ശ്രീനിവാസന്‍ ലോകകപ്പ് നല്‍കിയതു ശരിയായില്ലെന്ന്
Tuesday, March 31, 2015 11:16 PM IST
മെല്‍ബണ്‍: ഐസിസി ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ ഓസ്ട്രേലിയയ്ക്കു ലോകകപ്പ് സമ്മാനിച്ചത് ചട്ടലംഘനമാണെന്ന് ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍. ഐസിസി ചട്ടമനുസരിച്ച് പ്രസിഡന്റായ താനാണു ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി കൈമാറേണ്ടതെന്നും മുസ്തഫ കമാല്‍ ചൂണ്ടിക്കാട്ടി. ഒരു ബംഗ്ളാദേശി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുസ്തഫയുടെ വെളിപ്പെടുത്തല്‍. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ട്രോഫി നല്‍കാനെത്തിയ ശ്രീനിവാസനെ കാണികള്‍ കൂവലോടെയായിരുന്നു സ്വീകരിച്ചത്.

നേരത്തേ ലോകകപ്പ് ക്വാര്‍ട്ടറിലെ ഇന്ത്യ-ബംഗ്ളാദേശ് മത്സരത്തില്‍ ബംഗ്ളാദേശ് തോറ്റത് അമ്പയര്‍മാരുടെ പക്ഷപാതപരമായ തീരുമാനങ്ങളെ തുടര്‍ന്നായിരുന്നെന്ന് മുസ്തഫ കമാല്‍ ആരോപിച്ചിരുന്നു. എന്നാല്‍ മുമ്പുണ്ടായ സംഭവവുമായി ഇക്കാര്യത്തെ കൂട്ടിക്കുഴക്കേണ്െടന്ന് അദ്ദേഹം പറഞ്ഞു. മുസ്തഫ കമാലിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാഡ്സണ്‍ പറഞ്ഞു. 2014ല്‍ വരുത്തിയ ഭേദഗതി പ്രകാരം ഐസിസി ചെയര്‍മാന് ട്രോഫി നല്‍കാമെന്നാണ് ഡേവിന്റെ വാദം. എന്നാല്‍, ഇക്കാര്യത്തില്‍ ഐസിസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കിരീടം നല്‍കുന്നതിനും വളരെ നേരത്തേ തന്നെ മുസ്തഫ കമാല്‍ സ്റേഡിയം വിട്ടതു വിവാദമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.