കോഹ്ലിക്കു ബിസിസിഐയുടെ ശാസന
കോഹ്ലിക്കു ബിസിസിഐയുടെ ശാസന
Friday, March 6, 2015 10:39 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയെ ബിസിസിഐ ശാസിച്ചു. കഴിഞ്ഞദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടറെ അസഭ്യം പറഞ്ഞതിനാണ് ശാസന. സംഭവത്തെക്കുറിച്ച് ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിച്ചെന്നും, താരത്തിന്റെ പ്രവൃത്തി ന്യായീകരിക്കാവുന്നതല്ലെന്നും പുതിയ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ക്രിക്കറ്റിനെ ജനപ്രീതിയുള്ളതാക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് ബിസിസിഐ മാനിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞദിവസം പെര്‍ത്തില്‍ പരിശീലനത്തിനുശേഷമാണ് കോഹ്ലി പത്രറിപ്പോര്‍ട്ടര്‍ക്കെതിരേ തിരിഞ്ഞത്. ഇംഗ്ളണ്ട് പര്യടനത്തിനിടെ കാമുകി അനുഷ്ക ശര്‍മയെയും ചേര്‍ത്ത് വാര്‍ത്ത നല്കിയ റിപ്പോര്‍ട്ടറാണെന്നു കരുതിയാണ് കോഹ്ലി ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകനെതിരേ തിരിഞ്ഞത്. പിന്നീട് ആളുമാറിപ്പോയെന്ന് മനസിലായ കോഹ്ലി റിപ്പോര്‍ട്ടറോടു മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ കോഹ്ലിക്കെതിരേ ഐസിസിക്കും ബിസിസിഐ പ്രസിഡന്റിനും റിപ്പോര്‍ട്ടര്‍ പരാതി നല്കുകയായിരുന്നു. താരത്തെ ബിസിസിഐ പരസ്യമായി ശാസിച്ചതോടെ പരാതി പിന്‍വലിക്കുമോയെന്നു പത്രം വ്യക്തമാക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.