സുശീല്‍ കുമാറിനും മേരി കോമിനും 75 ലക്ഷം
സുശീല്‍ കുമാറിനും മേരി കോമിനും 75 ലക്ഷം
Wednesday, April 29, 2015 12:05 AM IST
ന്യൂഡല്‍ഹി: 2016 ലെ റിയോ ഒളിമ്പിക്സ് തയാറെടുപ്പിന് ടാര്‍ജറ്റ്് ഒളിമ്പിക് പോഡിയം സ്കീമില്‍നിന്ന് സുശീല്‍ കുമാറിനും മേരി കോമിനും 75 ലക്ഷം വീതം പരിശീലനത്തിനായി ലഭിക്കും. ഇവര്‍ക്കൊപ്പം ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്തിനും അമിത് കുമാറിനും ബോക്സിംഗ് താരങ്ങളായ വിജേന്ദര്‍ സിംഗ്, സരിതാ ദേവി, ദേവേന്ദ്രസിംഗ് എന്നിവര്‍ക്കും ഡിസ്കസ് ത്രോ വനിതാ താരം സീമാ അന്റിലിനും 75 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. സ്കീമില്‍ ആകെ ഉള്‍പ്പെട്ടിട്ടുള്ള 45 കായിക താരങ്ങളില്‍ 17 പേരും ഷൂട്ടിംഗ് താരങ്ങളാണ്.

എച്ച്.എസ്. പ്രണോയിയും കെ.ടി. ഇര്‍ഫാനും മാത്രമാണ് സ്കീമില്‍ ഇടംപിടിച്ച മലയാളി താരങ്ങള്‍. ഒളിമ്പിക്സിന് ഇതിനോടകം യോഗ്യത നേടിയ കെ.ടി. ഇര്‍ഫാനു 45 ലക്ഷം രൂപയാണ് ഉന്നത പരിശീലനത്തിനു ലഭിക്കുന്നത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ടിന്റു ലൂക്കയും ഒ.പി. ജെയ്ഷയും സ്കീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ടിന്റു വും അനില്‍ഡ തോമസും വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഇടംനേടുമെന്നാണ് കരുതപ്പെടുന്നത്. മികച്ച പ്രകടനം നടത്തിയാല്‍ 800 മീറ്ററിലും ടിന്റുവിന് ഒളിമ്പിക് യോഗ്യത നേടാനാകും. അങ്ങനെയെങ്കില്‍ ഈ സ്കീമിന്റെ ഗുണഭോക്താവാകാന്‍ പി.ടി. ഉഷയുടെ ശിഷ്യക്കാകും.

30.75 കോടി രൂപയാണ് ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം സ്കീമിലേക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 96.80 ലക്ഷം രൂപ ഉടന്‍ നല്‍കും. സൈന നെഹ്വാള്‍, പി.വി. സിന്ധു, പി. കശ്യപ്, കെ. ശ്രീകാന്ത്, ഗുരു സായ്ദത്ത്, പ്രണോയ് എന്നീ ബാഡ്മിന്റണ്‍ താരങ്ങള്‍ സ്കീമില്‍ ഇടംപിടിച്ചു.


ബെയ്ജിംഗ് ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കും വികാസ് ഗൌഡ, ഗഗന്‍ നരംഗ്, സഞ്ജീവ് രജ്പത്, മാനവ്ജിത് സിംഗ് സന്ധു എന്നിവര്‍ക്കായി ഒരുകോടി 12.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ബജ്രംഗ്, രാഹുല്‍ അവാരെ, വിനേഷ് ഭോഗാത്, ബബിത കുമാരി, വര്‍ഷ ഗൌതം, എന്‍. ഐശ്വര്യ എന്നീ താരങ്ങള്‍ക്ക് 45 ലക്ഷം വീതമാണ് വകയിരുത്തിയിട്ടുള്ളത്.

പിങ്കി ജാംഗ്ര, ശിപ് ഥാപ്പ, മന്‍ദീപ് ജാംഗ്ര, വികാസ് കൃഷ്ണന്‍ എന്നിവര്‍ക്കും ട്രിപ്പിള്‍ ജംപര്‍ അര്‍പീന്ദര്‍ സിംഗ്, ഖുശ്ബീര്‍ കൌറിനും 45 ലക്ഷം വീതം ലഭിക്കും.

ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും തങ്ങളെ സ്കീമില്‍ ഉള്‍പ്പെടുത്തണമെന്ന് കായിക മന്ത്രാലയത്തോട് അപേക്ഷിച്ചിരുന്നു. ഇവരെ പിന്നീട് സ്കീമില്‍ ഉള്‍പ്പെടുത്തുമെന്നു കായിക മന്ത്രാലയം പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു. കായികതാരങ്ങളുടെ കഴിവും പ്രകടനവും നിരീക്ഷണവിധേയമാക്കിയാണ് താരങ്ങളെ ഉള്‍പ്പെടുത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനവും മികച്ച പരിശീലകരേയും പരിശീലനകേന്ദ്രങ്ങളും മെച്ചപ്പെട്ട സൌകര്യങ്ങളും ഒരുക്കുമെന്നും കായിക മന്ത്രി സര്‍ബാനന്ദ സൊണോവല്‍ ലോക്സഭയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ താരങ്ങള്‍ ഈ സ്കീമില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.