കോഹ്ലിക്കെതിരേ ഐസിസിക്കു പരാതി
കോഹ്ലിക്കെതിരേ ഐസിസിക്കു പരാതി
Thursday, March 5, 2015 10:55 PM IST
പെര്‍ത്ത് /ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയുടെ അസഭ്യവര്‍ഷത്തിനിടയായ പത്രപ്രവര്‍ത്തകന്‍ താരത്തിനെതിരേ ഐസിസിക്കും ബിസിസിഐക്കും പരാതി നല്കി. കോഹ്ലിയുടെ പെരുമാറ്റം വളരെ മോശമായിപ്പോയെന്നും ഇക്കാര്യം സൂചിപ്പിച്ചു ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയ്ക്കു കത്തയച്ചതായി പത്രം വ്യക്തമാക്കി.

ഓസ്ട്രേലിയയിലുള്ള റിപ്പോര്‍ട്ടറും കോഹ്ലിക്കെതിരേ ഐസിസിക്കു രേഖാമൂലം കത്തു നല്കിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായ ജസ്വീന്ദര്‍ സന്ധുവാണ് കഴിഞ്ഞദിവസം കോഹ്ലിയുടെ നാവിന്റെ ചൂടറിഞ്ഞത്. അതേസമയം, തെറ്റിദ്ധാരണ മൂലമാണ് കോഹ്ലിയില്‍നിന്നും ഇത്തരത്തിലൊരു പെരുമാറ്റം ഉണ്ടായതെന്നും ടീമിന്റെ പ്രകടനത്തെ ഇത് ബാധിക്കാതിരിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. ലോകകപ്പ് നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കേ ടീമിന്റെ ശ്രദ്ധ കപ്പ് നേടുന്നതിലാണ്. കോഹ്ലിയുമായി സംസാരിച്ച് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞദിവസം പെര്‍ത്തിലെ പരിശീലനത്തിനുശേഷം ഡ്രസിംഗ് റൂമിലേക്കു മടങ്ങുന്നതിനിടെയായിരുന്നു കോഹ്ലി റിപ്പോര്‍ട്ടറെ ചീത്തവിളിച്ചത്. തന്നെയും കാമുകി അനുഷ്ക ശര്‍മയെയും ചേര്‍ത്തുള്ള വാര്‍ത്ത പത്രത്തില്‍ വന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ വാര്‍ത്ത എഴുതിയ ആളെയല്ല ചീത്തപറഞ്ഞതെന്നു മനസിലാക്കിയ കോഹ്ലി പിന്നീട് അദ്ദേഹത്തെ വിളിച്ചു മാപ്പുപറഞ്ഞിരുന്നു.

നാളെ പെര്‍ത്തിലാണ് ഇന്ത്യയുടെ അടുത്തമത്സരം. വെസ്റ് ഇന്‍ഡീസാണ് എതിരാളികള്‍. പരിക്കില്‍ നിന്നും മോചിതനായ ഫാസ്റ് ബൌളര്‍ മുഹമ്മദ് ഷാമി മത്സരത്തില്‍ കളിക്കുമെന്ന് ടീം വ്യക്തമാക്കി. എന്നാല്‍ ഭുവനേശ്വര്‍ കുമാറിനു വീണ്ടും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.