അനുകൂല തീരുമാനമുണ്ടായാല്‍ കാര്യവട്ടത്തു കളി: ടി.സി. മാത്യു
അനുകൂല തീരുമാനമുണ്ടായാല്‍ കാര്യവട്ടത്തു കളി: ടി.സി. മാത്യു
Thursday, March 5, 2015 10:56 PM IST
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ കാര്യവട്ടത്തു പുതുതായി നിര്‍മിച്ച സ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു. തിരുവനന്തപുരം കേസരി സ്മാരക ട്രെസ്റില്‍ നടത്തിയ മീറ്റ് ദി പ്രസിലാണ് ഇക്കാര്യം അറിയിച്ചത്. കാര്യവട്ടം സ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് ഇതുവരെ ആരും ബിസിസിഐയുമായി ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല. ചര്‍ച്ചകള്‍ ഉണ്ടായാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കായിക രംഗത്തു ഒട്ടനവധി കായികതാരങ്ങളെ സംഭാവന ചെയ്ത കേരളത്തിനു സ്വന്തമായി ഒരു കായിക നയമില്ലാത്തത് ഈ രംഗത്തെ പിറകോട്ടടിക്കുന്നു. കേരള ക്രിക്കറ്റില്‍ ദീര്‍ഘ വീക്ഷണത്തോടെ ഒരു വിഷന്‍ ഡോക്യുമെന്റ് നടപ്പാക്കും. പലപ്പോഴും കായികരംഗം സംബന്ധിച്ചുള്ള നയം രൂപീകരിക്കുന്നവര്‍ യാതൊരു ധാരണയുമില്ലാത്തവരാണ്. പുറം രാജ്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുന്നുണ്ട് എന്നൊന്നും പഠിക്കാതെയാണ് നയരൂപീകരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കൊല്ലത്തു കോട്ടയത്തും വരുവര്‍ഷങ്ങളില്‍ സ്റ്റേഡിയം നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തുമ്പ സെന്റ്. സേവ്യേഴ്സ് കോളജില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്തും.

ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിനെതിരെ ഒട്ടേറെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും ക്രിക്കറ്റിന്റെ അനുസരണയുള്ള പുത്രനാണെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.