ഇന്ത്യന്‍ ഹോക്കിയും പച്ചപിടിക്കുന്നു
Saturday, April 18, 2015 11:51 PM IST
കോല്‍ക്കത്ത: അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണ്. പ്രതിഫലം മാസങ്ങളായി മുടങ്ങിയതിനെത്തുടര്‍ന്ന് ടീം അംഗങ്ങള്‍ പരിശീലനത്തിനിറങ്ങിയില്ല. സെഷനുകള്‍ ബഹിഷ്കരിച്ചു. 2010 ഹോക്കി ലോകകപ്പിനു തൊട്ടുമുമ്പുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്റെ അവസ്ഥയായിരുന്നു ഇത്. എന്നാല്‍ കാലം മാറി, കഥ മാറി. ഇപ്പോള്‍ അയല്‍രാജ്യമായ പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കാന്‍ തക്ക നിലയിലേക്ക് ഇന്ത്യന്‍ ഹോക്കി വളര്‍ന്നിരിക്കുന്നു, പാക്കിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ സഹായം നിരസിച്ചെങ്കിലും.

ഐപിഎല്‍ മാതൃകയില്‍ ആരംഭിച്ച ഹോക്കി ഇന്ത്യ ലീഗാണ് ദേശീയ കായികവിനോദത്തിന്റെ തലവര മാറ്റിയത്. ടെലിവിഷന്‍ സംപ്രേക്ഷണ അവകാശങ്ങളുടെ വില്പനയും സ്പോണ്‍സര്‍ഷിപ്പും പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഹോക്കിക്കു തുണയായി. 2013-14ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 7.85 കോടി രൂപ ലാഭത്തിലാണ് ഹോക്കി ഇന്ത്യ. 2012ല്‍ രണ്ടു കോടി രൂപ നഷ്ടത്തിലായിരുന്നു ഫെഡറേഷന്‍ എന്ന കണക്ക് ലഭിക്കുമ്പോഴാണ് ലീഗിനു ലഭിച്ച സ്വീകാര്യത വ്യക്തമാവുക. ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ പ്രതിഫലം ലഭിക്കുന്നില്ല. എന്നിരുന്നാലും ഹോക്കി ലീഗില്‍നിന്നു ലഭിക്കുന്ന പ്രതിഫലവും സര്‍ക്കാര്‍ ജോലിയും ഇനിയൊരു ബഹിഷ്കരണത്തിനുള്ള സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.