അന്തര്‍ സര്‍വകലാശാലാ വോളി കിരീടം എംജിക്ക്
Wednesday, April 1, 2015 10:46 PM IST
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്ര സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദക്ഷിണമേഖലാ ജേതാക്കളായ കണ്ണൂര്‍ സര്‍വകലാശാലയെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി എംജി സര്‍വകലാശാല കിരീടം നേടി. സ്കോര്‍ 19-25, 25-20, 25-23, 26-28, 22-20. അത്യന്തം ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചാണ് മൂന്നും നാലും അഞ്ചും സെറ്റുകള്‍ എംജി നേടിയത്. അവസാനം 15-15, 16-16 എന്ന നിലയില്‍ മുന്നേറി എംജി ക്യാപ്റ്റനും അസംപ്ഷന്‍ കോളജ് താരവുമായ ശ്രുതി ജോണിയുടെ അത്യുഗ്രന്‍ സ്മാഷിലൂടെയാണ് എംജി കിരീടം ഉറപ്പിച്ചത്. 2010ല്‍ ഗ്വിളിയറില്‍ നേടിയ കിരീടത്തിനുശേഷം നീണ്ട അഞ്ചു സംവത്സരങ്ങള്‍ വേണ്ടിവന്നു എംജിക്ക് കിരീടം നേടാന്‍. ആതിഥേയരായ കുരുക്ഷേത്ര സര്‍വകലാശാലയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് എംജി ഫൈനലില്‍ കടന്നത്. അതേസമയം, മദ്രാസിലെ എസ്ആര്‍എം സര്‍വകലാശാലയെ പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ ഫൈനലില്‍ കടന്നത്.


ടീം - ശ്രൂതി ജോണി (ക്യാപ്റ്റന്‍), ആതിര ശ്രീധരന്‍, ആര്യ ആര്‍.ജി. (സെറ്റര്‍), നിക്സി ജോസഫ്, അഞ്ജു തോമസ്, ദീപശ്രീ (ലിബ റോ), ഇ.പി. സനീഷ (എല്ലാവരും ചങ്ങനാശേരി അസംപ്ഷന്‍).

ഷിബിന സോബി, ജെലീറ്റ, റിയാ തോമസ് (അല്‍ഫോന്‍സാ പാലാ), അനഘ (സെന്റ് റീത്താസ് എറണാകുളം), റെസ്മിത (സെന്റ് സേവ്യേഴ്സ് ആലുവ). കോച്ച് - വി.അനില്‍കുമാര്‍. മാനേജര്‍ - പ്രഫ.മാത്യു. ടീം ഏപ്രില്‍ മൂന്നിന് കേരള എക്സ്പ്രസില്‍ കോട്ടയത്ത് എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.