ഇനി ഐസിസി-ബിസിസിഐ പോര്
ഇനി ഐസിസി-ബിസിസിഐ പോര്
Wednesday, April 29, 2015 11:59 PM IST
ബിസിസിഐയില്‍ തന്റെ പിടി അയയുന്നുവെന്ന തോന്നലില്‍ എന്‍. ശ്രീനിവാസന്‍ പുതിയ തന്ത്രവുമായി രംഗത്ത്. അതാകട്ടെ, ബിസിസിഐ-ഐസിസി പോരിലേക്ക് വഴിതെളിക്കുകയാണ്. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിന് വാതുവയ്പുകാരനെന്നു സംശയിക്കപ്പെടുന്ന കരണ്‍ ഗില്‍ഹോത്രയെന്നയാളുമായി ബന്ധമുണ്െടന്നും അതുകൊണ്ട് ഇത്തരക്കാരില്‍നിന്ന് അകലം പാലിക്കണമെന്നുമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍(ഐസിസി) ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്റെ കത്താണ് വിവാദത്തിനു തിരികൊളുത്തിയത്. ബിസിസിഐ തെരഞ്ഞെടുപ്പില്‍ ശ്രീനിയുടെ വിശ്വസ്തനായ സഞ്ജയ് പട്ടേലിനെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ യുവ എംപികൂടിയായ അനുരാഗ് ഠാക്കൂര്‍ സെക്രട്ടറിയായത്. ശ്രീനിവാസനെ സംബന്ധിച്ച് ഇതു വലിയ തിരിച്ചടിയായിരുന്നു.

ഇക്കാരണത്താലാണ് തനിക്കെതിരേ ശ്രീനിവാസന്‍ വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് അനുരാഗിന്റെ പക്ഷം. ബിസിസിഐക്ക് അയച്ച ശ്രീനിയുടെ കത്ത് ചോര്‍ത്തിയത് അദ്ദേഹം തന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്ന അനുരാഗ് താന്‍ ശ്രീനിക്കയച്ച കത്ത് അദ്ദേഹം തന്നെ പുറത്താക്കുകയായിരുന്നു. ശ്രീനിയുടെ ആരോപണങ്ങള്‍ക്ക് അതേനാണയത്തിലാണ് അനുരാഗും മറുപടി കൊടുത്തത്. ഇതോടെ വിവാദം കത്തിപ്പടര്‍ന്നു.

ആരൊക്കെയാണ് വാതുവയ്പുകാര്‍, അവരില്‍ ആരോടൊക്കെ സംസാരിക്കണം സംസാരിക്കേണ്ട എന്നുള്ള വിവരം ശ്രീനി പറയണമെന്ന് അനുരാഗ് പരിഹാസ രൂപേണ കത്തില്‍ പറഞ്ഞിരിക്കുന്നു. രണ്ടു കത്തും പുറത്തായതോടെ ബിസിസിഐ- ഐസിസി പോര് നാട്ടുകാരറിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉടലെടുത്ത മറ്റൊരു വിവാദമായി ഇതു പരിണമിച്ചു.


ആരാണ് ഈ കരണ്‍ ഗില്‍ഹോത്ര?

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷിക്കുന്ന കരണ്‍ ഗില്‍ഹോത്ര ആരാണ്? അദ്ദേഹം വാതുവയ്പുകാരനാണോ? വാതുവയ്പുകാരുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും രാജ്യത്തെ വന്‍കിട ബിസിനസ്, രാഷ്്ട്രീയ, സിനിമ, ഉദ്യോഗസ്ഥ, ക്രിക്കറ്റ് താരങ്ങളുമൊക്കെയായി ബന്ധമുള്ളയാളാണ് കരണ്‍ ഗില്‍ഹോത്രയെന്ന് വ്യക്തം. പോലീസ് തന്നെ ഇതു വെളിപ്പെടുത്തിയിട്ടുണ്ട്.

അനുരാഗ് ഠാക്കൂറിനൊപ്പം മാത്രമല്ല, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവ് രാജ് സിംഗ്, മഹേന്ദ്രസിംഗ് ധോണി എന്നിവര്‍ക്കൊപ്പം ഗില്‍ഹോത്ര നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് ഇവര്‍ക്കൊക്കെ വാതുവയ്പുകാരുമായി ബന്ധമുണ്ടാകുമോ എന്നാണ് അനുരാഗ് ക്യാമ്പ് ചോദിക്കുന്നത്. എന്നാല്‍, 2014ല്‍ ഐസിസിയുടെ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് അയച്ച കത്തില്‍ ഗില്‍ഹോത്ര, വാതുവയ്പുകാരനായി സംശയിക്കപ്പെടുന്നയാളാണെന്നും അദ്ദേഹവുമായി അകലം പാലിക്കണമെന്നും നിര്‍ദേശിച്ചിരുന്നുവത്രേ. ഇത്രയധികം വന്‍കിടക്കാരുമായി അത്രരസകരമല്ലാത്ത ബന്ധമുള്ളയാളായതിനാല്‍ അദ്ദേഹത്തെ സ്വാഭാവികമായും സംശയിക്കാമെന്നായിരുന്നു ഐസിസിയുടെ നിലപാട്.

2014ല്‍ മൊഹാലിയില്‍ നടന്ന ഐപിഎല്‍ മത്സരത്തിനുശേഷം നടന്ന പാര്‍ട്ടിയിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ചണ്ഡിഗഡുകാരനായ ഇദ്ദേഹം മൊഹാലിയില്‍ കളികാണാന്‍ വന്നത് സ്വാഭാവികമെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്. ഇത്രയധികം താരങ്ങളുമായി ബന്ധമുള്ള ഗില്‍ഹോത്ര പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതില്‍ അദ്ഭുതമില്ലെന്നും ഗില്‍ഹോത്രയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

38കാരനായ ഗില്‍ഹോത്ര പഞ്ചാബിലെ ചണ്ഡിഗഡിനടുത്തുള്ള ഖനിയാനി ഗ്രാമത്തില്‍നിന്നുള്ളയാളാണ്. അതിലും രസകരമായ സംഭവമുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടയാളാണത്രേ ഗില്‍ഹോത്ര. 1998 ജൂണില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള 200 പേരും ഗില്‍ഹോത്രയ്ക്കാണ് വോട്ട് ചെയ്തത്. അങ്ങനെ 21 വയസും നാലുമാസവും പ്രായമുള്ള ഗില്‍ഹോത്ര ഗ്രാമത്തലവനായി. ഇതേഗ്രാമത്തില്‍ ഓട്ടോമൊബൈല്‍ ഷോപ്പും തുണിക്കടയുടെ ശൃംഖലയും തുടങ്ങിയാണ് ഗില്‍ഹോത്ര തന്റെ വ്യാപാരരംഗം വിപുലപ്പെടുത്തുന്നത്.

പിന്നീട് ചണ്ഡിഗഡിലെ രാത്രികാല പാര്‍ട്ടികളില്‍ ഗില്‍ഹോത്ര സജീവ സാന്നിധ്യമാകുന്നു. അങ്ങനെ പല വന്‍കിടക്കാരുമായി ഗില്‍ഹോത്ര ചങ്ങാത്തം സ്ഥാപിച്ചു. ഗില്‍ഹോത്രയും പിറന്നാളുകളിലും വിവാഹത്തിലും നിരവധി ബോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളുമൊക്കെ പങ്കെടുത്തു. അജ്മീറിലായിരുന്നു ഇദ്ദേഹം പഠിച്ചത്. 1976ല്‍ ജനിച്ച ഗില്‍ഹോത്ര കൊമേഴ്സ് ബിരുദധാരിയാണ്. എട്ടുവര്‍ഷംമുമ്പാണ് ഗില്‍ ഹോത്ര തന്റെ ബിസിനസ് രംഗം ചണ്ഡിഗഡിലേക്കു വ്യാപിപ്പിച്ചത്.

ശ്രീനിയുടെ കളി

ക്രിക്കറ്റ് കളിക്കുപുറത്തെ കളികളില്‍ വിരുതനായ മുന്‍ ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ പുതിയ നീക്കങ്ങള്‍ അദ്ദേഹത്തിനു തിരിച്ചടിയാകുന്നു എന്നുവേണം വിലയിരുത്താന്‍. ശരദ് പവാര്‍, അരുണ്‍ ജയ്റ്റ്ലി, ജഗ്്മോഹന്‍ ഡാല്‍മിയ എന്നീ അതികായരെ വരുതിയില്‍ നിര്‍ത്താന്‍ ഒരു കാലത്തു സാധിച്ച ശ്രീനിക്ക് ഇപ്പോള്‍ ബിസിസിഐയില്‍നിന്ന് പിടിയയഞ്ഞിരിക്കുകയാണ്. ബിസിസിഐയിലെ ഭൂരിഭാഗം അംഗങ്ങളും ശ്രീനിയെ അനുകൂലിക്കുന്നുവെങ്കിലും അനുരാഗിന്റെ കടന്നുവരവ് ചില്ലറയൊന്നുമല്ല ശ്രീനിയെ മുറിപ്പെടുത്തിയത്. എന്നാല്‍, അനുരാഗിനെതിരായ നീക്കത്തില്‍ ശ്രീനിയുടെ ഉന്നം പിഴച്ചു.


കടുത്ത ഭാഷയിലുള്ള അനുരാഗിന്റെ കത്തിലെ പരാമര്‍ശങ്ങള്‍ ശ്രീനിയെ ചൊടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, അനുരാഗിനെതിരേ പരസ്യയുദ്ധത്തിന് ശ്രീനി ഇപ്പോള്‍ തയാറല്ല എന്നാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വെളിപ്പെടുത്തുന്നത്. അനുരാഗിന്റെ കത്തിന് മറുപടി കൊടുക്കണോ വേണ്ടയോ എന്ന് താന്‍ ആലോചിച്ചോളാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശ്രീനിയെ എതിര്‍ക്കുന്നവരുടെ പുനരാവിര്‍ഭാവത്തിന് ഈ നീക്കങ്ങള്‍ വഴിതെളിക്കും. ശരദ് പവാറും ശശാങ്കി മനോഹറുമൊക്കെ ഒരിക്കല്‍ക്കൂടി കരുത്താര്‍ജിച്ചിക്കും. കളം നോക്കി കളിക്കാനറിയാവുന്ന ജഗ്്മോഹന്‍ ഡാല്‍മിയയുടെ റോളും ഇതില്‍ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഇതുവരെ മൌനം പാലിക്കുന്ന ജഗ്്മോഹന്‍ സ്ഥിതിഗതികള്‍ എത്രത്തോളം മുന്നോട്ടുപോകുമെന്നു നോക്കിക്കാണുകയാണ്. തനിക്കെതിരേ ബിസിസിഐയില്‍ എന്തെങ്കിലും നീക്കം നടക്കുന്നുണ്േടാ എന്നറിയാന്‍ 14 കോടി രൂപ മുടക്കി ചാരന്മാരെ നിയോഗിച്ചത് ശ്രീനിക്കു വലിയ നാണക്കേടുണ്ടാക്കി. ബിസിസിഐയുടെ തുകയാണ് ഇതിനായി ചെലവഴിച്ചതെന്നും തെളിഞ്ഞു.

ഭിന്നതാത്പര്യപ്രശ്നം പരിഹരിച്ചുകൊണ്ട് ബിസിസിഐ സ്ഥാനത്തേക്കു മടങ്ങിയെത്താന്‍ ശ്രീനിവാസന്‍ കളിച്ച കളി വെളിച്ചത്തായതും നാണ്ക്കേടായി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥാവകാശം കേവലം അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു ട്രസ്റിനു കൈമാറ്റം ചെയ്തുകൊണ്ടാണ് ശ്രീനി വീണ്ടും തിരികെയെത്താന്‍ ശ്രമിച്ചത്. 1000 കോടിയെങ്കിലും മതിപ്പുവിലയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനുള്ളത്. കൈമാറ്റത്തെത്തുടര്‍ന്ന് ബിസിസിഐക്ക് ഫീസ് ഇനത്തില്‍ നല്‍കിയത് കേവലം 25000 രൂപയാണ്.

ശ്രീനിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്സിലെ പല ഉദ്യോഗസ്ഥരും ബിസിസിഐയുടെ പ്രധാന പോസ്റ്റുകളിലുണ്ട്. എന്തിന് ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുകളില്‍ പലരും ഇന്ത്യ സിമന്റ്സുകാരാണ്.

ഇത്തരത്തിലുള്ള ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ശ്രീനിക്കെതിരായ നിയമനടപടികളേക്കുറിച്ചു പഠിക്കാന്‍ ബിസിസിഐയുടെ നിയമകാര്യസെല്‍ യോഗം ചേരും. തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ശരദ് പവാറാണെന്നും ശ്രീനി സംശയിക്കുന്നു. വിവാദങ്ങള്‍ ഇത്രയൊക്കെ ചൂടുപിടിച്ച പശ്ചാത്തലത്തിലാണ് കോല്‍ക്കത്തയില്‍ ഞായറാഴ്ച നടന്ന


ബിസിസിഐ യോഗത്തില്‍ ഐസിസിയുടെ കത്ത് വിതരണം ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യന്‍ ക്രിക്കറ്റിനെ അമ്മാനമാടുന്ന ശ്രീനിയുടെ ഇരുമ്പുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടത് ശ്രീനിയെ വല്ലാതെ വിഷമിപ്പിക്കുന്നു എന്നുവേണം കരുതാന്‍. ബിസിസിഐയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ശ്രീനിവാസനെ സുപ്രീംകോടതി വിലക്കിയിട്ടുമുണ്ട്. വരും ദിവസങ്ങളില്‍ ഈ വിഷയം രാഷ്്ട്രീയ തലത്തിലും ചര്‍ച്ചയാകും. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു. ഐസിസിയുടെ തലപ്പത്തുള്ള ശ്രീനിവാസന്‍ ബിസിസിഐക്കെതിരേ നടത്തുന്ന ഗൂഢാലോചന എന്ന നിലയില്‍ വിഷയത്തെ സമീപിക്കാനാണ് ശരദ് പവാര്‍- അനുരാഗ് ഠാക്കൂര്‍ സഖ്യത്തിന്റെ നീക്കം.

ശ്രീനിക്കു തിരിച്ചടി: സഞ്ജയ് പട്ടേലിനു സസ്പെന്‍ഷന്‍

വഡോദര: ശ്രീനിവാസന്‍ ക്യാമ്പിലെ അതികായനായിരുന്ന സഞ്ജയ് പട്ടേലിനെ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തു. അദ്ദേഹത്തിനെതിരേ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് സഞ്ജയ് പട്ടേലിനെ നീക്കിയത്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസ് മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയേക്കാള്‍ ഭീമമായ തുക സഞ്ജയ് ചെലവാക്കി എന്നു കണ്െടത്തിയതിനേത്തുടര്‍ന്നാണ് നടപടിയെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അന്‍ഷുമാന്‍ ഗെയ്ക് വാദ് പറഞ്ഞു.

25 ലക്ഷം അനുവദിച്ചിരുന്ന പദ്ധതിക്ക് സഞ്ജയ് ചെലവഴിച്ചത് 85 ലക്ഷം രൂപയാണ്. എന്നാല്‍, തീരുമാനത്തിനെതിരേ താന്‍ കോടതിയെ സമീപിക്കുമെന്ന് സഞ്ജയ് പട്ടേല്‍ വ്യക്തമാക്കി. 89 ലക്ഷം ചെലവഴിക്കുന്ന കാര്യം പ്രസിഡന്റ് ചിരായു അമീനും സംഘത്തിനും അറിയാവുന്നതായിരുന്നതാണെന്നും ഗെയ്ക്വാദ് തന്നോടു പക തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, യോഗത്തില്‍ പങ്കെടുത്ത 22 അംഗങ്ങളില്‍ 16 പേരും സഞ്ജയ്ക്കെതിരേ നടപടി വേണമെന്ന്് ആവശ്യപ്പെട്ടതായി ഗെയ്ക്വാദ് അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.