കിരീടം ഹ്യൂസിനു സമര്‍പ്പിച്ച് ക്ളാര്‍ക്ക്
കിരീടം ഹ്യൂസിനു സമര്‍പ്പിച്ച് ക്ളാര്‍ക്ക്
Monday, March 30, 2015 12:01 AM IST
മെല്‍ബണ്‍: ഇതില്‍ക്കൂടുതല്‍ മഹത്തായ ഒരു വിടവാങ്ങല്‍ ഒരു നായകനും ലഭിക്കില്ല. അതെ, മൈക്കിള്‍ ക്ളാര്‍ക്ക് ഓസ്ട്രേലിയയുടെ ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിക്കുമ്പോള്‍ അദ്ദേഹം മടങ്ങുന്നത് വീരോചിതമായി. ക്രിക്കറ്റിലെ ഏറ്റവും ഉന്നതമായ നേട്ടം, ലേകകപ്പ് കിരീടം നേടിക്കൊണ്ടാണ് മൈക്കിള്‍ ക്ളാര്‍ക്ക് തന്റെ വര്‍ണക്കുപ്പായം അഴിച്ചുവയ്ക്കുന്നത്. അവസാന ഇന്നിംഗ്സില്‍ 74 റണ്‍സ് നേടിയ ടീമിനെ വിജയത്തോട് അടുപ്പിച്ച ശേഷമാണ് ക്ളാര്‍ക്കിന്റെ മടക്കം.

തന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന സ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ക്ളാര്‍ക്കിനു സാധിച്ചു.

മറ്റ് ഏത് ഓസീസ് താരത്തെയും പോലെ ഫോമിന്റെ ഉന്നതിയില്‍നില്‍ക്കുമ്പോഴാണ് ക്ളാര്‍ക്കിന്റെ വിടവാങ്ങലെന്നതും ശ്രദ്ധേയമാണ്. 33കാരനായ ക്ളാര്‍ക്കിനെ ഈസീസണില്‍ പരിക്ക് അലട്ടിയിരുന്നു. ക്ളാര്‍ക്കിന്റെ അവസാന ഇന്നിംഗ്സിന് എംസിജിയിലെ 93,013 കാണികള്‍ ഉജ്വല വിടവാങ്ങലാണു നല്‍കിയത്.


അതിനിടെ, ഓസ്ട്രേലിയയ്ക്കു ലഭിച്ച ഈ കിരീടം അകാലത്തില്‍ വിടപറഞ്ഞ ഓസീസ് ബൌളര്‍ ഫില്‍ ഹ്യൂസിനു സമര്‍പ്പിക്കുന്നതായി മൈക്കിള്‍ ക്ളാര്‍ക്ക് വ്യക്തമാക്കി. ഞങ്ങളുടെ 15 അംഗ ടീമിനൊപ്പം 16-ാമനായി ഹ്യൂസിന്റെ ഓര്‍മകളുമുണ്ടായിരുന്നതായി ക്ളാര്‍ക്ക് പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ താന്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങളില്‍ സന്തോഷമുണ്െടന്നും വിരമിക്കാന്‍ പറ്റിയ സമയമിതാണെന്നും ക്ളാര്‍ക്ക് പറഞ്ഞു. ന്യൂസിലന്‍ഡ് ടീമിനെ പുകഴ്ത്താനും ക്ളാര്‍ക്ക് മറന്നില്ല. മികച്ച കളിയാണ് ടൂര്‍ണമെന്റിലുടനീളം ബ്രണ്ടന്‍ മക്കല്ലവും സംഘവും കാഴ്ചവച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.