ക്രിക് ഇന്‍ഫോ ഏകദിന ക്രിക്കറ്റര്‍: സച്ചിനും ധോണിയും പട്ടികയില്‍
Saturday, March 7, 2015 10:38 PM IST
മെല്‍ബണ്‍: ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്ററെ കണ്െടത്താനുള്ള ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോയുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു സച്ചിന്‍ തെണ്ടുല്‍ക്കറും ഏകദിന നായകന്‍ എം.എസ്. ധോണിയും. വെസ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്, പാക്കിസ്ഥാന്റെ വസീം അക്രം, ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരമായിരുന്ന ആഡം ഗില്‍ക്രിസ്റ് എന്നിവരാണ് അന്തിമപട്ടികയിലുള്ള മറ്റുള്ളവര്‍. അമ്പതോളം മുന്‍കാലതാരങ്ങളും കമന്റേറ്റര്‍മാരും ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സമിതിയാകും ലോകക്രിക്കറ്ററെ തെരഞ്ഞെടുക്കുക.

മുന്‍താരങ്ങളായ ഇയാന്‍ ചാപ്പല്‍, ക്ളൈവ് ലോയ്ഡ്, മാര്‍ട്ടിന്‍ ക്രോ, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിംഗ്, ഗ്രേയിം സ്മിത്ത് എന്നിവര്‍ക്കൊപ്പം പ്രമുഖ ക്രിക്കറ്റ് എഴുത്തുകാരായ ടോണി കോസിയര്‍, മാര്‍ക്ക് നിക്കോളാസ് തുടങ്ങിയവരാണ് അന്തിമലിസ്റ്റിലുള്ള അഞ്ചുപേരെ തെരഞ്ഞെടുത്തത്. 80കളില്‍ എതിര്‍ ബൌളര്‍മാരെ തച്ചുതകര്‍ത്ത താരമാണ് വിവിയന്‍ റിച്ചാര്‍ഡ്സ്. വിന്‍ഡീസ് കപ്പുയര്‍ത്തിയ 1975, 79 ലോകകപ്പുകളില്‍ ടീമിലംഗമായിരുന്നു. ക്രിക്കറ്റ് ലോകത്തെ സമാനതകളില്ലാത്ത താരമാണു സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒട്ടുമിക്ക ബാറ്റിംഗ് റിക്കാര്‍ഡുകളും ഈ മുംബൈക്കാരന്റെ പേരിലാണ്. ഇടംകൈയന്‍ പേസ് ബൌളിംഗിലൂടെ എതിര്‍ ബാറ്റ്സ്മാന്‍മാരെ തകര്‍ത്തെറിഞ്ഞ ബൌളറാണ് വസീം അക്രം.


പട്ടികയിലുള്ള രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ ധോണിയും ഗില്‍ക്രിസ്റ്റും സ്ഫോടനാത്മകബാറ്റിംഗ് കൈമുതലായുള്ളവരാണ്. ഈ മാസം പത്തിനിറങ്ങുന്ന ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ ക്രിക്കറ്റ് മന്ത്ലി ഓണ്‍ലൈന്‍ പതിപ്പില്‍ ലോകക്രിക്കറ്ററെ പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.