ഇന്ന് ആവേശപ്പോരാട്ടങ്ങള്‍
ഇന്ന് ആവേശപ്പോരാട്ടങ്ങള്‍
Saturday, April 18, 2015 11:47 PM IST
വിശാഖപട്ടണം/പൂന: ഐപിഎലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴസ് ഹൈദരാബാദ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നേരിടും. പൂനയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ്റൈഡഴ്സ് കിംഗ്സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടും.

സണ്‍റൈസേഴ്സ് - ഡെയര്‍ ഡെവിള്‍സ്

കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാകും സണ്‍റൈസേഴ്സ് സ്വന്തം കാണികളുടെ മുന്നില്‍ ഇറങ്ങുക. ഡെയര്‍ ഡെവിള്‍സാണെങ്കില്‍ തുടര്‍ച്ചയായ പതിനൊന്ന് മത്സരങ്ങളിലെ തോല്‍വിക്കുശേഷം ജയത്തോടെ തിരിച്ചുവന്നതിന്റെ ആവേശത്തിലും. യുവ്രാജ് സിംഗ് ഫോമിലേക്കു മടങ്ങിയെത്തിയതാണ് ഡല്‍ഹിയുടെ കരുത്ത്. കൂടാതെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കു റണ്‍സ് കണ്െടത്താനുമാകുന്നുണ്ട്. യുവ്രാജിനെ കൂടാതെ ഓപ്പണര്‍ മായങ്ക് അഗര്‍വാളും മികച്ച ഫോമിലാണ്. ബൌളിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുന്നു. ഹൈദരാബാദിന്റെ ശക്തിയും മുന്‍നിരയിലാണ്. ശിഖര്‍ ധവാനും ഡേവിഡ് വാര്‍ണറും ഫോമിലേക്കുയര്‍ന്നാല്‍ ഡല്‍ഹി വിയര്‍ക്കും. ട്രെന്‍ഡ് ബോള്‍ട്ടിന്റെ ഫോമിലാണ് ടീമിന്റെ ബൌളിംഗ് പ്രതീക്ഷകള്‍.




നൈറ്റ്റൈഡേഴ്സ്-കിംഗ്സ്

രണ്ടു മത്സരങ്ങളില്‍ ഒരു ജയവും തോല്‍വിയുമായാണ് നൈറ്റ്റൈഡേഴ്സ് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. കോല്‍ക്കത്തയുടെ നായകന്‍ ഗൌതം ഗംഭീര്‍, മനീഷ് പാണ്ഡെ, റോബിന്‍ ഉത്താപ്പ, സൂര്യ കുമാര്‍ യാദവ്, ആന്ദ്രേ റസല്‍ എന്നിവര്‍ ഫോമിലാണ്. എന്നാല്‍ മോര്‍ണി മോര്‍ക്കല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബൌളിംഗ് നിരയ്ക്കു വേണ്ടത്ര മികവു പുറത്തെടുക്കാനായിട്ടില്ല. മറുവശത്തുള്ള കിംഗ്സ് ഇലവനാണെങ്കില്‍ മുരളി വിജയ്, വിരേന്ദര്‍ സെവാഗ്, വൃദ്ധിമാന്‍ സാഹ, ഗ്ളെന്‍ മാക്സ്വെല്‍, ജോര്‍ജ് ബെയ്ലി എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും വന്‍ സ്കോറുകള്‍ നേടുന്നതില്‍ പരാജയമാകുകയാണ്. മാക്സ്വെല്ലിനാണെങ്കില്‍ ഇതുവരെ ഫോമിലേക്കുയരാനായിട്ടില്ല. മിച്ചല്‍ ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ബൌളിംഗ് നിരയും സ്ഥിരത പുലര്‍ത്തുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.