ങള്‍ വഴുതി. സ്വന്തം സ്കോര്‍ 10ല്‍ നില്‍ക്കേ അംലയ്ക്കു ലഭിച്ച ജീവന്‍ അദ്ദേഹം ശരിക്കും മുതലാക്കി. 17.2 ഓവറില്‍ 100 പിന്നിട്ട ദക്ഷിണാഫ്രിക്ക പിന്നീടു കത്തിക്കയറുകയായിരുന്നു. ബൌണ്ടറികളും സിക്സറുകളും ഇരുവരുടെയും ബാറ്റില്‍നിന്ന് ഒഴുകിയപ്പോള്‍ സ്കോര്‍ബോര്‍ഡ് വളരെ വേഗം ചലിച്ചു.

ഐറിഷ് ഫീല്‍ഡര്‍മാരുടെ ചലനം മിക്കപ്പോഴും ബൌണ്ടറിക്കു പുറത്തേക്കായി. 247 റണ്‍സിന്റെ റിക്കാര്‍ഡ് കൂട്ടുകെട്ടാണ് അംലയു ഡുപ്ളസിയും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

39-ാം ഓവറില്‍ ഡുപ്ളസി പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 259-ലെത്തിയിരുന്നു. അധികം താമസിയാതെ അംലയും മടങ്ങി. അവസാന ഓവറുകളില്‍ റോസുവും(30 പന്തില്‍ 61) മില്ലറും(23 പന്തില്‍ 46) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 400 കടത്തി. അയര്‍ലന്‍ഡിനു വേണ്ടി മക്്ബ്രയിന്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കി.


തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്ക 400 കടന്നപ്പോള്‍ തന്നെ കളിയുടെ ഗതി വ്യക്തമായിരുന്നു. അയര്‍ലന്‍ഡ് എത്ര റണ്‍സിന് തോല്‍ക്കും എന്നത് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. സ്റ്റെയിനും മോണി മോര്‍ക്കലും കൈല്‍ ആബട്ടും ഉള്‍പ്പെടുന്ന ലോകോത്തര ബൌളിംഗ് നിര പേരിനൊത്ത പ്രകടനം പുറത്തെടുത്തതോടെ അട്ടിമറി വീരന്‍മാരായ അയര്‍ലന്‍ഡിന്റെ മുന്‍നിര താരങ്ങള്‍ ഒന്നൊന്നായി പവലിയനിലേക്ക് മടങ്ങി. സ്കോര്‍ബോര്‍ഡില്‍ 48 റണ്‍സ് എത്തിയപ്പോള്‍ അഞ്ചു ബാറ്റ്സ്മാന്മാര്‍ കൂടാരം കയറിയിരുന്നു. പോര്‍ട്ടര്‍ഫീല്‍ഡ്(12), സ്റ്റിര്‍ലിംഗ്(9), എഡ് ജോയ്സ്(0), നീല്‍ ഒബ്രയിന്‍(14), വില്‍സണ്‍(0) എന്നിവരാണു പുറത്തായത്.


ആറാം വിക്കറ്റില്‍ ബാല്‍ബിര്‍ണിയും കെവിന്‍ ഒബ്രയ്നും ചേര്‍ന്ന് അയര്‍ലന്‍ഡിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഐറിഷ് താരം നേടുന്ന ഏറ്റവുമുയര്‍ന്ന സ്കോറാണ് ബാല്‍ബിര്‍ണിയുടെ 58. ബാല്‍ബിര്‍ണി പുറത്തായശേഷം ക്രീസിലെത്തിയവര്‍ക്കു കാര്യമായൊന്നും ചെയ്യാനായില്ല. മൂണി(8), ജോക്റല്‍(25), സോറന്‍സണ്‍(22) എന്നിവര്‍ പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കായി ആബട്ട് നാലു വിക്കറ്റ് വീഴ്ത്തി. മോര്‍ക്കല്‍ മൂന്നും, സ്റ്റെയിന്‍ രണ്ടും നായകന്‍ ഡിവില്യേഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.

സ്കോര്‍ ബോര്‍ഡ്

ദക്ഷിണാഫ്രിക്ക ബാറ്റിംഗ്

ഹഷിം അംല സ ജോയ്സ് ബി മക്ബ്രിന്‍ 159, ഡി കോക്ക് സി വില്‍സണ്‍ ബി മൂണി 1, ഡുപ്ളസി ബി കെവിന്‍ ഓബ്രയിന്‍ 109, എബി ഡിവില്യേഴ്സ് സി നീല്‍ ഒബ്രയിന്‍ ബി മക്ബ്രിന്‍ 24, ഡേവിഡ് മില്ലര്‍ നോട്ടൌട്ട് 46, റൂസോ നോട്ടൌട്ട് 61, എക്സ്ട്രാസ് 11

ആകെ 50 ഓവറില്‍ നാലിന് 411.

ബൌളിംഗ്

മൂണി 7-2-52-1, സോറന്‍സണ്‍ 6-0-76-0, കെവിന്‍ ഒബ്രയിന്‍ 7-0-95-1, ഡോക്റല്‍ 10-0-56-0, സ്റ്റെര്‍ലിംഗ് 10-0-68-0, മക്ബ്രിന്‍ 10-0-63-2.

അയര്‍ലന്‍ഡ് ബാറ്റിംഗ്

പോര്‍ട്ടര്‍ഫീല്‍ഡ് സി ഡുപ്ളസി ബി ആബട്ട് 12, സ്റെര്‍ലിംഗ് സി ഡികോക്ക് ബി സ്റ്റെയിന്‍ 9, ജോയ്സ് സി അംല ബി സ്റ്റെയിന്‍ 0, നീല്‍ ഒബ്രയിന്‍ സി അംല ബി ആബട്ട് 14, ബാല്‍ബിര്‍ണി സി റോസോ ബി മോര്‍ക്കല്‍ 58, വില്‍സണ്‍ എല്‍ബിഡബ്ള്യു ബി ആബട്ട് 0, കെവിന്‍ ഒബ്രയിന്‍ സി റോസോ ബി ആബട്ട് 48, മൂണി ബി ഡിവില്യേഴ്സ് 8, ഡോക്റല്‍ ബി മോര്‍ക്കല്‍ 25, സോറന്‍സണ്‍ സി ഡികോക്ക് ബി മോര്‍ക്കല്‍ 22, മക്ബ്രിന്‍ നോട്ടൌട്ട് 2, എക്സ്ട്രാസ് 12

ആകെ 45 ഓവറില്‍ 210നു പുറത്ത്

ബൌളിംഗ്

സ്റെയിന്‍ 8-0-39-2, ആബട്ട് 8-0-21-4, മോര്‍ക്കല്‍ 9-0-34-3, ഇമ്രാന്‍ താഹിര്‍ 10-1-50-0, ബെഹര്‍ദീന്‍ 2-0-13-0, റോസോ 2-0-13-0, ഡുപ്ളസി 4-0-30-0, എബി ഡിവില്യേഴ്സ് 2-0-7-1.

പോയിന്റ് പട്ടിക

ടീം, മത്സരം, ജയം, തോല്‍വി, പോയിന്റ് ക്രമത്തില്‍

ഗ്രൂപ്പ് എ

ന്യൂസിലന്‍ഡ് 4 4 0 8
ശ്രീലങ്ക 4 3 1 6
ബംഗ്ളാദേശ് 3 1 1 3
ഓസ്ട്രേലിയ 3 1 1 3
അഫ്ഗാനിസ്ഥാന്‍ 3 1 2 2
ഇംഗ്ളണ്ട് 4 1 3 2
സ്കോട്ലന്‍ഡ് 3 0 3 0

ഗ്രൂപ്പ് ബി

ഇന്ത്യ 3 3 0 6
ദക്ഷിണാഫ്രിക്ക 4 3 1 6
വെസ്റ് ഇന്‍ഡീസ് 4 2 2 4
അയര്‍ലന്‍ഡ് 3 2 1 4
സിംബാബ്വെ 4 1 3 2
പാക്കിസ്ഥാന്‍ 3 1 2 2
യുഎഇ 3 0 3 0

ബാറ്റിംഗ് ടോപ് 5

താരം, മത്സരം, റണ്‍സ്, ശരാശരി

1. സംഗക്കാര 4 268 134.00
2. ക്രിസ് ഗെയ്ല്‍ 4 258 64.50
3. അംല 4 257 64.25
4. തിരിമനെ 4 256 85.33
5. ഡുപ്ളസി 4 250 62.50

ബൌളിംഗ് ടോപ് 5

(താരം, മത്സരം, വിക്കറ്റ്, ഇക്കണോമി)

1. ടിം സൌത്തി 4 13 4.88
2. ട്രെന്റ് ബോള്‍ട്ട് 4 10 4.00
3. ജോണ്‍ ഡേവി 4 9 5.25
4. മോര്‍ക്കല്‍ 4 9 5.07
5. ഇമ്രാന്‍ താഹിര്‍ 4 9 4.47
5. ജെറോം ടെയ്ലര്‍ 4 9 5.55
5. ശിഖര്‍ ധവാന്‍ 3 224 74.66
5. മക്കല്ലം 4 207 51.75
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.