അപ്രതീക്ഷിതം, പ്രതീക്ഷാനിര്‍ഭരം
അപ്രതീക്ഷിതം, പ്രതീക്ഷാനിര്‍ഭരം
Saturday, March 28, 2015 11:38 PM IST
തികച്ചും അപ്രതീക്ഷിതം. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വാക്കില്ല. 83ല്‍ കപിലിന്റെ ചെകുത്താന്മാരാണ് നമുക്കും ജയിക്കാനറിയാമെന്ന് ആദ്യം തെളിയിച്ചത്. അതിനുശേഷം ഓരോ ലോകകപ്പിലും അമിതപ്രതീക്ഷകളുടെ തീച്ചൂളയിലായിരുന്നു താരങ്ങള്‍. ഇത്തവണ പാക്കിസ്ഥാനെതിരേ ആദ്യമത്സരത്തിനിറങ്ങുമ്പോഴും അമിത ആഗ്രഹങ്ങളൊന്നും ആരാധകര്‍ക്കില്ലായിരുന്നു. ക്വാര്‍ട്ടര്‍ ഉറപ്പ്, ഏറിപ്പോയാല്‍ സെമി വരെ. ഉറച്ച ആരാധകര്‍ മുതല്‍ വിശകലന വിദഗ്ധരുടെ വരെ വിലയിരുത്തലുകള്‍ ഇതിനപ്പുറം കടന്നില്ല. കപ്പുയര്‍ത്തിയില്ലെങ്കിലും ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നുവെന്നതില്‍ തര്‍ക്കമില്ല.

തുടര്‍ച്ചയായി ജയിച്ചുവെന്നതിനേക്കാള്‍ കളിക്കാരുടെ മനോഭാവത്തില്‍ വന്ന മാറ്റമാണ് ലോകകപ്പ് ടീം ഇന്ത്യക്കു സമ്മാനിച്ച നേട്ടം. തോല്‍വികളില്‍ നിന്നും പാഠം പഠിക്കാന്‍ ഈ യുവനിര തയാറാകുന്നു.

ഓസ്ട്രേലിയയോട് കീഴടങ്ങി പുറത്തായെങ്കിലും ഒരുകാര്യം ഉറപ്പിച്ചുപറയാം. ഇന്ത്യയുടെ മികച്ച ലോകകപ്പായിരുന്നു കഴിഞ്ഞതെന്ന്. 2011ല്‍ കപ്പുയര്‍ത്തിയെങ്കിലും അന്ന് ആതിഥേയരെന്ന ആനുകൂല്യമുണ്ടായിരുന്നു. അത്രയൊന്നും ആധികാരികമൊന്നുമായിരുന്നില്ല നാലുവര്‍ഷം മുമ്പത്തെ പ്രകടനവും.

തുടര്‍ച്ചയായി ഏഴുജയങ്ങള്‍. അതും, ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും പ്രതികൂല സാഹചര്യങ്ങളില്‍. നമ്മുടെ ക്രിക്കറ്റര്‍മാരുടെ പ്രകടനത്തെ ഒരിക്കലും വിലകുറച്ചു കാണാനാകില്ല. ജനുവരിയില്‍ സിബി സീരിസ് ഫൈനലില്‍പ്പോലും എത്താനാകാതെ ഏന്തിവലിഞ്ഞ ടീമില്‍ നിന്നാണ് ഈ പ്രകടനമെന്നത് ശ്രദ്ധേയമാണ്.

സ്വന്തം കഴിവിലുള്ള വിശ്വാസം വീണ്െടടുത്ത ഒരു സംഘത്തെയാണ് ലോകകപ്പില്‍ കാണാനായത്. എത്ര വലിയ സമ്മര്‍ദഘട്ടങ്ങളിലും തളരാതെ പട തെളിക്കാന്‍ എം.എസ് ധോണിയെന്ന നായകനായി. സഹതാരങ്ങളെ ഇത്രയധികം ഉത്തേജിപ്പിക്കുന്ന മറ്റൊരു ക്യാപ്റ്റന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ഓര്‍ക്കുക, ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ മോഹിത് ശര്‍മയെ ടീമില്‍ വേണമെന്ന് ധോണി വാശിപിടിച്ചു. എന്നാല്‍ ഇശാന്ത് ശര്‍മയ്ക്കാണ് നറുക്കുവീണത്. പിന്നീട് ഇശാന്ത് പരിക്കേറ്റപ്പോള്‍ മോഹിത് ടീമിലെത്തി. 13 വിക്കറ്റുകള്‍ വീഴ്ത്തി ഈ ഹരിയാനക്കാരന്‍ ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും ചെയ്തു. അതുപോലെ തന്നെ ശിഖര്‍ ധവാന്റെ കാര്യം. വിദേശ പിച്ചുകളില്‍ പൂച്ചയെ കണ്ട എലിയെപ്പോലെയായിരുന്നു ധവാന്‍. ഗംഭീറിനെയോ സെവാഗിനെയും വിളിക്കണമെന്നും ധവാനെ ഒഴിവാക്കണമെന്നും പലരും അലമുറയിട്ടു. എന്നാല്‍ തന്റെ സഹകളിക്കാരന്റെ കഴിവില്‍ ഉത്തമവിശ്വാസമുണ്ടായിരുന്ന ധോണിക്ക്. ഇന്ത്യയുടെ ടോപ്സ്കോററായി ധവാന്‍ ആ വിശ്വാസം കാക്കുകയും ചെയ്തു.

രവി ശാസ്ത്രിയുടെ സാന്നിധ്യം ഇന്ത്യന്‍ ഡ്രസിംഗ് റൂമിനു നല്കിയ ഊര്‍ജം വളരെ വലുതായിരുന്നു. തോല്‍വികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ തന്റെ അനുഭവങ്ങള്‍ അദ്ദേഹം കളിക്കാര്‍ക്ക് പകര്‍ന്നുനല്കി. ഓരോ കളിക്കാരോടും പ്രത്യേകമായി സംസാരിച്ച് അവരെ പ്രചോദിപ്പിക്കാന്‍ ടീം ഡയറക്ടര്‍ക്കായി. എല്ലാത്തിനുമപ്പുറം 15 അംഗ ടീമില്‍ അടുത്ത ലോകകപ്പ് കളിക്കാന്‍ പ്രായം അനുവദിക്കാത്ത താരം ധോണി മാത്രമാകും. ഈ ടീമില്‍ നിന്നും ഇനിയുമേറെ പ്രതീക്ഷിക്കാമെന്നര്‍ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.